Published: September 24, 2025 01:26 PM IST
1 minute Read
മുംബൈ∙ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ റെഡ് ബോൾ ക്രിക്കറ്റിൽനിന്ന് നീണ്ട അവധിയെടുക്കാൻ ഒരുങ്ങി ശ്രേയസ് അയ്യർ. ടെസ്റ്റ് ഫോർമാറ്റിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് സിലക്ടർമാരോടും ഇന്ത്യൻ ടീം മാനേജ്മെന്റിനോടും ശ്രേയസ് ആവശ്യപ്പെട്ടതായാണു റിപ്പോർട്ടുകൾ. കാലങ്ങളായി താരത്തെ പിന്തുടരുന്ന പരുക്കു തന്നെയാണ് ശ്രേയസ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ സീനിയര്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായാണ് ശ്രേയസിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാക്കിയത്.
എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു തൊട്ടുമുൻപ് ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ലക്നൗവിലെ ടീം ക്യാംപ് വിട്ട താരം മുംബൈയിലേക്കാണു പോയത്. ഇതിനു പിന്നാലെ ശ്രേയസ് മുംബൈയിൽ പരിശീലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നടുവിനു വേദനയുള്ള കാര്യം ചീഫ് സിലക്ടർ അജിത് അഗാർക്കറെ ഉൾപ്പെടെ അറിയിച്ച ശേഷമാണ് ശ്രേയസ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്. റെഡ് ബോൾ ക്രിക്കറ്റിലെ ദിവസങ്ങൾ നീണ്ട ജോലി ഭാരം ഇനിയും താങ്ങാൻ ശരീരത്തിനു സാധിക്കില്ലെന്നും ശ്രേയസ് പരാതി പറഞ്ഞു.
അഞ്ചു ദിവസം നീണ്ട മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുക്കും വരെ വിട്ടുനിൽക്കാനാണു ശ്രേയസിന്റെ തീരുമാനം. കഴിഞ്ഞ വർഷം രഞ്ജി ട്രോഫി മത്സരങ്ങളുടെ സമയത്തും ശ്രേയസ് ഫീൽഡിങ്ങിനിടെ ഗ്രൗണ്ടിൽനിന്നു മാറിനിന്നിരുന്നു. ഇന്ത്യ എയിൽ അങ്ങനെയൊരു നീക്കം നടത്താൻ താൽപര്യമില്ലെന്നാണ് അയ്യരുടെ നിലപാട്. ഇതോടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രേയസ് കളിക്കില്ലെന്ന് ഉറപ്പായി.
കഴിഞ്ഞ വർഷം രഞ്ജി സീസണിനിടെ പരുക്കു കാരണം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കളിക്കാൻ സാധിക്കില്ലെന്ന് ശ്രേയസ് മുംബൈ ടീമിനെ അറിയിച്ചിരുന്നു. എന്നാൽ താരത്തിനു പുതിയ പരുക്കുകളില്ലെന്നും ഫിറ്റാണെന്നുമുള്ള റിപ്പോർട്ടായിരുന്നു ദേശീയ ക്രിക്കറ്റ് അക്കാദമി നൽകിയത്. ഓസ്ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രേയസിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. രണ്ട് ഇന്നിങ്സുകളിലുമായി എട്ട്, 13 റൺസുകളാണു താരം നേടിയത്.
ട്വന്റി20യിൽ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും ഏഷ്യാ കപ്പ് ടീമിലേക്കും ശ്രേയസിനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎലിൽ തകർത്തടിച്ച താരം, പഞ്ചാബ് കിങ്സിനെ ഫൈനൽ വരെയെത്തിച്ചിരുന്നു. ഈ വർഷം നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിലാണ് ശ്രേയസ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ശ്രേയസിന്റെ അഭാവത്തിൽ യുവതാരം ധ്രുവ് ജുറേലാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
English Summary:








English (US) ·