കളമൊഴിയുന്നവർക്കു പകരക്കാരെ കാലം എന്നും കരുതിവച്ചിട്ടുണ്ട്. സുനിൽ ഗാവസ്കർ വിരമിച്ചപ്പോൾ സച്ചിൻ തെൻഡുൽക്കറെ നൽകിയതു പോലെ, സച്ചിനു ശേഷം വിരാട് കോലിയെയും കോലിക്കു ശേഷം ശുഭ്മൻ ഗില്ലിനെയും കണ്ടെത്തിയതുപോലെ... ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിൻ ബോളിങ് ഓൾറൗണ്ടർ എന്ന ഖ്യാതിയുമായി ആർ.അശ്വിൻ അരങ്ങൊഴിഞ്ഞപ്പോൾ അത്തരമൊരു പകരക്കാരനെ ടീം ഇന്ത്യ ആഗ്രഹിച്ചിരുന്നു. ആ കാത്തിരിപ്പിനാണ് മാഞ്ചസ്റ്ററിലെ മാസ്മരിക പ്രകടനവുമായി വാഷിങ്ടൻ സുന്ദർ എന്ന ഇരുപത്തിയഞ്ചുകാരൻ അറുതിവരുത്തിയത്.
∙ ദ് ക്ലച്ച് പ്ലെയർ
ക്രിക്കറ്റിൽ സമ്മർദഘട്ടങ്ങളിൽ മികവു കാട്ടുന്ന താരങ്ങളെ ക്ലച്ച് പ്ലെയർ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തെ പ്രകടനങ്ങൾവച്ചു നോക്കിയാൽ ഈ വിശേഷണം ഏറ്റവും അർഹിക്കുന്ന താരമാണ് വാഷിങ്ടൻ. 2021ലെ ഓസ്ട്രേലിയൻ പരമ്പരയിൽ തുടങ്ങിയതാണ് വാഷിങ്ടന്റെ ‘ക്ലച്ച് ഇന്നിങ്സ്’. അന്ന് ഗാബയിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിന്റെ പോരാട്ടമായിരുന്നെങ്കിൽ അതിനുള്ള അടിത്തറ ഒരുക്കിയത് ഒന്നാം ഇന്നിങ്സിലെ വാഷിങ്ടൻ– ഷാർദൂൽ ഠാക്കൂർ കൂട്ടുകെട്ടാണ്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 369 റൺസ് പിന്തുടർന്ന ഇന്ത്യ 6ന് 186 എന്ന നിലയിലേക്കു വീണപ്പോഴാണ് വാഷിങ്ടൻ ക്രീസിലെത്തിയത്. ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ സമ്മർദമില്ലാതെ ഏഴാം വിക്കറ്റിൽ ഷാർദൂലിനൊപ്പം 123 റൺസ് കൂട്ടിച്ചേർത്ത വാഷിങ്ടൻ ഇന്ത്യൻ സ്കോർ 300 കടത്തി.
രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിനൊപ്പം 53 റൺസ് കൂടി കൂട്ടിച്ചേർത്ത വാഷിങ്ടന്റെ പ്രകടനം ഇന്ത്യയുടെ ചരിത്ര വിജയത്തിൽ നിർണായകമായി. പിന്നാലെ 2024ൽ ഓസ്ട്രേലിയയിലെ എംസിജിയിൽ നടന്ന ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 7ന് 221 എന്ന നിലയിൽ പതറിയ ഇന്ത്യയെ എട്ടാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം 127 റൺസ് കൂട്ടിച്ചേർത്ത വാഷിങ്ടനാണ് 350 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ആ പട്ടികയിലേക്കാണ് മാഞ്ചസ്റ്ററിലെ കന്നി ടെസ്റ്റ് സെഞ്ചറി വാഷിങ്ടൻ ചേർത്തുവയ്ക്കുന്നത്. വിദേശ പിച്ചുകളിലാണ് വാഷിങ്ടന്റെ ഈ അവിസ്മരണീയ പ്രകടനങ്ങളെല്ലാം എന്നതും കൗതുകം.
