Published: November 26, 2025 09:16 AM IST
1 minute Read
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യൻ ടീം ബുദ്ധിമുട്ടുന്നതിനിടെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും ടീം മാനേജ്മെന്റിനെതിരെയും വിമർശനവുമായി വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി. അനാവശ്യമായി കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയ്ക്കു കാരണമെന്ന് വികാസ് കോലി സമൂഹമാധ്യമത്തിൽ കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിക്കാൻ അവസാന ദിവസം 522 റൺസാണ് ഇന്ത്യയ്ക്ക് ആവശ്യം. നാലാം ദിവസം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.
ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിന്റെ പേരെടുത്തു പറയാതെയാണ് വികാസ് കോലിയുടെ വിമർശനം. ‘‘വിദേശത്തു പോലും നമ്മൾ ജയിക്കാനായി കളിച്ചിരുന്ന സമയമുണ്ടായിരുന്നു. ഇപ്പോൾ നമ്മൾ രക്ഷപെടാൻ വേണ്ടിയാണു ശ്രമിക്കുന്നത്. അതും ഇന്ത്യയിൽ. അനാവശ്യമായി ഒരു സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയാണു സംഭവിക്കുക.’’– വികാസ് കോലി ത്രെഡ്സിൽ കുറിച്ചു.
ഗൗതം ഗംഭീർ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്തതിനു ശേഷം ടെസ്റ്റിൽ ഹോം ഗ്രൗണ്ടുകളിലടക്കം ഇന്ത്യൻ ടീം പതറുകയാണ്. സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും വിരമിച്ച ശേഷമാണു കാര്യങ്ങൾ കൂടുതൽ വഷളായത്. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയോട് 3–1ന് തോറ്റ ഇന്ത്യ നാട്ടിൽ ന്യൂസീലന്‍ഡിനോട് 3–0നും തോറ്റു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യത നേടാനും ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ, രണ്ടാം മത്സരത്തിലും തോൽവിയുടെ അരികിലാണ്. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച വിരാട് കോലി ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കോലി കളിക്കുന്നുണ്ട്.
English Summary:








English (US) ·