Published: October 04, 2025 02:48 PM IST Updated: October 04, 2025 03:09 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ ഏകദിന ടീം ക്യാപ്റ്റൻസിയും ഏറ്റെടുക്കും. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗിൽ ഇന്ത്യയെ നയിക്കുമെന്നു ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും ഗില്ലിനു കീഴിൽ കളിക്കാനിറങ്ങും. ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് സിലക്ടർമാർ രോഹിത് ശർമയുമായി സംസാരിച്ച ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്.
ഒക്ടോബർ 19നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കു തുടക്കമാകുന്നത്. ചാംപ്യൻസ് ട്രോഫിക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും വീണ്ടും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങുന്നെന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച സൂപ്പർ താരങ്ങൾ ഈ പരമ്പരയ്ക്കു ശേഷം ഏകദിന ക്രിക്കറ്റും അവസാനിപ്പിക്കുമെന്നാണു പുറത്തുവരുന്ന വിവരം.
ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിൽ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവർ ഏകദിന ടീമിൽ ഇടം നേടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കെ.എൽ. രാഹുലും ധ്രുവ് ജുറേലുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പർമാർ. അതേസമയം സഞ്ജുവിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചു.
38 വയസ്സുകാരനായ രോഹിത് ശർമ 2021 ഡിസംബറിലാണ് ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്. 56 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചപ്പോൾ 42 വിജയങ്ങൾ സ്വന്തമാക്കി. 2018ൽ സ്റ്റാൻഡ് ഇന്‍ ക്യാപ്റ്റനായും 2023 ൽ ഫുൾടൈം ക്യാപ്റ്റനായും ഏഷ്യാകപ്പ് വിജയിച്ചു. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനൽ വരെയെത്തിച്ചു. ഈ വർഷം നടന്ന ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കിരീടം വിജയിച്ച ശേഷമാണ് രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ
English Summary:








English (US) ·