Published: September 16, 2025 04:54 PM IST Updated: September 16, 2025 05:46 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി സ്പോൺസർമാരായി പ്രമുഖ ടയർ നിർമാണ കമ്പനിയായ അപ്പോളോ ടയേഴ്സ്. 579 കോടി രൂപയ്ക്കാണ് സ്പോൺസർഷിപ് കരാർ സ്വന്തമാക്കിയതെന്നാണ് വിവരം. മൂന്നു വർഷത്തേയ്ക്കാകും ബിസിസിഐയുമായി കരാർ. ഇക്കാലയളവിൽ 121 ദ്വിരാഷ്ട്ര മത്സരങ്ങളും 21 ഐസിസി മത്സരങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്. കരാർപ്രകാരം, ഏകദേശം 4.5 കോടിയോളം രൂപയാണ് ഓരോ മത്സരങ്ങൾക്കും കമ്പനി ചെലവാക്കുക. മുൻ സ്പോൺസർമാരായ ഡ്രീം 11 ഏകദേശം നാലു കോടി രൂപയാണ് ഒരു മത്സരത്തിന് നൽകിയിരുന്നത്.
നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഗുഡ്ഗാവ് ആസ്ഥാനമായ ടയർ കമ്പനിയാണ് അപ്പോളോ ടയേഴ്സ്. മത്സരരംഗത്തുണ്ടായിരുന്ന കാൻവ, ജെകെ സിമന്റ്സ് എന്നിവയെ എന്നിവയെ മറികടന്നാണ് അപ്പോളോ ടയേഴ്സ് സ്പോൺസർഷിപ് അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം. യഥാക്രമം 544 കോടി രൂപയും 477 കോടി രൂപയുമാണ് ഈ കമ്പനികൾ നൽകിയ ബിഡ് തുക.
ഡ്രീം 11 സ്പോൺസർഷിപ്പിൽനിന്നു പിന്മാറിയതോടയാണ് പുതിയ സ്പോൺസർമാരെ കണ്ടെത്താൻ സെപ്റ്റംബർ 2നു ബിസിസിഐ ബിഡുകൾ ക്ഷണിച്ചത്. പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിച്ചതോടെയാണ് ഡ്രീം 11 പ്രവർത്തനം അവസാനിപ്പിച്ചത്. നിലവിൽ, ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന് ടൈറ്റിൽ സ്പോൺസറില്ല.
ഒക്ടോബർ 2ന് വെസ്റ്റിൻഡീസിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും തുടർന്ന് ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏകദിന പരമ്പരയിലുമായിരിക്കും പുതിയ സ്പോൺസർമാരുടെ ലോഗോയുള്ള ജഴ്സി ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായി ധരിക്കുക. ഇന്ത്യ എയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലും പുതിയ ലോഗോയുള്ള ജഴ്സിയുമായിട്ടാകും ഇന്ത്യൻ ടീം ഇറങ്ങുക.
English Summary:








English (US) ·