
പിസിബി ഡയറക്ടർ അക്വിബ് ജാവേദും പരിശീലകൻ മൈക്ക് ഹെസ്സോയും | AP
കറാച്ചി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള 17-അംഗ സ്‌ക്വാഡിനെ കഴിഞ്ഞദിവസമാണ് പാകിസ്താന്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. മുതിർന്ന താരങ്ങളില്ലെങ്കിലും ടീമിന് ഏഷ്യാകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് പ്രതികരിച്ചിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ അക്വിബ് ജാവേദ്. ടീമിന് ഇന്ത്യയുൾപ്പെടെ ഏത് ടീമിനെയും പരാജയപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പാകിസ്താന്റെ ഈ ടി20 ടീമിന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയും. എല്ലായിപ്പോഴും ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ കടുത്തതാണ്. ഈ 17 അംഗ ടീമിന് ഏത് ടീമിനെയും പരാജയപ്പെടുത്താൻ സാധിക്കും. നമ്മൾ അവരിൽ സമ്മർദം ചെലുത്തരുത്. പക്ഷേ ഈ ടീമിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്.- ജാവേദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുതിർന്ന താരങ്ങളെ ഒഴിവാക്കിയതുസംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി. അവസരങ്ങൾ എപ്പോഴും അവിടെയുണ്ട്. ആരാണോ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് അവർ കളിക്കും, പ്രകടനം നടത്തുന്നവർക്ക് മാത്രമേ കളിക്കാൻ അർഹതയുള്ളൂ. - ജാവേദ് പറഞ്ഞു.
അതേസമയം ബാബർ അസം ടി20യിൽ മെച്ചപ്പെടാനുണ്ടെന്നും അതിന് അദ്ദേഹത്തിന് അവസരങ്ങളുണ്ടെന്നും ജാവേദ് വ്യക്തമാക്കി. സ്പിന്നിനെ നേരിടുന്നതിലും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും ചില മേഖലകളിൽ മെച്ചപ്പെടാൻ ബാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം കഠിനമായി പ്രയത്നിക്കുന്നുമുണ്ട്. ബാബറിനെപ്പോലുള്ള ഒരു കളിക്കാരന് ബിബിഎല്ലിൽ കളിച്ച് ടി20യിൽ മെച്ചപ്പെടുന്നുണ്ടെന്ന് കാണിക്കാൻ അവസരമുണ്ട്. പരിഗണിക്കാതിരിക്കാൻ കഴിയാത്തത്ര മികച്ച കളിക്കാരനാണ് അദ്ദേഹം.- ജാവേദ് കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താന്‍, യുഎഇ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏഷ്യാകപ്പിനുമുള്ള ടീമിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. സല്‍മാന്‍ അഗയാണ് നായകന്‍. പേസര്‍ ഷഹീന്‍ അഫ്രീദി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി തുടങ്ങിയവര്‍ ടീമിലിടം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. അതിന് ശേഷമാണ് പാകിസ്താന്‍ ഏഷ്യാകപ്പില്‍ കളിക്കുക.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.
Content Highlights: pakistan bushed india asia cupful says pcb main selector Aaqib Javed








English (US) ·