Published: December 25, 2025 04:09 PM IST
1 minute Read
തിരുവനന്തപുരം ∙ ക്രിക്കറ്റിന്റെ നവവത്സാരാഘോഷത്തിന്, ലോകചാംപ്യൻമാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തലസ്ഥാനത്ത്. ഒപ്പം എതിരാളികളായ ശ്രീലങ്കൻ താര നിരയും. ട്വന്റി20 പരമ്പരയിലെ ആദ്യ 2 മത്സരങ്ങൾക്കു ശേഷം വിശാഖപട്ടണത്തുനിന്ന് പ്രത്യേക വിമാനത്തിൽ ഒരുമിച്ചെത്തിയ താരങ്ങൾക്ക് വിമാനത്താവളത്തിൽ സ്വാഗതമോതാൻ മുന്നിൽ നിന്നതു കേരളത്തിന്റെ രാജ്യാന്തര താരം സജന സജീവൻ. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും ഏകദിന ലോകകപ്പ് സെമി ഫൈനലിലെ താരമായ ജമീമ റോഡ്രീഗ്സും ഫൈനലിലെ താരം ഷെഫാലി വർമയും അടങ്ങുന്ന സൂപ്പർതാരനിര വൻ ആവേശം പകർന്നാണ് ആരാധകർക്ക് ഇടയിലേക്കെത്തിയത്. ഹയാത്ത് റീജൻസി ഹോട്ടലിൽ തങ്ങുന്ന ടീമിന് ഇന്നലെ വിശ്രമദിനമായിരുന്നു. രാത്രി ഹോട്ടലിൽ ഒരുക്കിയ ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന് താരങ്ങൾ കേക്കു മുറിച്ച് മധുരം പങ്കിട്ടു. നാളെ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണു പരമ്പരയിലെ മൂന്നാം മത്സരം. 28, 30 തീയതികളിൽ അടുത്ത മത്സരങ്ങളും ഇവിടെത്തന്നെ. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് നാളെ ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.
ബിസിസിഐ ക്യുറേറ്ററുടെ മേൽനോട്ടത്തിൽ 2 പിച്ചുകളാണ് കാര്യവട്ടത്തു മത്സരത്തിനായി ഒരുക്കുന്നത്. രാത്രി 7 മുതലാണ് എല്ലാ മത്സരങ്ങളും. ക്രിസ്മസ് ആഘോഷത്തിനിടയിലും 2 ടീമുകളും ഇന്ന് പരിശീലനത്തിനിറങ്ങും. ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ ശ്രീലങ്കൻ ടീമും വൈകിട്ട് 6 മുതൽ രാത്രി 9 വരെ ഇന്ത്യൻ ടീമും സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ആദ്യമായാണ് കേരളം രാജ്യാന്തര വനിത ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. മത്സര ടിക്കറ്റുകൾ ticketgenie.in എന്ന പോർട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങാം.
English Summary:









English (US) ·