Published: January 11, 2026 08:25 AM IST Updated: January 11, 2026 09:37 AM IST
1 minute Read
വഡോദര ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു തിരിച്ചടി. പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടീമിൽനിന്നു പുറത്തായി. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഓപ്ഷനൽ പരിശീലന സെഷനിൽ നെറ്റ്സിൽ ബാറ്റു ചെയ്യന്നതിനിടെയാണ് പന്തിനു പരുക്കേറ്റത്. ഏകദേശം ഒരു മണിക്കൂറോളം നന്നായി ബാറ്റു ചെയ്തു ശേഷം ത്രോഡൗൺ സ്പെഷ്യലിസ്റ്റിനെ നേരിടുന്നതിനിടെ അരയ്ക്കു മുകളിൽ ബോൾ കൊള്ളുകയായിരുന്നു.
കഠിനമായ വേദന കാരണം ഉടൻ തന്നെ താരം മുട്ടുകുത്തി വീണു. സപ്പോർട്ട് സ്റ്റാഫ് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഉടൻ തന്നെ താരം ഗ്രൗണ്ട് വിട്ടു. സ്കാനിങ്ങിൽ വാരിയെല്ലിന് പരുക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്നു ഋഷഭ് പന്തിനെ ഒഴിവാക്കിയതെന്ന് ബിസിസിഐ വൃത്തങ്ങൾ ഐഎഎൻഎസിനോട് വ്യക്തമാക്കി. കുറച്ചുദിവസത്തെ വിശ്രമത്തിനു ശേഷം ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ഇനി താരത്തിനു ടീമിലേക്കു തിരിച്ചെത്താനാകൂ.
വിജയ് ഹസാരെ ട്രോഫിയിൽ, ഡൽഹി ടീമിനെ നോക്കൗട്ടിലേക്കു നയിച്ചശേഷമാണ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഡൽഹിക്കായി പന്ത് രണ്ട് അർധസെഞ്ചറി നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയുടെ ഏകദിന ടീമിന്റ ഭാഗമാണെങ്കിൽ 2024 ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് താരം ഏറ്റവുമൊടുവിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. കെ.എൽ.രാഹുലാണ് ഏകദിന ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ് പന്തിനെ ടീമിൽനിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരത്തെ നിലനിർത്തുകയായിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. 2022ൽ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം ടീമിലേക്കു മടങ്ങിയെത്തിയ പന്തിന് കഴിഞ്ഞവർഷം മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയിലും കാലിനു പരുക്കറ്റിരുന്നു. ഇതിനു ശേഷം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പന്ത് പുറത്തായതോടെ ന്യൂസീലൻഡിനെതിരായ പരമ്പരയിൽ പകരം താരത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വിക്കറ്റ് കീപ്പർമാരായ ധ്രുവ് ജുറേൽ, ഇഷാൻ കിഷൻ എന്നിവരിലൊരാൾക്കാണ് സാധ്യത. വിജയ് ഹസാരെ ട്രോഫിയിൽ നാല് സെഞ്ചറികളടക്കം നേടി മിന്നും ഫോമിലുള്ള ജുറേലിനാണ് സാധ്യത കൂടുതൽ. എന്നാൽ ഇടംകയ്യൻ വിക്കറ്റ് കീപ്പറെ തന്നെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ഇഷാൻ കിഷനെത്തും. ട്വന്റി20യിൽ ഒന്നാം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണെ പരിഗണിച്ചേക്കില്ല.
English Summary:








English (US) ·