Published: August 26, 2025 10:28 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർഷിപ്പിൽ നിന്ന് ഡ്രീം ഇലവൻ പുറത്തായതോടെ അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ സ്പോൺസറുടെ പേരില്ലാത്ത ജഴ്സി ധരിച്ചാവും ഇന്ത്യൻ ടീം കളിക്കുകയെന്നു സൂചന. കേന്ദ്രസർക്കാർ ഓൺലൈൻ മണി ഗെയിം നിരോധന നിയമം നടപ്പാക്കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇതോടെ, ഓൺലൈൻ ഗെയിമിങ് ആപ്പ് ഡ്രീം ഇലവനുമായുള്ള ജഴ്സി സ്പോൺസറിങ് കരാർ റദ്ദാക്കിയതായി ബിസിസിഐ ഇന്നലെ അറിയിച്ചു.
ഭാവിയിൽ ഇത്തരം സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.പുതിയ ജഴ്സി സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമം ബിസിസിഐ ആരംഭിച്ചിട്ടുണ്ട‌്. എന്നാൽ, എഷ്യാ കപ്പ് ആരംഭിക്കാൻ 14 ദിവസം മാത്രമാണു ബാക്കി. ഇതിനിടെ പുതിയ സ്പോൺസർമാരെ കണ്ടെത്തുക എളുപ്പമാകില്ല. ടൊയോട്ട അടക്കമുള്ള വമ്പൻ ബ്രാൻഡുകൾ ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർഷിപ്പിൽ താൽപര്യം അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ കരാറിനുള്ള നടപടികൾ പൂർത്തിയാവാൻ സമയമെടുക്കുമെന്ന് ബിസിസിഐ അധികൃതർ പറയുന്നു.
ഇതോടെ, സ്പോൺസർമാരില്ലാതെ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പിൽ കളിക്കേണ്ടിവരും. 2026 വരെ ഡ്രീം ഇലവനുമായി സ്പോൺസർഷിപ് കരാറുണ്ടെങ്കിലും ഇടയ്ക്കു വച്ച് കരാർ അവസാനിപ്പിച്ചതിന്റെ പേരിൽ ബിസിസിഐക്ക് ഡ്രീം ഇലവൻ നഷ്ടപരിഹാരം നൽകേണ്ടിവരില്ലെന്നാണ് സൂചന. സർക്കാർ നിയമനിർമാണം മൂലം പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം വന്നാൽ ക്രിക്കറ്റ് ബോർഡിന് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന കരാറിലെ വ്യവസ്ഥയാണ് ഡ്രീം ഇലവന് തുണയായത്.
ഇന്ത്യൻ ടീം സ്പോൺസർമാരായിരുന്ന ബൈജൂസ് സാമ്പത്തിക ക്രമക്കേടിൽപെട്ടതോടെ 2023 ജൂലൈയിലാണ് ഡ്രീം ഇലവൻ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക സ്പോൺസർമാരായത്. മൂന്ന് വർഷത്തേക്ക് 358 കോടി രൂപയാണ് ഡ്രീം ഇലവൻ ജഴ്സി സ്പോൺസർഷിപ്പിന് ബിസിസിഐക്ക് നൽകിയിരുന്നത്. ഇന്ത്യൻ ടീമിന് പുറമെ ഐപിഎലിലും ഡ്രീം ഇലവൻ സ്പോൺസർമാരാണ്. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ ഡ്രീം ഇലവൻ ബ്രാൻഡ് അംബാസഡർമാരുമായിരുന്നു.
English Summary:









English (US) ·