
ഇന്ത്യൻ താരങ്ങൾ | ഫോട്ടോ - എപി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജേഴ്സി സ്പോൺസറായി അപ്പോളോ ടയേഴ്സ്. 2027 വരേയാണ് കരാർ. ഡ്രീം ഇലവൻ ആയിരുന്നു നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി സ്പോൺസർഷിപ്പ് ഉണ്ടായിരുന്നത്. എന്നാൽ ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാനുള്ള ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതിനു പിന്നാലെ കരാർ അവസാനിപ്പിച്ചിരുന്നു.
നിലവിൽ ഏഷ്യാ കപ്പിൽ സ്പോൺസർമാരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. 579 കോടിയുടെ കരാറാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐക്കുള്ളതെന്ന് റിപ്പോർട്ട്. ഓരോ മത്സരത്തിനും അപ്പോളോ ടയേഴ്സ് ബിസിസിഐയ്ക്ക് 4.5 കോടി രൂപ നൽകണം. നേരത്തെ 4 കോടി രൂപയായിരുന്നു ഡ്രീം ഇലവൻ കമ്പനി നൽകിയിരുന്നത്.
ഓട്ടോമൊബൈല്‍ നിര്‍മാണകമ്പനിയായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്നീ കമ്പനികൾ സ്പോൺസർഷിപ്പിനായി രംഗത്തുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി സമീപിച്ചതായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇതിനിടെയാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐ കരാറിലെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കാലാവധി തീരും മുന്‍പേ അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴത്തുകയൊന്നും നല്‍കേണ്ടിവന്നിരുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്‌പോണ്‍സറിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ലെന്നര്‍ഥം.
ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതോടെ മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രവർത്തനം നിർത്തിയിരുന്നു.
Content Highlights: Apollo Tyres Secures Indian Cricket Team Jersey Sponsorship Until 2027








English (US) ·