വിമർശിച്ചവർക്കും കളിയാക്കിയവർക്കും എല്ലാം കളത്തിൽ മറുപടി നൽകിയ വർഷമായിരുന്നു 2025; ഐസിസി കിരീടമില്ലെന്ന പേരിൽ ഏറെ പഴി കേട്ട ദക്ഷിണാഫ്രിക്കയും ഐപിഎൽ കിരീടത്തിന്റെ പേരിൽ ഏറെ കളിയാക്കലുകൾ നേരിട്ട റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവും നെഞ്ചുവിരിച്ചുനിന്ന വർഷം. ഒരു വർഷത്തിൽ മൂന്ന് ഐസിസി ട്രോഫികൾ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ചാംപ്യൻസ് ട്രോഫി ചാംപ്യന്മാരായി തുടങ്ങിയ ഇന്ത്യ പിന്നീട് വനിതാ ക്രിക്കറ്റ് ലോകകപ്പും വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ലോകകപ്പും നേടി. കൂടാതെ ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യാ കപ്പും ഇന്ത്യ നേടി. ഏഷ്യ കപ്പ് ടൂർണമെന്റിലെ ഹസ്തദാന വിവാദവും ട്രോഫി വിവാദവുമെല്ലാം ഇതിനൊപ്പം നടന്നു. സൂപ്പർ താരങ്ങളായി വിരാട് കോലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞതും ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായതുമെല്ലാം ഈ വർഷം തന്നെ. 2025ലെ അവിസ്മരണീയ ക്രിക്കറ്റ് മുഹൂർത്തങ്ങളിലൂടെ ഒരു ‘റീപ്ലേ’.
∙ ചാംപ്യൻസ് ട്രോഫി ചാംപ്യന്മാർ
ടൂർണമെന്റിൽ തോൽവിയറിയാതെയുള്ള കുതിപ്പിനൊടുവിൽ, ഫൈനലിൽ ന്യൂസീലൻഡിനെ 4 വിക്കറ്റിനു തോൽപിച്ചാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ന്യൂസീലൻഡ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ സ്പിന്നർമാരും പിന്നീട് ബാറ്റിങ്ങിൽ ടീമിനു മികച്ച തുടക്കം നൽകിയ രോഹിത് ശർമയുമാണ് (83 പന്തിൽ 76) ഇന്ത്യയുടെ വിജയശിൽപികൾ. സ്കോർ: ന്യൂസീലൻഡ്– 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ്. ഇന്ത്യ– 49 ഓവറിൽ 6ന് 254. ചാംപ്യൻസ് ട്രോഫിയിൽ മൂന്നാം കിരീടം നേടിയ ഇന്ത്യ, ഐസിസി (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) ഏകദിന കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. 2013 ചാംപ്യൻസ് ട്രോഫിയിലായിരുന്നു ഇന്ത്യയുടെ ഇതിനു മുൻപുള്ള നേട്ടം.
∙ ദക്ഷിണാഫ്രിക്കയ്ക്കും ഐസിസി കിരീടം
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ 5 വിക്കറ്റിന് തോൽപിച്ച ദക്ഷിണാഫ്രിക്ക ഐസിസി കിരീടത്തിനായുള്ള 27 വർഷത്തെ കാത്തിരിപ്പിന് കർട്ടനിട്ടു. 1998ൽ ഐസിസി നോക്കൗട്ട് ചാംപ്യൻഷിപ്പിൽ ജേതാക്കളായ ടീമിന്റെ രണ്ടാം കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടത് 9722 ദിവസങ്ങൾ.കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പ് ഫൈനൽ അടക്കം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഒട്ടേറെ കിരീടങ്ങളുടെ സങ്കടഭാരം പേറുന്ന ടീമിന് വലിയ ആശ്വാസമാണ് ഈ വിജയം നൽകിയത്. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക– 138. 5ന് 282. ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം നേടുന്ന മൂന്നാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. ന്യൂസീലൻഡ് (2021), ഓസ്ട്രേലിയ (2023) എന്നിവരാണ് മുൻ ചാംപ്യൻമാർ.
