കൊൽക്കത്ത ∙ നേട്ടങ്ങളുടെ കൊടുമുടി കയറാൻ മാത്രമല്ല, അവിടെനിന്ന് തോൽവിയുടെ തറനിരപ്പിലേക്കു വീഴാനും തങ്ങൾക്കാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം തെളിയിച്ചു! 124 റൺസിന്റെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യം മുന്നിൽനിൽക്കെ, 93 റൺസിൽ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഞെട്ടിക്കുന്ന തോൽവി. ഒന്നാം ഇന്നിങ്സിൽ 30 റൺസിന്റെ ലീഡോടെ മത്സരത്തിൽ മേൽക്കൈ നേടിയ ഇന്ത്യയുടെ തോൽവിയും അതേ മാർജിനിലാണ്. ഇന്ത്യൻ സ്പിന്നർമാർ ഉഴുതു മറിച്ചിട്ട പിച്ചിൽനിന്ന് ഇന്നലെ 4 വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ സിമോൺ ഹാമറാണ് ആതിഥേയരുടെ പ്രതീക്ഷകൾ കെടുത്തിയത്. 7 വിക്കറ്റുകൾ നേടിയത് ദക്ഷിണാഫ്രിക്കയുടെ സ്പിന്നർമാരാണ്. സ്കോർ: ദക്ഷിണാഫ്രിക്ക 159, 153. ഇന്ത്യ 189, 93.
15 വർഷത്തിനുശേഷം ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്ക, 2 മത്സര പരമ്പരയിൽ നിർണായക ലീഡ് നേടി (1–0). രണ്ടാം ടെസ്റ്റ് 22 മുതൽ ഗുവാഹത്തിയിൽ. ആകെ 8 വിക്കറ്റുകൾ നേടിയ ഹാമറാണ് പ്ലെയർ ഓഫ് ദ് മാച്ച്. കഴുത്തിനു പരുക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങിന് ഇറങ്ങിയില്ല.
ക്യാപ്റ്റന്റെ പോരാട്ടം
7ന് 93 എന്ന സ്കോറിൽ ഇന്നലെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിക്കുമ്പോൾ തോൽവിയുടെ വക്കിലായിരുന്നു ദക്ഷിണാഫ്രിക്ക. 63 റൺസ് മാത്രമായിരുന്നു സന്ദർശകരുടെ ആകെ ലീഡ്. എന്നാൽ ഈ ടെസ്റ്റിലെ ഏക അർധ സെഞ്ചറി നേടി ചെറുത്തുനിന്ന ക്യാപ്റ്റൻ ടെംബ ബവൂമ (136 പന്തിൽ 55 നോട്ടൗട്ട്) ഇന്ത്യയെ വെല്ലുവിളിച്ചു. കോർബിൻ ബോഷിനൊപ്പം (25) എട്ടാം വിക്കറ്റിൽ 44 റൺസും സിമോൺ ഹാമറിനൊപ്പം (18) ഒൻപതാം വിക്കറ്റിൽ 18 റൺസും നേടിയ ബവൂമ ഇന്ത്യൻ ബോളർമാരുടെ ക്ഷമ പരീക്ഷിച്ചു. മത്സരത്തിൽ വഴിത്തിരിവായതും ഈ 2 കൂട്ടുകെട്ടു കളാണ്.
