Published: July 19 , 2025 10:25 AM IST
1 minute Read
-
ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം വനിതാ ഏകദിനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ
ലണ്ടൻ ∙ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനു പിന്നാലെ വനിതാ ടീമും ലോകക്രിക്കറ്റിന്റെ തറവാടായ ലോഡ്സിലേക്ക്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ഇന്ത്യ– ഇംഗ്ലണ്ട് 3–ാം ക്രിക്കറ്റ് ടെസ്റ്റ് സമാപിച്ച് ദിവസങ്ങൾക്കകമാണ് വനിതാ ഏകദിന മത്സരത്തിന് ലോഡ്സ് വേദിയാകുന്നത്.
ആദ്യ കളി ജയിച്ച ഇന്ത്യൻ ടീം ഇന്നും വിജയമാവർത്തിച്ച് പരമ്പര സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലാണു പരമ്പര ശ്രദ്ധേയമാകുന്നത്. സതാംപ്ടനിൽ നടന്ന ആദ്യമത്സരത്തിൽ ഇന്ത്യൻ വിജയം 4 വിക്കറ്റിനായിരുന്നു. ഇംഗ്ലണ്ടിൽ ഇന്ത്യയുടെ തുടർച്ചയായ 5–ാം ഏകദിന വിജയമായിരുന്നു ഇത്. ഒന്നിലേറെ മാച്ച് വിന്നർമാരുള്ള ടീമെന്നാണ് ഇന്ത്യയെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഫൈനൽ ഇലവനിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന തലേവദനയിലാണ് കോച്ച് അമോൽ മജുംദാറും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും. രേണുക സിങ്, പൂജ വസ്ട്രാകർ എന്നിവർ പരുക്കേറ്റു പുറത്തായതിനാൽ അരുന്ധതി റെഡ്ഡിയോ ക്രാന്തി ഗൗഡോ അമൻജ്യോത് കൗറിനൊപ്പം ബോളിങ് ഓപ്പൺ ചെയ്യും. സ്മൃതി മന്ഥനയ്ക്കൊപ്പം പ്രതീക റാവലായിരിക്കും ബാറ്റിങ് ഓപ്പൺ ചെയ്യുക. ജമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് തുടങ്ങിയവരെല്ലാം മികച്ച ഫോമിൽ. പുരുഷ ക്രിക്കറ്റ് ടീമംഗം ഋഷഭ് പന്തിന്റെ സ്റ്റൈലിൽ ആദ്യ ഏകദിനത്തിൽ ഒറ്റക്കൈ സിക്സർ നേടിയ ദീപ്തി ശർമയുടെ പ്രകടനം ഇതിനകം തരംഗമായിക്കഴിഞ്ഞു.
English Summary:








English (US) ·