ഇന്ത്യയുമായുള്ള സംഘർഷം തിരിച്ചടിച്ചു; വിദേശ താരങ്ങൾ മാത്രമല്ല, ശേഷിക്കുന്ന പിഎസ്എൽ മത്സരങ്ങളിൽ ഡിആർഎസും തിരിച്ചെത്തില്ല!

8 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 23 , 2025 09:25 AM IST

1 minute Read

പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിൽ നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം)
പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിൽ നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം)

ലഹോർ∙ ഇന്ത്യയുമായുള്ള  സംഘർഷം അയഞ്ഞതിനു പിന്നാലെ പുനരാരംഭിച്ച പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ), ശേഷിക്കുന്ന മത്സരങ്ങൾക്ക് ഡിആർഎസ് സംവിധാനം ലഭ്യമായേക്കില്ലെന്ന് റിപ്പോർട്ട്. അംപയറിന്റെ തീരുമാനങ്ങൾ കൂടുതൽ പിഴവറ്റതാക്കാൻ സഹായിക്കുന്ന ഹോക്ക് ഐ, ഡിആർഎസ് തുടങ്ങിയ സംവിധാനങ്ങൾക്കു പിന്നിലെ സാങ്കേതിക പ്രവർത്തകരിൽ ഏറിയ പങ്കും ഇന്ത്യക്കാരായതും, ഇന്ത്യ–പാക്ക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്കു മടങ്ങിയ ഇവർ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ലാത്തതുമാണ് ഇതിനു കാരണം.

ഏപ്രിൽ 22നു പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലും നടത്തിയ തിരിച്ചടിയെ തുടർന്നാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നിർത്തിവച്ചത്. പിന്നീട് വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മേയ് 17ന് മത്സരങ്ങൾ പുനരാരംഭിച്ചത്. ഇതിനിടെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ ‍പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ശ്രമിച്ചെങ്കിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഈ ശ്രമം മുളയിലേ നുള്ളിയത് അവർക്ക് കനത്ത തിരിച്ചടിയായിരുന്നു. 

ഇതിനു പിന്നാലെയാണ് ഇന്ത്യക്കാരായ സാങ്കേതിക വിദഗ്ധരുടെ അഭാവത്തെ തുടർന്ന് ഡിആർഎസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടാതെ മത്സരങ്ങൾ നടത്തേണ്ടി വരുമെന്ന ദുരവസ്ഥ. ഹോക് ഐ, ഡിആർഎസ് തുടങ്ങിയ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന ടീം പാക്കിസ്ഥാനിൽ തിരിച്ചെത്തിയിട്ടില്ലെന്ന് വാർത്താ ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാരായ സാങ്കേതിക വിദഗ്ധർ നാട്ടിലേക്കു മടങ്ങിയത്. പിന്നീട് മത്സരങ്ങൾ പുനരാരംഭിച്ചെങ്കിലും ഇവർ പാക്കിസ്ഥാനിലേക്കു മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. രാജ്യം വിട്ട വിദേശ താരങ്ങളിൽ മിക്കവരും തിരിച്ചെത്താൻ വിസമ്മതിച്ചത് വൻ തിരിച്ചടിയായതിനു പുറമേയാണ് ഇന്ത്യക്കാരായ സാങ്കേതിക വിദഗ്ധരുടെയും അസാന്നിധ്യം പ്രശ്നം സൃഷ്ടിക്കുന്നത്. 

English Summary:

No DRS, hawkeye for remaining PSL matches amid India-Pakistan tensions, says Report

Read Entire Article