അഹമ്മദാബാദ്∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏകദിന ടീമിന്റെ ക്യാപ്റ്റൻസി മാറ്റവും രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ഭാവിയുമെല്ലാം ചർച്ചയായെങ്കിലും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് മറ്റൊരു താരമാണ്. പുതിയ ഏകദിന ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലോ മലയാളി താരം സഞ്ജു സാംസണോ അല്ലത്. പേസർ ഹർഷിത് റാണ.
ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങൾക്ക് അഞ്ച് ട്വന്റി20 മത്സരങ്ങൾക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രണ്ടിലും ഇടം നേടിയത് ഏഴു താരങ്ങളാണ്. ആ ഏഴിലൊരാളായി ഹർഷിത് റാണയുണ്ട്. എന്നാൽ കളിച്ച മത്സരങ്ങളിലൊന്നും വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാതിരുന്ന താരത്തിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നതിൽ വ്യാപക വിമർശനമാണ് ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. കോച്ച് ഗൗതം ഗംഭീറിന്റെ ‘പെറ്റ് ക്വാട്ട’യിലാണ് താരം കയറിപ്പറ്റുന്നതെന്നാണ് പരിഹാസം.
മുഹമ്മദ് ഷമി, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ തുടങ്ങിയവരെ ഒഴിവാക്കിയ 15 അംഗ ഏകദിന ടീമിലാണ് ഹർഷിത് റാണ ഉൾപ്പെട്ടത്. ഫെബ്രുവരിയിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ജേതാക്കളായ ഏകദിന ടീമിലും ഹർഷിത് ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ട്വന്റി20 ടീമിലും ഹർഷിത് സ്ഥാനം പിടിച്ചു. ഇതോടെ മൂന്നു ഫോർമാറ്റുകളിലും പരിഗണിക്കപ്പെടുന്ന ചുരുക്കം താരങ്ങളിൽ ഒരാളായി ഹർഷിത് മാറി.
ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനും മുൻ ക്യാപ്റ്റനുമായ കൃഷ്ണമാചാരി ശ്രീകാന്ത്. മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായുള്ള ബന്ധമാണ് ഹർഷിതിന് അവസരം ലഭിക്കാൻ കാരണമെന്ന് ശ്രീകാന്ത് ആരോപിച്ചു. ഐപിഎലിൽ ഗംഭീർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ചായിരുന്ന കാലം മുതൽ ടീമിലംഗമാണ് ഹർഷിത്.
‘‘നിരന്തരം ഇത്തരം സെലക്ഷനുകൾ നടത്തുന്നതിലൂടെ, അവർ കളിക്കാരെ തന്നെ ആശയക്കുഴപ്പത്തിലാക്കുന്നു. സെലക്ഷൻ എന്തായിരിക്കുമെന്ന് നമുക്ക് പോലും ഉറപ്പില്ല. പെട്ടെന്ന് യശസ്വി ജയ്‌സ്വാൾ അവിടെ എത്തും, അടുത്ത നിമിഷം അദ്ദേഹം അവിടെ ഉണ്ടാകില്ല. ഒരു സ്ഥിരം അംഗം മാത്രമേയുള്ളൂ - ഹർഷിത് റാണ. എന്തുകൊണ്ടാണ് അദ്ദേഹം ടീമിൽ ഉള്ളതെന്ന് ആർക്കും അറിയില്ല. എല്ലായ്‌പ്പോഴും വെട്ടിയും മാറ്റിയും അവർ കളിക്കാരുടെ ആത്മവിശ്വാസം തകർക്കും.
“ചില കളിക്കാരെ അവർ നന്നായി കളിച്ചാലും ടീമിലെടുക്കില്ല, മറ്റു ചിലർ നന്നായി കളിച്ചില്ലെങ്കിലും അവരെ എടുക്കും. ഹർഷിത് റാണയെപ്പോലെ ആയിരിക്കുകയും തിരഞ്ഞെടുക്കാൻ എപ്പോഴും ഗംഭീറിനെ പോലെ ഒരാൾ ഉണ്ടായിരിക്കുകയുമാണ് ഏറ്റവും നല്ലത്. 2027 ലോകകപ്പ് ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങണം. പക്ഷേ അവർ അങ്ങനെ ചെയ്തിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ഹർഷിത് റാണയെയും നിതീഷ് കുമാർ റെഡ്ഡിയെയുമാണ് പരിഗണിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ട്രോഫിയോട് വിട പറയാം.’’– ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
‘‘സിനിമകളിൽ കാണുന്നതുപോലുള്ള ഗിമ്മിക്കുകളാണ് ഹർഷിത് റാണ ചെയ്യുന്നത്. നന്നായി പന്തെറിയാതെ, ഇത്തരം പ്രതികരണങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല. ഐപിഎലിലും അദ്ദേഹം ഇത്തരം ഗിമ്മിക്കുകളാണ് ചെയ്യുന്നത്. ഇതൊരു നല്ല മനോഭാവമല്ല, വെറും ഷോ മാത്രമാണ്. പന്ത് പിടിച്ചതിനു ശേഷം അയാൾ ഡ്രൈവ് ചെയ്യുന്നു. പന്തു പിടിച്ച ശേഷം എന്തിനാണ് ഡൈവ് ചെയ്യുന്നത്? ആക്രമണോത്സുകത വ്യത്യസ്തമാണ്, പക്ഷേ ചെറുപ്പത്തിൽ ഇത്രയധികം ഷോ നടത്തിയതിനാലാണ് ഇന്ന് അദ്ദേഹത്തിന് ‘അടി’ കിട്ടുന്നത്.’’– ശ്രീകാന്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുമായി നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പര്യടനത്തിലാണ് റാണ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്, രണ്ട് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റുകൾ നേടി. പിന്നീട് ഇംഗ്ലണ്ടിനെതിരെ ഏകദിന അരങ്ങേറ്റം നടത്തി, തുടർന്ന് യുഎഇയിൽ നടന്ന ഏകദിന ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം നേടി. കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യാ കപ്പ് ട്രോഫിയിലും ഹർഷിതുണ്ടായയിരുന്നു. രണ്ടു മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. ഒമാനെതിരെ 25 റൺസ് വഴങ്ങിയപ്പോൾ ശ്രീലങ്കയ്ക്കെതിരെ നാല് ഓവറിൽ 54 റൺസാണ് താരം വിട്ടുകൊടുത്തത്.
English Summary:








English (US) ·