ഇന്ത്യയ്ക്ക് ഇറാൻ പരീക്ഷ; ഫിഫ റാങ്കിങ്ങിലെ 20–ാം സ്ഥാനക്കാരെ നേരിടാൻ ഖാലിദ് ജമീലും സംഘവും

4 months ago 5

ഹിസോർ (തജിക്കിസ്ഥാൻ)∙ ഫിഫ റാങ്കിങ്ങിൽ 133–ാം സ്ഥാനക്കാരായ ഇന്ത്യ 20–ാം റാങ്കുകാരായ ഇറാനെ നേരിടുന്നു! കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്നു വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തെക്കുറിച്ച് അധികം പ്രതീക്ഷകളില്ല. പക്ഷേ, പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ ആദ്യകളി ജയിച്ചു തുടങ്ങിയ ഇന്ത്യൻ ടീമിന്റെ പ്രകടനനിലവാരം അളക്കാൻ ഈ മത്സരം വഴിയൊരുക്കുമെന്നുറപ്പ്. 

പുതിയ പരിശീലകനു കീഴിൽ പുതിയ രൂപവും ഭാവവും കൈവരിച്ച ഇന്ത്യയുടെ പ്രകടനമറിയാൻ ആരാധകർക്കും ആകാംക്ഷയേറെ. മത്സരത്തിന് ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമില്ല. 

ഇമ്മിണി വല്യ ഇറാൻ ഏഷ്യൻ ഫുട്ബോൾ റാങ്കിങ്ങിൽ 2–ാം സ്ഥാനക്കാരാണ് ഇറാൻ. കാഫ നേഷൻസ് കപ്പിലെ ടോപ് റാങ്ക് ടീമും ഇറാനാണ്. 3 തവണ ഏഷ്യൻ കപ്പ് കിരീടം നേടിയിട്ടുള്ള  ഇറാൻ അടുത്തവർഷത്തേത് ഉൾപ്പെടെ 7 ലോകകപ്പുകൾക്കു യോഗ്യത നേടിയവരാണ്.

അച്ചടക്കമുള്ള പ്രതിരോധവും ഇൻജറി ടൈം വരെ കെടാത്ത പോരാട്ടവീര്യവുമാണ് പരമ്പരാഗതമായി ഇറാൻ ഫുട്ബോൾ ടീമിന്റെ മികവായി വിലയിരുത്തപ്പെടുന്നത്. ഇത്തരം ഗുണങ്ങളുള്ള ഒരു ടീമിനെതിരെ കളിക്കുന്നത് ഇന്ത്യൻ ടീമിന്റെ പ്രകടനനിലവാരം വർധിപ്പിക്കുമെന്ന പ്രതീക്ഷയാണു നിരീക്ഷകർക്കുള്ളത്. കാഫ കപ്പിൽ ആദ്യമത്സരത്തിൽ ഇറാൻ 3–1ന് അഫ്ഗാനിസ്ഥാനെ തോൽപിച്ചിരുന്നു.  

ഇതു പുതിയ ഇന്ത്യ തജിക്കിസ്ഥാനെതിരെ പെനൽറ്റി സേവ് ചെയ്ത് ഗോൾകീപ്പർ ക്യാപ്റ്റൻ ഗുർപ്രീത് സിങ് സന്ധു നടത്തിയ വീരോചിത പ്രകടനമാണ് ഇന്ത്യൻ ആരാധകരുടെ മനസ്സിലിപ്പോഴും ബാക്കി. സമീപകാല പ്രകടനങ്ങളിൽനിന്നു വ്യത്യസ്തമായി പ്രതിരോധ നിര ഉണർന്നു കളിച്ചതിന്റെ ഫലമായിരുന്നു മത്സരവിജയം. വിരമിക്കൽ പിൻവലിച്ചു മടങ്ങിയെത്തിയ സുനിൽ ഛേത്രിക്കു ടീമിൽ ഇടം നൽകാത്തതു ചോദ്യചിഹ്നമായെങ്കിലും ആദ്യമത്സരത്തിലെ വിജയം കോച്ചിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. 

ഓർമകളിൽ കൊച്ചിയിലെ ഇന്ത്യൻ വിജയം 

ഇന്ത്യ ഇറാനെ അവസാനമായി തോൽപിച്ചത് 1959ൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ. 3–1ന് ജയിച്ച മത്സരത്തിൽ ഇന്ത്യയ്ക്കായി ചുനി ഗോസ്വാമി, യൂസഫ് ഖാൻ, തുളസിദാസ് ബാലാറാം എന്നിവരാണു ഗോൾ നേടിയത്. അതിനു മുൻപ് 1951 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാനെ 1–0ന് തോൽപിച്ച് ഇന്ത്യ സ്വർണം നേടിയിരുന്നു. ഏറ്റവുമൊടുവിൽ ഇറാനെ ഇന്ത്യ നേരിട്ടത് 2018ൽ ടെഹ്റാനിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ്; ഇന്ത്യ 4–0ന് തോറ്റു.

English Summary:

India vs Iran: CAFA Nations Cup Clash - A True Test for Khalid Jameel's New-Look Team

Read Entire Article