റായ്പുർ ∙ ടീമിലെ അസ്വാരസ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരം ജയിച്ച് പരമ്പരയിൽ 1–0ന് മുന്നിൽ നിൽക്കുന്ന ആതിഥേയർക്ക്, ഇന്നു ജയിച്ചാൽ 3 മത്സര പരമ്പര സ്വന്തമാക്കാം. മറുവശത്ത് ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ മത്സരത്തിലേറ്റ തോൽവി നൽകിയ ഞെട്ടൽ മാറിയിട്ടില്ല. പരമ്പര കൈവിട്ടുപോകാതിരിക്കാൻ ടെംബ ബവൂമയ്ക്കും സംഘത്തിനും ഇന്നു ജയിച്ചേ മതിയാകൂ. റായ്പുർ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ആഭ്യന്തര പ്രശ്നങ്ങൾആദ്യ ഏകദിനത്തിലെ ജയത്തിനു പിന്നാലെ സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവരും പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ തർക്കമുണ്ടായെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ ബിസിസിഐ ചർച്ച സംഘടിപ്പിക്കുമെന്നും വാർത്ത വന്നു. ഈ സാഹചര്യത്തിൽ ടീമിനകത്തെ പിണക്കങ്ങൾ പരിഹരിക്കുകയാണ് രണ്ടാം ഏകദിനത്തിനു മുൻപ് ഇന്ത്യൻ ടീം മാനേജ്മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി.
വീണ്ടും രോ–കോആദ്യ ഏകദിനത്തിൽ സെഞ്ചറിയുമായി കളംനിറഞ്ഞ കോലിയും അർധ സെഞ്ചറിയുമായി തുടക്കം ഗംഭീരമാക്കിയ രോഹിത്തും തന്നെയാണ് രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ പ്രതീക്ഷാ വാഹകർ. ടീം ഇന്ത്യ കളിച്ച അവസാന 6 ഏകദിന മത്സരങ്ങളിൽ അഞ്ചിലും പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം പങ്കുവച്ചത് രോ–കോ സഖ്യമായിരുന്നു. ഇരുവരുടെയും ഫോം തന്നെയാകും രണ്ടാം ഏകദിനത്തിന്റെയും ഫലം നിർണയിക്കുക.
നാലിൽ ആര്?ബാറ്റിങ് ഓർഡറിൽ നാലാം നമ്പറിൽ ആരു വേണമെന്ന ആശങ്കയിലാണ് ടീം മാനേജ്മെന്റ്. കഴിഞ്ഞ മത്സരത്തിൽ നാലാം നമ്പറിൽ എത്തിയ ഋതുരാജ് ഗെയ്ക്‌വാദിന് 14 പന്തിൽ 8 റൺസ് മാത്രമാണ് നേടാനായത്. ഈ സാഹചര്യത്തിൽ ഋതുരാജിന് ഒരു അവസരം കൂടി നൽകണോ എന്ന സംശയം ടീമിലുണ്ട്. ഋതുരാജിനെ മാറ്റാൻ തീരുമാനിച്ചാൽ തിലക് വർമയ്ക്കോ ഋഷഭ് പന്തിനോ നാലാം നമ്പറിൽ നറുക്കുവീഴും.
നിതീഷിന്റെ പ്രതീക്ഷആദ്യ ഏകദിനത്തിൽ സ്പിൻ ബോളിങ് ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദർ നിറംമങ്ങിയതോടെ ഇന്ന് പേസ് ബോളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിച്ചേക്കും. ആദ്യ ഏകദിനത്തിൽ 3 ഓവർ മാത്രം പന്തെറിഞ്ഞ വാഷിങ്ടന് വിക്കറ്റൊന്നും നേടാനായില്ല. ബാറ്റിങ്ങിൽ അഞ്ചാം നമ്പറിൽ എത്തിയ താരം ആകെ നേടിയത് 13 റൺസ്. ഇതോടെയാണ് വാഷിങ്ടന് പകരം നിതീഷിനെ പരിഗണിക്കാൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
ബോളിങ് ഭദ്രംആദ്യ ഏകദിനത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഹർഷിത് റാണയും കുൽദീപ് യാദവും തന്നെയാണ് രണ്ടാം മത്സരത്തിലും ഇന്ത്യയുടെ പ്രധാന ആയുധങ്ങൾ. പവർപ്ലേയിൽ വിക്കറ്റ് എടുക്കാനുള്ള ഹർഷിതിന്റെ മിടുക്കും മധ്യ ഓവറുകളിൽ പിടിമുറുക്കാനുള്ള കുൽദീപിന്റെ കഴിവുമാണ് ആദ്യ ഏകദിനത്തിൽ നിർണായകമായത്. ഡെത്ത് ഓവറുകളിൽ അർഷ്ദീപ് സിങ്ങിന്റെ പ്രകടനവും ടീമിന് ആത്മവിശ്വാസം നൽകുന്നു.
ബവൂമ റിട്ടേൺസ്അസുഖം മൂലം ആദ്യ മത്സരത്തിൽ നിന്നു വിട്ടുനിന്ന ടെംബ ബവൂമ ഇന്ന് ഇലവനിൽ തിരിച്ചെത്തിയേക്കും. ബവൂമയുടെ തിരിച്ചുവരവോടെ ബാറ്റിങ് ഓർഡറിൽ കാര്യമായ പൊളിച്ചെഴുത്തുകൾക്ക് ദക്ഷിണാഫ്രിക്ക തയാറായേക്കും. ഓൾറൗണ്ടർമാരായ മാർക്കോ യാൻസനും കോർബിൻ ബോഷും ബാറ്റിങ്ങിൽ മികവു പുലർത്തുമ്പോഴും ബോളിങ്ങിൽ താളം കണ്ടെത്താത്തത് ടീമിനെ അലട്ടുന്നുണ്ട്. ആദ്യ മത്സരത്തിൽ നിറംമങ്ങിയ സ്പിന്നർ പ്രനെലൻ സുബ്രായനു പകരം കേശവ് മഹാരാജ് ടീമിൽ എത്തിയേക്കും.
പിച്ച് റിപ്പോർട്ട്ഇതുവരെ ഒരു രാജ്യാന്തര ഏകദിന മത്സരം മാത്രമേ റായ്പുർ സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളൂ. 2023ൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിനെ 108 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടിരുന്നു. പേസർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുന്ന പിച്ചിൽ ബാറ്റിങ് ദുഷ്കരമാകുമെന്നാണ് കണക്കുകൂട്ടൽ.
English Summary:








English (US) ·