∙ ഓൾ ഇൻ വൺ
ഏതു പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുന്ന, ഏതു ഘട്ടത്തിലും വിശ്വസിച്ച് പന്തേൽപിക്കാൻ കഴിയുന്ന ഒരു പെർഫക്ട് ഓൾറൗണ്ടറാണ് വാഷിങ്ടൻ. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായി ടോപ് ഓർഡറിൽ മാത്രം ബാറ്റ് ചെയ്തു ശീലിച്ച വാഷിങ്ടൻ ഇന്ത്യൻ ടീമിലേക്കു വന്നപ്പോൾ ഏഴാമനായും എട്ടാമനായുമെല്ലാം ഇറങ്ങാൻ നിർബന്ധിതനായി. ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത താരം വാലറ്റത്ത് മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിച്ച് പലപ്പോഴും ടീം ഇന്ത്യയുടെ രക്ഷകനായി.
അടച്ചുറപ്പുള്ള ഡിഫൻസാണ് വാഷിങ്ടന്റെ പ്രത്യേകത. പേസ്– സ്പിൻ വ്യത്യാസമില്ലാതെ ഏതു ബോളറെയും എത്രനേരം വേണമെങ്കിലും ക്രീസിൽ ക്ഷമയോടെ പ്രതിരോധിച്ചു നിൽക്കാൻ വാഷിങ്ടനു സാധിക്കും. പല മത്സരങ്ങളിലും എതിർ ടീമിന്റെ നിർണായക കൂട്ടുകെട്ടുകൾ പൊളിക്കാൻ ക്യാപ്റ്റൻ ആശ്രയിക്കുന്നത് വാഷിങ്ടന്റെ സ്പെല്ലാണ്.
നാലാം ടെസ്റ്റിൽ 2ന് 341 എന്ന നിലയിൽ കുതിച്ച ഇംഗ്ലണ്ടിനെ, തന്റെ അടുത്തടുത്ത ഓവറുകളിൽ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കിയത് വാഷിങ്ടന്റെ സ്പെല്ലായിരുന്നു.
∙ പേര് വന്ന വഴി
വാഷിങ്ടന്റെ അച്ഛൻ എം.സുന്ദർ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു. സാമ്പത്തിക പ്രയാസം കാരണം ചെറുപ്പത്തിൽ നല്ല ഷൂസോ ക്രിക്കറ്റ് ജഴ്സിയോ വാങ്ങാൻ സാധിക്കാതിരുന്ന സുന്ദറിനെ സഹായിച്ചതും ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയതും അയൽക്കാരനും ക്രിക്കറ്റ് പ്രേമിയുമായ പി.ഡി.വാഷിങ്ടൻ എന്ന മുൻ ആർമി ഉദ്യോഗസ്ഥനാണ്. മൂത്ത സഹോദരനെപ്പോലെ സുന്ദറിനൊപ്പം നിന്ന വാഷിങ്ടൻ 1999ൽ മരിച്ചു. അതിനു ദിവസങ്ങൾക്കു ശേഷമാണ് സുന്ദറിന് ഒരു ആൺകുഞ്ഞ് പിറക്കുന്നത്.
തന്റെ വഴികാട്ടിയായ പി.ഡി.വാഷിങ്ടനോടുള്ള ആദരസൂചകമായി സുന്ദർ, മകനു വാഷിങ്ടൻ എന്ന പേരുനൽകി. ഔദ്യോഗിക പേര് വാഷിങ്ടൻ എന്നാണെങ്കിലും ശ്രീനിവാസൻ സുന്ദർ എന്നൊരു പേരുകൂടി ഇരുപത്തിയഞ്ചുകാരൻ താരത്തിനുണ്ട്.
English Summary:








English (US) ·