∙ നമ്മ ബെംഗളൂരു
ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കന്നിക്കിരീടം സ്വന്തമാക്കി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ജൂൺ 3നു നടന്ന ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിനു തോൽപിച്ചാണ് വിരാട് കോലിയും സംഘവും 18 വർഷത്തെ കാത്തിരിപ്പ് സഫലമാക്കിയത്. സ്കോർ: ബെംഗളൂരു – 20 ഓവറിൽ 9ന് 190; പഞ്ചാബ് – 20 ഓവറിൽ 7ന് 184. ഐപിഎൽ 18–ാം സീസണിൽ 18–ാം നമ്പർ ജഴ്സിയിൽ വിരാട് കോലി ഐപിഎൽ കിരീടം നേടുമെന്നു വിശ്വസിച്ചിരുന്ന ആരാധകർക്കു കിട്ടിയ കപ്പാണിത്. ഈ സീസണിന്റെ തുടക്കം മുതൽ കോലിയുടെ ജഴ്സി നമ്പറിനെ ചുറ്റിപ്പറ്റി ഈ പ്രചാരണമുണ്ടായിരുന്നു. ആരാധകർ ആഗ്രഹിച്ചതു പോലെ അതു യാഥാർഥ്യമാവുകയും ചെയ്തു.
∙ ഞെട്ടിച്ച് രോഹിത്
ഐപിഎൽ ടൂർണമെന്റ് നടക്കുന്നതിനിടെയാണ്, രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഐപിഎലിനു ശേഷം ഇംഗ്ലണ്ടിൽ 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിക്കാൻ ഒരുങ്ങവേയാണ് മുപ്പത്തിയെട്ടുകാരൻ രോഹിത് അപ്രതീക്ഷിതമായി വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽനിന്നു മുൻപേ വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഇതോടെ ഏകദിന ക്രിക്കറ്റിൽ മാത്രമാകും ഇനിയുണ്ടാവുക.
കരിയറിന്റെ രണ്ടാം പകുതിയിൽ ടെസ്റ്റ് ക്രിക്കറ്റിലേക്കെത്തിയ രോഹിത് ശർമ 67 ടെസ്റ്റുകളിൽനിന്ന് 12 സെഞ്ചറിയും 18 അർധ സെഞ്ചറിയും ഉൾപ്പെടെ 4301 റൺസ് നേടിയിട്ടുണ്ട്. 24 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയെ പുറത്താക്കാൻ സിലക്ടർമാർ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുന്നതിനിടെയാണ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു ഹ്രസ്വമായ കുറിപ്പിൽ രോഹിത് ശർമ ആ വലിയ തീരുമാനം പ്രഖ്യാപിച്ചത്.
തന്റെ ക്യാപ്റ്റൻസിക്കും ടീമിലെ സ്ഥാനത്തിനും ഇളക്കം സംഭവിച്ചെന്ന തിരിച്ചറിവ് രോഹിത്തിനെ 12 വർഷം നീണ്ട ടെസ്റ്റ് കരിയറിനു വിരാമമിടാമെന്ന കടുത്ത തീരുമാനത്തിലെത്തിച്ചു. കഴിഞ്ഞവർഷം ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ പരമ്പരയിലും ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലും നിരാശപ്പെടുത്തിയ രോഹിത്തിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഇടമുണ്ടാകില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാലാകാം, ടീം പ്രഖ്യാപനം വരും മുൻപേ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചതെന്നു കരുതുന്നു
∙ പടിയിറങ്ങി കോലി
രോഹിത് ടെസ്റ്റിൽനിന്നു വിരമിച്ച് ദിവസങ്ങൾക്കുള്ളിലാണ് ടെസ്റ്റ് ക്യപ്റ്റൻസിയിൽ രോഹിത്തിന്റെ മുൻഗാമിയായ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. 14 വർഷം നീണ്ട രാജ്യാന്തര ടെസ്റ്റ് കരിയറിനു വിരാമം കുറിക്കുകയാണെന്ന് 2025 മേയ് 12ന് ഇസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി അറിയിച്ചത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് കഴിഞ്ഞ വർഷം ലോകകപ്പ് നേട്ടത്തിനു പിന്നാലെ അദ്ദേഹം വിരമിച്ചിരുന്നു. ഏകദിനത്തിൽ തുടർന്നു കളിക്കും. ക്രിക്കറ്റിൽ ഇഷ്ട ഫോർമാറ്റ് എന്നു പറഞ്ഞിട്ടുള്ള ടെസ്റ്റിൽ 10,000 റൺസ് തികയ്ക്കാൻ 770 റൺസ് മാത്രം വേണ്ടിയിരിക്കെയാണ് കോലിയുടെ വിരമിക്കൽ. 123 ടെസ്റ്റുകളിൽനിന്നായി 46.85 ബാറ്റിങ് ശരാശരിയിൽ 9230 റൺസാണ് കോലിയുടെ പേരിലുള്ളത്. 30 സെഞ്ചറികളും 31 അർധസെഞ്ചറികളും ഇതിലുൾപ്പെടുന്നു. 68 ടെസ്റ്റുകളിൽ ടീം ഇന്ത്യയെ നയിച്ച കോലി അതിൽ 40ലും വിജയം കണ്ടു.