ട്വിസ്റ്റ്, ടേൺ
നാട്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ 200ൽ താഴെ വിജയലക്ഷ്യം 32 തവണ കീഴടക്കിയിട്ടുള്ള ഇന്ത്യ തോൽവി വഴങ്ങിയത് ഒരേയൊരു മത്സരത്തിൽ മാത്രം. 124 റൺസ് പിന്തുടർന്ന് ഇന്നലെ നാലാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങുമ്പോൾ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് കണക്കുകളുടെ പിൻബലമുണ്ടായിരുന്നു. പക്ഷേ കാറ്റത്ത് മാമ്പഴം പൊഴിയുന്നതു പോലെയായിരുന്നു വിക്കറ്റ് വീഴ്‌ച. നാലാം പന്തിൽ യശസ്വി ജയ്സ്വാളിനെ (0) പുറത്താക്കിയ മാർക്കോ യാൻസൻ, തന്റെ അടുത്ത ഓവറിൽ കെ.എൽ.രാഹുലിനെക്കൂടി (1) വീഴ്ത്തി അപായ സൂചന നൽകി. തുടർന്ന് വാഷിങ്ടൻ സുന്ദറും (31) ധ്രുവ് ജുറേലും (13) ചേർന്നുള്ള 32 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ സിമോൺ ഹാമറിന്റെ പന്തിൽ അലക്ഷ്യമായ ഒരു പുൾഷോട്ടിലൂടെ ജുറേൽ വിക്കറ്റ് നഷ്ടപ്പെടുത്തി. സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ഋഷഭ് പന്തും (2) പിന്നാലെ ഹാമറിന്റെ കെണിയിൽ വീണു. 26 റൺസ് നേടിയ വാഷിങ്ടൻ– രവീന്ദ്ര ജഡേജ കൂട്ടുകെട്ട് പൊളിച്ച് ജഡേജയെ പുറത്താക്കിയതും (18) ഹാമറാണ്. ഇന്നിങ്സിന്റെ ആദ്യ ഓവറിൽ ക്രീസിലെത്തി ഒരറ്റത്ത് കരുതലോടെ നിലയുറപ്പിച്ച വാഷിങ്ടനും എയ്ഡൻ മാർക്രത്തിന്റെ പന്തിൽ വീണതോടെ ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ്: 159 ഓൾഔട്ട്
ഇന്ത്യ ഒന്നാം ഇന്നിങ്സ്: 189 ഓൾഔട്ട്
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ്: 153 ഓൾഔട്ട്
ഇന്ത്യ രണ്ടാം ഇന്നിങ്സ്:
ജയ്സ്വാൾ സി വെരയ്ൻ ബി യാൻസൻ 0, രാഹുൽ സി വെരയ്ൻ ബി യാൻസൻ 1, വാഷിങ്ടൻ സി ഹാമർ ബി മാർക്രം 31, ജുറേൽ സി ബോഷ് ബി ഹാമർ 13, പന്ത് സിആൻഡ്ബി ഹാമർ 2, ജഡേജ എൽബിഡബ്ല്യു ഹാമർ 18, അക്ഷർ സി ബവൂമ ബി മഹാരാജ് 26, കുൽദീപ് എൽബിഡബ്ല്യു ബി ഹാമർ 1, സിറാജ് സി മാർക്രം ബി മഹാരാജ് 0, ബുമ്ര നോട്ടൗട്ട് 0, എക്സ്ട്രാസ് 1. ആകെ 35 ഓവറിൽ 93 ഓൾഔട്ട്.
വിക്കറ്റ് വീഴ്ച: 1-0, 2-1, 3-33, 4-38, 5-64, 6-72, 7-77, 8-93, 9-93
ബോളിങ്: യാൻസൻ 7-3-15-2, ഹാമർ 14-4 -21-4, മഹാരാജ് 9 -1-37-2, ബോഷ് 2-0-14-0, മാർക്രം 3-0-5-1.
"പിച്ചിനെ സംബന്ധിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അതു ലഭിക്കുകയും ചെയ്തു. ഈ പിച്ചിൽ സ്കോർ നേടാൻ സാധിക്കില്ലെന്നാണു വാദം. പക്ഷേ ടെംബ ബവൂമയും അക്ഷർ പട്ടേലും വാഷിങ്ടൻ സുന്ദറും റൺസ് നേടിയില്ലേ? അവർ സമ്മർദത്തെ എങ്ങനെ മറികടന്നു എന്നതാണു ചർച്ച ചെയ്യേണ്ടത്."
ഗൗതം ഗംഭീർ, ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്.
ഗിൽ ആശുപത്രി വിട്ടു
കൊൽക്കത്ത ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം കഴുത്തിനു പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്നലെ ആശുപത്രി വിട്ടു. ശനിയാഴ്ച സിമോൺ ഹാമറിന്റെ പന്തിൽ സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയതിനു പിന്നാലെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. 22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുമോയെന്ന് ഉറപ്പില്ല.
English Summary:








English (US) ·