ഇന്ത്യൻ ടീമിൽ കളിക്കാൻ ഇടമില്ല, വെള്ളം ചുമന്ന് ഞാനൊരു വലിയ വീട് ഉണ്ടാക്കി: ലോകകപ്പ് താരത്തിന്റെ വെളിപ്പെടുത്തൽ

2 months ago 2

ഓൺലൈൻ ഡെസ്ക്

Published: November 20, 2025 12:46 PM IST Updated: November 20, 2025 10:43 PM IST

1 minute Read

parthiv-patel-1248
പാർഥിവ് പട്ടേൽ. Photo: FB@ParthivPatel

മുംബൈ∙ മത്സരങ്ങളിൽ ഇടം ലഭിക്കാതെ, വെള്ളം ചുമന്ന് താൻ ഒരു വലിയ വീടുവച്ചെന്ന് മുൻ ഇന്ത്യൻ താരം പാര്‍ഥിവ് പട്ടേൽ. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് പാർഥിവ് പട്ടേൽ 2003 ലോകകപ്പിലെ അനുഭവങ്ങൾ തമാശരൂപേണ വെളിപ്പെടുത്തിയത്. 2003 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ഫൈനലുൾപ്പടെ ഒരു മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. രാഹുൽ ദ്രാവിഡായിരുന്നു ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 125 റൺസിനു തോൽപിച്ചിരുന്നു.

‘‘​ഞാന്‍ 85 ഏകദിന മത്സരങ്ങളിൽ വെള്ളം ചുമന്നിട്ടുണ്ട്. രാഹുൽ ദ്രാവിഡ് വിക്കറ്റ് കീപ്പറാകുമ്പോൾ ഞാൻ വെള്ളം കൊടുക്കും. 2003 ലോകകപ്പിൽ മുഴുവൻ എനിക്ക് അതായിരുന്നു പണി. വെള്ളം കൊടുത്ത് കൊടുത്ത് ഞാനൊരു വലിയ വീടുവച്ചു.’’– ‘കോമഡി ഫാക്ടറി’ പരിപാടിയിൽ പാർഥിവ് പട്ടേൽ പ്രതികരിച്ചു. 17–ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർഥിവ് പട്ടേൽ. ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറുന്ന പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും പാർഥിവ് സ്വന്തമാക്കിയിരുന്നു.

കരിയറിന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് താരം ആൻഡ്രു ഫ്ലിന്റോഫ് തന്നെ ‘സ്‍‌ലെഡ്ജ്’ ചെയ്തിട്ടുണ്ടെന്നും അന്ന് ഇംഗ്ലിഷ് അറിയാത്തതിനാൽ അതു മനസ്സിലായില്ലെന്നും പാർഥിവ് വ്യക്തമാക്കി. ‘‘എനിക്ക് അപ്പോൾ 17 വയസ്സായിരുന്നു. ഞാൻ പഠിക്കുന്നത് ഒരു ഗുജറാത്തി മീഡിയം സ്കൂളിലും. ആൻ‍ഡ്രു ഫ്ലിന്റോഫ് എന്താണു പറഞ്ഞതെന്ന് എനിക്ക് എങ്ങനെ മനസ്സിലാകാനാണ്.’’– പാർഥിവ് വ്യക്തമാക്കി. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പാർഥിവ് പട്ടേൽ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. 2020 ഡിസംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും താരം വിരമിച്ചു.

English Summary:

Built A Big House By Carrying Water: Parthiv Patel

Read Entire Article