29 June 2025, 08:20 PM IST

ഷെഫാലി ജെരിവാല | Photo: instagram/ shefali jariwala
നടിയും മോഡലുമായ ഷെഫാലി ജെരിവാലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാലോകം. കഴിഞ്ഞ ദിവസം അന്ധേരിയിലെ വസതിയില്‍ കുഴഞ്ഞുവീണ ഷെഫാലിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ഇപ്പോഴിതാ ഷെഫാലിയുടെ പഴയ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ഷെഫാലിയുടെ വീഡിയോ ആണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഷെഫാലിയുടെ ഭര്‍ത്താവ് പരാഗ് ത്യാഗിയും നൃത്തം ചെയ്യുന്നുണ്ട്. പൃഥ്വി ഷായുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നിന്നുള്ള നൃത്തരംഗങ്ങളാണിത്.
2002-ല്‍ കാന്‍ട്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സല്‍മാന്‍ ഖാന്‍ ചിത്രമായ 'മുജ്സെ ഷാദി കരോഗി'യില്‍ അഭിനയിച്ചു. കൂടാതെ 2019-ല്‍ ബേബി കം ന എന്ന വെബ്‌സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്തമായ ഡാന്‍സ് റിയാലിറ്റി ഷോകളിലും അവര്‍ പങ്കെടുത്തു.
ഷെഫാലിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും ബോളിവുഡ് ലോകം മുക്തമായിട്ടില്ല.അന്ധേരിയിലെ വസതിയിൽവെച്ച് ഷെഫാലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പരാഗും ചിലരും ചേര്‍ന്നാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍വെച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: Old Video Of Shefali Jariwalas Dance With Indian Cricketer








English (US) ·