ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ, ടീമിൽ വമ്പൻ മാറ്റങ്ങൾക്കു സാധ്യത; ചരിത്ര നേട്ടം സ്വന്തമാക്കാൻ കിവീസ്; പിച്ചിൽ റണ്ണൊഴുകും?

3 days ago 2

മനോരമ ലേഖകൻ

Published: January 18, 2026 08:03 AM IST

1 minute Read

  • ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ഏകദിനം ഇന്ന് ഇൻഡോറിൽ

രോഹിത് ശർമയും വിരാട് കോലിയും ഇൻഡോറിൽ പരിശീലനത്തിൽ. പ്രസിദ്ധ് കൃഷ്ണ (ഇടത്) സമീപം.
രോഹിത് ശർമയും വിരാട് കോലിയും ഇൻഡോറിൽ പരിശീലനത്തിൽ. പ്രസിദ്ധ് കൃഷ്ണ (ഇടത്) സമീപം.

ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിനായി ഇന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ തോൽവിയെക്കുറിച്ച് ചിന്തിക്കാൻ പോലും ടീം ഇന്ത്യയോ ആരാധകരോ തയാറല്ല. 6 വർഷമായി സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.

മറുവശത്ത്, രണ്ടാം ഏകദിനത്തിൽ നേടിയ ആധികാരിക ജയത്തിലൂടെ പരമ്പരയിൽ ഇന്ത്യയ്ക്ക് ഒപ്പമെത്തിയ ന്യൂസീലൻഡിന്, ഇന്നു ജയിച്ചാൽ ഇന്ത്യയിൽ ആദ്യമായി ഒരു ഏകദിന പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കാം. മത്സരം ഉച്ചകഴിഞ്ഞ് 1.30 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

ഇന്ത്യൻ ആശങ്ക2019ൽ ഓസ്ട്രേലിയയോടേറ്റ തോൽവിക്കു ശേഷം, സ്വന്തം നാട്ടിൽ ഇതുവരെ ഒരു ഏകദിന പരമ്പര പോലും ടീം ഇന്ത്യ കൈവിട്ടിട്ടില്ല. ഹോം ഗ്രൗണ്ടിലെ സ്പിൻ ആധിപത്യവും ബാറ്റർമാരുടെ ഫോമുമാണ് ഇന്ത്യയുടെ ഈ അപരാജിത കുതിപ്പിനു കാരണം. എന്നാൽ ന്യൂസീലൻഡ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ സ്പിൻനിര തീർത്തും നിരാശപ്പെടുത്തി. സ്പെഷലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും രണ്ടു മത്സരത്തിലും കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ പുതുമുഖങ്ങൾ അണിനിരക്കുന്ന ഇന്ത്യയുടെ പേസ് നിരയും സമ്മർദത്തിലായി. ബാറ്റിങ്ങിൽ ടോപ് ഓർഡർ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോഴും മധ്യനിരയിൽ കെ.എൽ.രാഹുലിന് ഒഴികെ മറ്റാർക്കും താളംകണ്ടെത്താൻ സാധിച്ചിട്ടില്ല.

അർഷ്ദീപ് എവിടെ?ടീമിന്റെ പേസ് നിര തുടർച്ചയായി നിറംമങ്ങിയിട്ടും ഇടംകൈ പേസർ അർഷ്ദീപ് സിങ്ങിനെ ഇലവനിൽ ഉൾപ്പെടുത്താൻ പരിശീലകൻ ഗൗതം ഗംഭീർ തയാറായിട്ടില്ല. താരത്തിന് പരുക്കോ മറ്റു പ്രശ്നങ്ങളോ ഉള്ളതായി റിപ്പോർട്ടുകളില്ല. ട്വന്റി20 ലോകകപ്പ് മുന്നിൽകണ്ട് അർഷ്ദീപിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും വിവരമുണ്ട്. മൂന്നാം ഏകദിനത്തിൽ അർഷ്ദീപ് തിരിച്ചെത്തിയാൽ പ്രസിദ്ധ് കൃഷ്ണ പുറത്തിരിക്കേണ്ടിവരും.

കിവീസ് കരുത്ത്ഇന്ത്യൻ പിച്ചുകളിൽ എത്തുമ്പോൾ അമാനുഷിക ഫോമിലേക്ക് ഉയരുന്ന ഡാരിൽ മിച്ചലിന്റെ ബാറ്റിങ് കരുത്തിൽ തന്നെയാണ് കിവീസിന്റെ പ്രതീക്ഷ. മിച്ചലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്പിന്നർമാരെ അനായാസം നേരിട്ടു മുന്നേറുന്ന കിവീസ് ബാറ്റിങ് നിര ടീമിന് കരുത്തേകുന്നു. യുവ പേസർമാരുമായി എത്തിയ കിവീസിന് ബോളിങ്ങിൽ പ്രധാന ആശ്രയം കെയ്ൽ ജെയ്മിസനാണ്.

ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ നയിക്കുന്ന സ്പിൻ വിഭാഗം കൂടി ഫോം കണ്ടെത്തിയതോടെ കിവീസ് കൂടുതൽ കരുത്തരായി. 1989 മുതൽ ഇന്ത്യയിൽ ഏകദിന പരമ്പര കളിക്കുന്ന കിവീസിന് ആദ്യമായി ഇവിടെയൊരു പരമ്പര ജയിക്കാനുള്ള സുവർണാവസരമാണ് ഇന്ന് ഇൻഡോറിൽ കാത്തിരിക്കുന്നത്.

പിച്ചിൽ റണ്ണൊഴുകുംബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേത്. 292 റൺസാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. 2011ൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ നേടിയ 411 റൺസാണ് ഇവിടത്തെ ഏറ്റവും ഉയർന്ന ടോട്ടൽ.

English Summary:

India vs New Zealand: India-New Zealand 3rd ODI successful Indore today

Read Entire Article