ഇന്ത്യയുമായി തെറ്റിയ ബംഗ്ലദേശിന് പണി വരുന്നുണ്ട്! താരങ്ങളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: January 09, 2026 06:18 PM IST

1 minute Read

 SajjadHussain/AFP
ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിൽനിന്ന്. Photo: SajjadHussain/AFP

ധാക്ക∙ ബിസിസിഐയുമായി തെറ്റിയതിനു പിന്നാലെ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിലെ താരങ്ങൾക്കു സ്പോൺസർമാരെ നഷ്ടപ്പെടാൻ സാധ്യത. ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാൻ ടീമിനെ അയക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചതോടെ ബംഗ്ലദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പുകൾ പിൻവലിക്കാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായാണു വിവരം. കായിക മേഖലയിലെ പ്രധാന കമ്പനികളിലൊന്നായ ‘എസ്ജി’ ബംഗ്ലദേശി ബാറ്റർമാരുമായുള്ള കരാറുകൾ റദ്ദാക്കാനൊരുങ്ങുകയാണ്. ബംഗ്ലദേശ് താരങ്ങളായ ലിറ്റൻ ദാസ്, യാസിർ റബ്ബി, മൊമിനുൽ ഹഖ് എന്നിവരുമായി എസ്ജിക്കു കരാറുണ്ട്.

ഇന്ത്യൻ കമ്പനി കരാർ റദ്ദാക്കാൻ തീരുമാനിച്ചതായി ബാറ്റർമാരുടെ ഏജന്റുകളെയാണ് അറിയിച്ചിട്ടുള്ളത്. എസ്ജിയുടെ ചുവടു പിടിച്ച് മറ്റു കമ്പനികളും സ്പോൺസർഷിപ്പുകൾ പിൻവലിച്ചാൽ സാമ്പത്തികമായി വലിയ തിരിച്ചടിയായിരിക്കും താരങ്ങൾക്കും ബംഗ്ലദേശ് ബോർഡിനും നേരിടേണ്ടിവരിക. ഇത്തരം ഒരു നീക്കമുണ്ടാകുമെന്ന് ബംഗ്ലദേശ് താരങ്ങൾക്കിടയിൽ സംസാരമുണ്ടായതായി ഒരു ബംഗ്ലദേശി മാധ്യമം റിപ്പോർട്ട് ചെയ്തു.

ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് കടുംപിടിത്തം തുടരുകയാണ്. ബംഗ്ലദേശ് ടീമംഗങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന വാദമുയർത്തിയാണ് വേദിമാറ്റ ആവശ്യം വീണ്ടും ഉന്നയിച്ചത്. കായിക മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിബിയുടെ നീക്കം. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ കൊളംബോയിലേക്കു മാറ്റണമെന്ന് 4നു ബംഗ്ലദേശ് ബോർഡ് രേഖാമൂലം ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബിസിബി ആദ്യം നൽകിയ കത്തിലെ ആവശ്യങ്ങൾ ഐസിസി നിരസിച്ചതായി റിപ്പോർട്ടു വന്നെങ്കിലും ബോർഡ് ഇക്കാര്യം നിഷേധിച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽനിന്ന് (ഐസിസി) അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ടീമിന്റെ സുരക്ഷ സംബന്ധിച്ചുള്ള ബംഗ്ലദേശിന്റെ ആശങ്കകൾ പരിഹരിക്കാൻ ഐസിസി സന്നദ്ധത അറിയിച്ചെന്നും ബിസിബി വ്യക്തമാക്കി. കായിക മന്ത്രാലയ ഉപദേഷ്ടാവ് ആസിഫ് നസ്രുളിന്റെ സമ്മർദത്തെ തുടർന്നാണ് നിലവിൽ ബിസിബിയുടെ കടുംപിടിത്തത്തിനു കാരണമെന്നാണ് വിവരം. പലപ്പോഴും ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നയാളാണ് ആസിഫ് നസ്രുൾ. സർക്കാരിനെ മറികടന്ന് ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാണ് ബിസിബി കർശന നിലപാട് തുടരുന്നത്.

എന്നാൽ വിഷയത്തിൽ ബിസിബി തന്നെ രണ്ടു തട്ടിലാണെന്നാണ് പുറത്തുവരുന്ന വിവരം. ബോർഡിലെ ഒരു വിഭാഗം ആസിഫ് നസ്രുളിന്റെ കർശന നിലപാടിനെ പിന്തുണയ്ക്കുമ്പോൾ മറ്റൊരു വിഭാഗം ഐസിസിയുമായും ഇന്ത്യൻ അധികാരികളുമായും ചർച്ചയ്ക്കുള്ള വഴികൾ തുറന്നിടണമെന്ന അഭിപ്രായക്കാരാണ്. ഇന്ത്യയിൽ തന്നെ കളിച്ചാലും ബംഗ്ലദേശ് ടീമിന് കൂടുതൽ സുരക്ഷ ആവശ്യപ്പെടണമെന്നാണ് ഇവർ പറയുന്നത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ബിസിസിഐ ഐപിഎലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ‍് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്.

English Summary:

Bangladesh cricket sponsorship is astatine hazard owed to the BCB's quality with the BCCI implicit the T20 World Cup venue. Indian companies are considering withdrawing sponsorships from Bangladeshi players, perchance impacting the fiscal stableness of the players and the board.

Read Entire Article