∙ ക്യാപ്റ്റൻ ഗിൽ
ഇന്ത്യൻ ടീമിന്റെ തലമുറ മാറ്റത്തിന്റെ വർഷമായിരുന്നു 2025. രോഹിത്തും കോലിയും ടെസ്റ്റിൽനിന്നു വിരമിച്ചതിനു പിന്നാലെ ശുഭ്മൻ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും നായകനായി അവരോധിക്കപ്പെട്ടു. മേയിൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുന്നോടിയായാണ് ഗിൽ ടെസ്റ്റ് നായക സ്ഥാനം ഏറ്റെടുത്തത്. ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് നായകനായ ഗിൽ എക്കാലത്തെയും പ്രായംകുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റൻമാരിൽ അഞ്ചാംസ്ഥാനത്തുമുണ്ട്.
43 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഋഷഭ് പന്തിനെയും 45 ടെസ്റ്റ് മത്സര പരിചയമുള്ള ജസ്പ്രീത് ബുമ്രയെയും മറികടന്നാണ് 32 ടെസ്റ്റുകൾ കളിച്ച ഗില്ലിനെ ക്യാപ്റ്റനായി പരിഗണിച്ചത്. ടെസ്റ്റ് റൺസ് നേട്ടത്തിലും ബാറ്റിങ് ശരാശരിയിലും വിദേശ പിച്ചുകളിലെ പ്രകടനത്തിലും ഋഷഭ് പന്തിനേക്കാൾ പിന്നിലാണെങ്കിലും ഭാവിയിലെ ‘സൂപ്പർ സ്റ്റാർ’ എന്ന ടാഗ്‌ലൈൻ ഗില്ലിനു നേട്ടമായി. ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ശുഭ്മൻ ഗില്ലിന്റെ യുഗമാണെന്ന പ്രഖ്യാപനത്തോടെ ഏകദിന ഫോർമാറ്റിലും ഒക്ടോബറിൽ ‘തല’മാറ്റം സംഭവിച്ചു. രോഹിത് ശർമയ്ക്കു പകരം ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചു. ഓസീസിനെതിരായ പരമ്പരയിലൂടെയാണ് ഗില്ലിന്റെ ഏകദിന ക്യാപ്റ്റൻസി അരങ്ങേറ്റം.
ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനും ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ശുഭ്മൻ ഗിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ലീഡർഷിപ് റോളിലേക്കെത്തി. 3 ഫോർമാറ്റുകളിലും ഇന്ത്യയെ ഒരുമിച്ചു നയിച്ചിരുന്ന രോഹിത്തിന്റെ ക്യാപ്റ്റൻസി കരിയറിനും ഇതോടെ കർട്ടൻ വീണു. 3 ഫോർമാറ്റുകളിൽ 3 വ്യത്യസ്ത ക്യാപ്റ്റൻമാരുമായി മുന്നോട്ടുപോകുന്നത് പ്രായോഗികമല്ലെന്നും 2027 ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ടീമിലെ ക്യാപ്റ്റൻസി മാറ്റമെന്നും ചീഫ് സിലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. എന്നാൽ 2026 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഗിൽ പുറത്തായി. അക്ഷർ പട്ടേലാണ് ട്വന്റി20യിലെ നിലവിലെ വൈസ് ക്യാപ്റ്റൻ.
∙ കരീബിയൻ നേട്ടം
ഏകദിനത്തിൽ പാക്കിസ്ഥാനെ 202 റൺസിന് പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് ചരിത്രനേട്ടം കുറിച്ചു. പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര വിജയത്തിനായുള്ള 34 വർഷത്തെ കാത്തിരിപ്പാണ് കരീബിയൻ ടീം അവസാനിപ്പിച്ചത്. ആദ്യ മത്സരം തോറ്റെങ്കിലും അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ച് അവർ 2-1 ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.
