ഇന്ത്യയ്ക്ക് അഭിമാനം; കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി അംഗമായി പായല്‍ കപാഡിയ

8 months ago 8

വീണ്ടും ഇന്ത്യയുടെ അഭിമാനമായി പായല്‍ കപാഡിയ. 2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറികളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പായല്‍. 2024-ല്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന്റെ സംവിധായികയാണ്.

ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടംനേടിയിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകര്‍ തിങ്കളാഴ്ചയാണ് വിവരം പുറത്തുവിട്ടത്. മെയ് 13 മുതല്‍ 24 വരെയാണ് 78-ാമത് കാന്‍സ് ചലച്ചിത്രമേള അരങ്ങേറുക.

അമേരിക്കന്‍ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയന്‍ നടി ആല്‍ബ റോര്‍വാക്കെര്‍, ഫ്രഞ്ച് മൊറോക്കന്‍ എഴുത്തുകാരി ലൈല സ്ലിമാനി, സംവിധായകനും നിര്‍മാതാവുമായ ഡ്യൂഡോ ഹമാഡി, കൊറിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഹോങ് സാങ്‌സൂ, മെക്‌സിക്കന്‍ സംവിധായകന്‍ കാര്‍ലോസ് റെഗാഡസ്, അമേരിക്കന്‍ നടന്‍ ജെറമി സ്‌ട്രോങ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ചിത്രമാണ് പായലിന്റെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാന്‍ ചലച്ചിത്രമേളയിലെത്തിയ ഇന്ത്യന്‍ ചിത്രമാണിത്. പ്രഭ, അനു എന്നീ രണ്ടു നഴ്സുമാരുടെ കഥയാണ് സിനിമ പറയുന്നത്. കനി കുസൃതി, ദിവ്യപ്രഭ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച പായലിന്റെ സിനിമകള്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്' മുമ്പും കാനിലെ മത്സരവിഭാഗത്തിലിടം നേടിയിരുന്നു. 2017-ല്‍ ആഫ്റ്റര്‍നൂണ്‍ ക്ലൗഡ്സ് എന്ന ഹ്രസ്വചിത്രമായിരുന്നു അത്. 2021-ല്‍ പായല്‍ സംവിധാനം ചെയ്ത 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരത്തിന് പായല്‍ കപാഡിയ അര്‍ഹയായിരുന്നു.

Content Highlights: Payal Kapadia: Cannes Jury Member 2025

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article