Published: December 30, 2025 07:10 PM IST Updated: December 30, 2025 08:10 PM IST
1 minute Read
മനാമ∙ ഇന്ത്യൻ ജഴ്സി ധരിച്ച് കബഡി മത്സരത്തിൽ പങ്കെടുത്ത താരത്തിന് ആജീവനാന്ത വിലക്ക് ശിക്ഷയായി ചുമത്തി പാക്കിസ്ഥാൻ. പാക്കിസ്ഥാൻ താരമായ ഉബൈദുല്ല രാജ്പുത്തിനാണ് പാക്കിസ്ഥാനി കബഡി ഫെഡറേഷൻ വിലക്ക് പ്രഖ്യാപിച്ചത്. ഈ മാസം ബഹ്റൈനിൽ നടന്ന ഒരു സ്വകാര്യ മത്സരത്തിലാണ് ഉബൈദുല്ല ‘ഇന്ത്യ’ എന്ന് എഴുതിയ ജഴ്സി ധരിച്ച് മത്സരിക്കാൻ ഇറങ്ങിയത്. രാജ്പുത് ഇന്ത്യയുടെ പതാക വീശുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പാക്കിസ്ഥാൻ വിടാനോ, ബഹ്റൈനിൽ മത്സരിക്കാനോ ഉബൈദുല്ല രാജ്പുത് ഫെഡറേഷനിൽനിന്ന് അനുമതി വാങ്ങിയിരുന്നില്ല. കബഡി ഫെഡറേഷൻ യോഗം ചേർന്ന ശേഷമാണ് ഉബൈദുല്ലയ്ക്കെതിരായ നടപടി പ്രഖ്യാപിച്ചത്. രാജ്പുത്തിന് അപ്പീൽ നൽകാനുള്ള അവകാശമുണ്ടാകുമെന്ന് പികെഎഫ് സെക്രട്ടറി റാണ സർവാർ പ്രതികരിച്ചു. ദൃശ്യങ്ങൾ വിവാദമായതോടെ മാപ്പു പറഞ്ഞു പാക്ക് കബഡി താരം രംഗത്തെത്തിയിരുന്നു.
ഒരു സ്വകാര്യമത്സരമെന്നു പറഞ്ഞാണ് ബഹ്‍റൈനിലേക്കു പോയതെന്നും മത്സരിച്ച ടീമിന് ഇന്ത്യയുടെ പേരു നൽകിയത് അറിയില്ലെന്നും രാജ്‍പുത് ന്യായീകരിച്ചെങ്കിലും പാക്ക് അധികൃതർ വഴങ്ങിയിട്ടില്ല. ‘‘സംഘാടകർ ടീമിന് ഇന്ത്യയുടെ പേരു നൽകിയത് എന്റെ അറിവോടെയല്ല. മുൻപും ഒരു സ്വകാര്യ മത്സരത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ താരങ്ങള്‍ ഒരുമിച്ച് പോരാടിയിട്ടുണ്ട്. ഇന്ത്യൻ ടീമിനു വേണ്ടിയാണു മത്സരിച്ചതെന്ന് പിന്നീടാണു ഞാൻ മനസ്സിലാക്കിയത്. സംഘർഷമുണ്ടായതിനു ശേഷം അങ്ങനെയൊന്നു ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.’’– ഉബൈദുല്ല മാപ്പപേക്ഷയിൽ പറഞ്ഞു.
English Summary:








English (US) ·