∙ ട്വന്റി20 ലോകകപ്പിന് ഇറ്റലി
ഐസിസി ട്വന്റി20 പുരുഷ ലോകകപ്പിന് ആദ്യമായി ഇറ്റലി യോഗ്യത നേടി. 5 ടീമുകൾ ഉൾപ്പെടുന്ന യൂറോപ്പ് റീജൻ ഫൈനലിൽ നെതർലൻഡ്സിനോട് 9 വിക്കറ്റിനു തോറ്റെങ്കിലും മെച്ചപ്പെട്ട റൺ ശരാശരിയിൽ ജഴ്സിയെ മറികടന്ന് ഇറ്റലി യോഗ്യത നേടുകയായിരുന്നു. എല്ലാ മത്സരവും ജയിച്ച് നെതർലൻഡ്സ് യോഗ്യത നേടിയപ്പോൾ ഇറ്റലിക്കും ജഴ്സിക്കും തുല്യ പോയിന്റായിരുന്നു(5). മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് ഓപ്പണർ ജോ ബേൺസ് നയിക്കുന്ന ഇറ്റലി ടീമിൽ കഴിഞ്ഞ മാസം ഇംഗ്ലണ്ട് ലയൺസിനു വേണ്ടി കളിച്ച എമിലിയോ ഗേ, കൗണ്ടിയിൽ കെന്റ് താരമായ ഗ്രാന്റ് സ്റ്റുവർട്ട്, ഇന്ത്യൻ വംശജനായ മീഡിയം പേസർ ജസ്പ്രീത് സിങ് എന്നിവരുമുണ്ട്.
∙ ചരിത്രം കുറിച്ച് നേപ്പാൾ
രാജ്യാന്തര ക്രിക്കറ്റിലെ ശിശുക്കളായ നേപ്പാളിന് മുൻ ലോക ചാംപ്യൻമാരായ വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 മത്സരത്തിൽ ചരിത്രവിജയം നേടി. ഐസിസി അസോഷ്യേറ്റ് അംഗമായ നേപ്പാൾ പൂർണ അംഗമായ വെസ്റ്റിൻഡീസിനെതിരെ കളിക്കുന്ന ആദ്യ പരമ്പരയിലെ ആദ്യ മത്സരത്തിൽ 19 റൺസിനാണ് ജയിച്ചത്. 2014ൽ അന്ന് അസോഷ്യേറ്റ് അംഗമായിരുന്ന അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയമായിരുന്നു നേപ്പാളിന്റെ ചരിത്രത്തിലെ ഇതിനു മുൻപത്തെ വലിയ നേട്ടം.സ്കോർ: നേപ്പാൾ 20 ഓവറിൽ 8ന് 148, വെസ്റ്റിൻഡീസ് 20 ഓവറിൽ 9ന് 129.
∙ ഏഷ്യൻ തമ്പരുക്കന്മാർ
പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം.ഏഷ്യാ കപ്പിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ 9–ാം കിരീടവിജയമാണിത്. ഫൈനലിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. മുൻനിര ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ മധ്യനിരയിൽ ഇന്ത്യൻ ഇന്നിങ്സിനു കരുത്തു പകർന്ന തിലക് വർമയുടെ അർധസെഞ്ചറിയാണ് (53 പന്തിൽ 69 റൺസ് നോട്ടൗട്ട്) ഇന്ത്യയ്ക്കു ജയമൊരുക്കിയത്. തിലകാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇത്തവണത്തെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മൂന്നാം വിജയമായിരുന്നു ഇത്. ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ ഫോർ റൗണ്ടിലും പാക്കിസ്ഥാനെതിരെ ഇന്ത്യ അനായാസ വിജയം നേടിയിരുന്നു.
∙ വനിതകൾക്ക് കന്നിക്കിരീടം
ഇന്ത്യയ്ക്ക് ആദ്യമായി വനിതാ ലോകക്രിക്കറ്റ് കിരീടവും ഈ വർഷം ലഭിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 299 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസേ എടുത്തുള്ളൂ. വനിതാ ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ; നേരത്തേ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ ലോകജേതാക്കളായിട്ടുണ്ട്.
∙ വിജയ ‘പ്രകാശം’
വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യ ഈ വർഷം മുത്തമിട്ടു. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
English Summary:








English (US) ·