Published: September 26, 2025 11:27 AM IST
1 minute Read
ദുബായ് ∙ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം എപ്പോഴും വൈകാരികമാണ്, പ്രത്യേകിച്ച് ആരാധകർക്ക്. ഒരു കായിക മത്സരത്തിന് ഉള്ളതിനേക്കാൾ ഉപരിയായിട്ടുള്ള രാഷ്ട്രീയ മാനങ്ങൾ തന്നെയാണ് അതിനു കാരണം. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലദേശിനെ വീഴ്ത്തി പാക്കിസ്ഥാനും കലാശപ്പോരിനു യോഗ്യത നേടിയതോടെ ഏഷ്യാകപ്പിൽ ‘സൂപ്പർ’ ഫൈനലിനാണ് കളമൊരുങ്ങുന്നത്. മാത്രമല്ല, രണ്ട് ആഴ്ചത്തെ ഇടവേളയിൽ മൂന്നാമതൊരു ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനു കൂടിയാണ് വേദിയൊരുങ്ങുന്നത്. ഇതോടെ ഇരു പക്ഷത്തെയും ആരാധകരും ആവേശത്തിലാണ്.
ടൂർണമെന്റിൽ ഇതിനു മുൻപ് രണ്ടു തവണ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇതിനു ഫൈനലിൽ മറുപടി നൽകാൻ ഉറപ്പിച്ചാകും പാക്കിസ്ഥാനെത്തുക എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയെ തോൽപ്പിക്കുമെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ പറഞ്ഞു കഴിയുകയും ചെയ്തു. ഇപ്പോഴിതാ, ബംഗ്ലദേശിനെതിരെ മത്സരത്തിനു പിന്നാലെ ഗാലറിയിലിരുന്ന കാണികൾക്ക് കൈ കൊടുക്കുന്നതിനിടെ പാക്ക് താരം ഹാരിസ് റൗഫിനോട്, ഒരു ആരാധകൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
‘‘ഇന്ത്യയെ വെറുതെ വിടരുത്, നമുക്ക് പ്രതികാരം ചെയ്യണം’’ എന്നാണ് ആരാധകൻ വൈകാരികമായി പറയുന്നത്. ഇതു ചിരിച്ചുകൊണ്ടു കേട്ട ഹാരിസ് റൗഫ്, ആരാധകനു ഫ്ലയിങ് കിസ് നൽകിയാണ് നടന്നു നീങ്ങിയത്. വിഡിയോ വൈറലായതോടെ ഇന്ത്യൻ ആരാധകർക്കിടയിലും ഇതു ചർച്ചയായി. ആരാധകനെ പരിഹസിച്ചും വിമർശിച്ചും നിരവധിപ്പേർ രംഗത്തെത്തി.
സൂപ്പർ ഫോറിൽ, ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ ഹാരിസ് റൗഫ്, കാണികൾക്കു നേരെ പ്രകോപനപരമായ ആംഗ്യം കാണിച്ചത് വിവാദമായിരുന്നു. 2022 ട്വന്റി20 ലോകകപ്പ് മത്സരത്തിൽ റൗഫിനെതിരെ വിരാട് കോലി തുടരെ സിക്സടിച്ചത് ഓർമിപ്പിച്ച് ആർപ്പുവിളിച്ച കാണികൾക്കു നേരെ ‘6 വിമാനം വീഴ്ത്തിയെന്ന’ ആംഗ്യം കാണിച്ചായിരുന്നു റൗഫിന്റെ പ്രകോപനം. ഇന്ത്യയുടെ അഭിഷേക ശർമയും ശുഭ്മൻ ഗില്ലും ബാറ്റു ചെയ്യുന്നതിനിടെയും റൗഫിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായി.
English Summary:








English (US) ·