Published: June 18 , 2025 09:34 AM IST
1 minute Read
നീലേശ്വരം (കാസർകോട്) ∙ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം പി.മാളവികയും. നീലേശ്വരം ബങ്കളം സ്വദേശിയാണ് ഇരുപത്തിയൊന്നുകാരിയായ മാളവിക. ബെംഗളൂരുവിൽ ഒരു മാസത്തെ പരിശീലനത്തിനു ശേഷം ഉസ്‌ബെക്കിസ്ഥാനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ മികച്ച പ്രകടനമാണ് ഫോർവേഡായ മാളവിക കാഴ്ച വച്ചത്. ടീം ഇന്നലെ തായ്‌ലൻഡിലേക്കു പുറപ്പെട്ടു. 1999നു ശേഷം ഇന്ത്യൻ വനിതാ ടീമിലെത്തുന്ന മലയാളിയാണു മാളവിക.
കൊച്ചി സ്വദേശി ബെന്റില ഡികോത്തയാണ് ഇതിനു മുൻപ് ഇന്ത്യൻ ടീമിൽ കളിച്ച മലയാളി. 23നു മംഗോളിയയ്ക്കെതിരെയാണ് ആദ്യ മത്സരം. ഗ്രൂപ്പ് ജേതാക്കളായാൽ അടുത്ത വർഷം മാർച്ചിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യാകപ്പിൽ പങ്കെടുക്കാം. മുൻ ഇന്ത്യൻ വനിതാ ഫുട്ബാൾ താരം ക്രിസ‌്പിൻ ഛേത്രിയാണ് മുഖ്യ പരിശീലക. മലയാളിയായ പി.വി.പ്രിയയാണ് സഹപരിശീലക. ബങ്കളത്തെ കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു മാളവികയുടെ പ്ലസ്ടു വരെയുള്ള പഠനം. മാളവികയെ മിനുക്കിയെടുത്തത് പരിശീലകരായ ബി.നിധീഷും പ്രീതിയുമാണ്.
മിസാകെ യുണൈറ്റഡ് ബെംഗളൂരു, കെംപ് എഫ്‌സി, ട്രാവൻകൂർ എഫ്‌സി, കൊൽക്കത്ത റെയിൻബോ അത്‌ലറ്റിക് ക്ലബ്, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ടീമുകളിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിൽ ഇടം കിട്ടുന്നതിലേക്കു നയിച്ചത്.മാളവികയ്ക്കു 11 വയസ്സുള്ളപ്പോഴായിരുന്നു അച്ഛൻ പ്രസാദിന്റെ മരണം. അമ്മ മിനിയുടെ മേൽനോട്ടത്തിലാണ് പഠനവും പരിശീലനവുമെല്ലാം. തൃശൂർ കാർമൽ കോളജിൽ ബികോം വിദ്യാർഥിയാണു മാളവിക. സഹോദരൻ സിദ്ധാർഥ ലണ്ടനിൽ എംബിഎ വിദ്യാർഥിയാണ്.
English Summary:








English (US) ·