ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജുമായുള്ള വിവാഹത്തിൽ ‘ട്വിസ്റ്റ്’; ചടങ്ങ് മാറ്റിവച്ചതായി റിപ്പോർട്ട്

6 months ago 6

ലക്നൗ∙ ഉത്തർപ്രദേശിൽനിന്നുള്ള സമാജ്‌വാദി പാർട്ടി എംപി‍ പ്രിയ സരോജുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ വിവാഹം നീട്ടിവച്ചതായി റിപ്പോർട്ട്. ഈ വർഷം നവംബർ 19നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും, അന്ന് വിവാഹം നടക്കില്ലെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ വാരണാസിയിലാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് റിങ്കു സിങ്ങോ പ്രിയ സരോജോ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. 

ആഭ്യന്തര ക്രിക്കറ്റിൽ റിങ്കു സിങ്ങിന് തിരക്കുള്ള സമയമായതിനാലാണ് വിവാഹം നീട്ടിവച്ചതെന്നാണ് വിവരം. വിവാഹം നീട്ടിവച്ച കാര്യം പ്രിയ സരോജിന്റെ പിതാവായ സമാജ്‌വാദി പാർട്ടി എംഎൽഎ തുഫാനി സരോജ് സ്ഥരീകരിച്ചതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ വിവാഹത്തീയതി എന്നാണെന്ന് വ്യക്തമല്ല.

ഈ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്നതാണ് പരമ്പര. ഇതിൽ ആദ്യ ടെസ്റ്റ് നവംബർ 14 മുതൽ 18 വരെ ഗുവാഹത്തിയിലാണ് നടക്കുക. അതിനു മുന്നോടിയായി ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നുണ്ട്. ഒക്ടോബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ പരമ്പരകൾ.

ഇരുവരുടെയും വിവാഹനിശ്ചയം ജൂൺ എട്ടിന് ലക്നൗവിൽ നടന്നിരുന്നു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡിംപിൾ യാദവ് എംപി, ബോളിവുഡ് താരം ജയ ബച്ചൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇന്ത്യൻ പ്രിമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന റിങ്കു സിങ്, 13 മത്സരങ്ങളിൽനിന്ന് 306 റൺസ് നേടിയിരുന്നു. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായി. 2023ലെ ഐപിഎൽ സീസണിൽ കൊൽക്കത്തയ്‌ക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിലൂടെയാണ് റിങ്കു സിങ് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധാകേന്ദ്രമായത്. ആ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരം യഷ് ദയാലിനെതിരെ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകളുമായി കയ്യടി നേടി. തുടർന്ന് ഇതുവരെ ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങളും 33 ട്വന്റി20 മത്സരങ്ങളും കളിച്ചു.

വാരണാസിയിലെ കർഗിയാവോനിൽ നിന്നുള്ള പ്രിയ സരോജ്, വർഷങ്ങളായി സമാജ്‌വാദി പാർട്ടിയുമായി ബന്ധപ്പെട്ട് സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജുവാൻപുരിലെ മച്ച്‌ലിഷഹർ മണ്ഡലത്തിൽനിന്ന് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചാണ് പ്രിയ എംപിയായി. മുൻപ് സുപ്രീം കോടതി അഭിഭാഷകയായിരുന്ന പ്രിയ സരോജ്, 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനായി പ്രചാരണരംഗത്ത് ഇറങ്ങിയതോടെയാണ് ശ്രദ്ധ നേടിയത്. ഡൽഹി സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദവും അമിറ്റി സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദവും നേടി.

English Summary:

Rinku Singh wedding with Priya Saroj gets postponed, Says Reports

Read Entire Article