Published: January 15, 2026 08:18 PM IST
1 minute Read
ബുലവായോ (സിംബാബ്‍വെ) ∙ ഇന്ത്യയുടെ മിന്നലാക്രമണത്തിൽനിന്നു മഴയ്ക്കും യുഎസിനെ രക്ഷിക്കാനായില്ല. മഴ രസംകൊല്ലിയായ മത്സരത്തിൽ യുഎസിനെ തോൽപ്പിച്ച് അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ആറാം കിരീടത്തിലേക്കുള്ള ജൈത്രയാത്ര ഇന്ത്യൻ കൗമാരപ്പട ആരംഭിച്ചു. ആറു വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിന്റെ ജയം. ആദ്യം ബാറ്റു െചയ്ത യുഎസ്, 35.2 ഓവറിൽ വെറും 107 റൺസിനു പുറത്തായപ്പോൾ മഴയെ തുടർന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 96 റൺസായി ചുരുക്കുകയായിരുന്നു. 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഈ ലക്ഷ്യം കണ്ടു. ബോളിങ്ങിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേൽ, ചേസിങ്ങിൽ 42 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ഡു എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ.
മറുപടി ബാറ്റിങ്ങിനായി ഇന്ത്യ ഇറങ്ങുന്നതിന് മുൻപു തന്നെ മഴ തുടങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് ഇന്ത്യൻ ഇന്നിങ്സ് ആരംഭിച്ചത്. അതിവേഗം ഇന്ത്യ ലക്ഷ്യത്തിലേക്ക് കുതിക്കുമെന്ന് കരുതിയെങ്കിലും മൂന്നാം ഓവറിൽ തന്നെ വെട്ടിക്കെട്ട് താരം വൈഭവ് സൂര്യവംശിയെ ഇന്ത്യയ്ക്കു നഷ്ടമായി. നാല് പന്തുകൾ നേരിട്ട വൈഭവ്, വെറും രണ്ടു റൺസു മാത്രമാണെടുത്തത്. പിന്നീട് ക്യാപ്റ്റൻ ആയുഷ് മാത്രെയും വേദാന്ത് ത്രിവേദിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നയിക്കുന്നതിനിടെ വീണ്ടും മഴയെത്തുകയായിരുന്നു. രണ്ടു മണിക്കൂറോളം മഴ തുടർന്നതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 96 റണ്‍സായി വെട്ടിച്ചുരുക്കി.
കളി പുനഃരാരംഭിച്ച് ആദ്യ ഓവറിൽ തന്നെ വേദാന്ത് ത്രിവേദിയുടെ (10 പന്തിൽ 2) വിക്കറ്റ് വീണു. അധികം വൈകാതെ ക്യാപ്റ്റൻ ആയുഷ് മാത്രെയെയും (19 പന്തിൽ 19), പിന്നീട് വിഹാൻ മൽഹോത്രയെയും (17 പന്തിൽ 18) മടക്കി യുഎസ് ബോളർമാർ ഞെട്ടിച്ചെങ്കിലും അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അഭിഗ്യാൻ കുണ്ഡുവും (41 പന്തിൽ 42*), കനിഷ്ക് ചൗഹാനും (14 പന്തിൽ 10*) ചേർന്നു മറ്റു പരുക്കുകളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസിനെ ഹെനിൽ പട്ടേലിന്റെ കിടിലൻ സ്പെല്ലാണ് തകർത്തത്. ഏഴ് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്താണ് ഹെനിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 36 റൺസെടുത്ത നിതീഷ് സുദിനിയാണ് യുഎസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രൻ, ആർ.എസ്. അംബരിഷ്, ഖിലൻ പട്ടേൽ, വൈഭവ് സൂര്യവംശി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്ക് രണ്ടു പോയിന്റായി. 17നു ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
English Summary:








English (US) ·