ഹാമിൽട്ടൽ ∙ ന്യൂസീലൻഡിനെതിരെ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിനു ശേഷം ഇന്ത്യൻ ടീം മാനേജ്മെന്റിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. ഹാമിൽട്ടനിൽ നടക്കുന്ന മൂന്നാം ഏകദിനത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ പരിശീലകസംഘം രണ്ടു വിഭാഗങ്ങളായി പിരിയുമെന്നാണ് സൂചന. ക്രമീകരണങ്ങൾ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, ശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾക്കായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സ്പിൻ ബോളിങ് പരിശീലകൻ സായ്‌രാജ് ബഹുതുലെയും ഏകദിന ടീമിനൊപ്പം മൗണ്ട് മൗംഗനൂയിയിലേക്ക് പോകാനാണ് സാധ്യത.
What you should work next
അതേസമയം, ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കും പേസ് ബോളിങ് പരിശീലകൻ മോൺ മോർക്കലും ആദ്യ ടെസ്റ്റിന് മുന്നോടിയായി വെല്ലിങ്ടനിൽ നടക്കുന്ന പരിശീലന ക്യാംപിൽ പങ്കെടുക്കുന്നതിനായി ടെസ്റ്റ് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. നവംബർ 19നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നാലും അഞ്ചും ഏകദിനങ്ങൾക്ക് ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമാണ് ഇറങ്ങുന്നത്. ‘‘ക്രമീകരണങ്ങളിൽ ഇനിയും മാറ്റമുണ്ടാകാം. എന്നാൽ എനിക്കറിയാവുന്നിടത്തോളം ഗംഭീർ ഇവിടെത്തന്നെ തുടരേണ്ടിവരും. 2027ലെ ഏകദിന ലോകകപ്പ് മുന്നിലുള്ളതിനാൽ അദ്ദേഹം ഇവിടെ തുടരാനാണ് സാധ്യത. സായ്‌രാജും ഇവിടെത്തന്നെ തുടരാനാണ് സാധ്യത.’’– തിങ്കളാഴ്ച ഹാമിൽട്ടനിൽ നടന്ന വാർത്താസമ്മേളനത്തിൽ കോട്ടക് പറഞ്ഞു.
‘‘ഞാനും മോർക്കലും പരിശീലകസംഘത്തിലെ മറ്റു ചില അംഗങ്ങളും വെല്ലിങ്ടമിലേക്ക് പോകും. നിലവിൽ തീരുമാനിച്ചിരിക്കുന്നത് അങ്ങനെയാണ്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഗൗതമാണ്. ഇതിൽ മാറ്റമുണ്ടാകാം. എങ്കിലും സാധ്യത ഇതുതന്നെയാണ്. താരങ്ങളുടെ ജോലിഭാരം, കായികക്ഷമത, പരിശീലനം എന്നിവയെല്ലാം പരിഗണിച്ച് നിലവിലെ സാഹചര്യങ്ങൾ അനുവദിക്കുന്നത്ര മികച്ച മുന്നൊരുക്കങ്ങൾ നടത്താനാണ് ഞങ്ങളുടെ ശ്രമം.’’– കോട്ടക് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഏകദിന ടീമിലുള്ള മൂന്നു പേസ് ബോളർമാർ, ടെസ്റ്റ് ടീമിനെ സഹായിക്കുന്നതിനായി ന്യൂസീലൻഡിൽ തന്നെ തുടരുമെന്നും കോട്ടക് വെളിപ്പെടുത്തി. നെറ്റ്‌സിൽ പന്തെറിയുന്നതിനും പകരക്കാരായി ടീമിനൊപ്പം പ്രവർത്തിക്കുന്നതിനുമാണ് ഇവർ തുടരുന്നത്. ഗുർനൂർ ബ്രാർ, അക്വിബ് നബി, അർഷ്ദീപ് സിങ് എന്നിവരായിരിക്കും ഈ മൂന്നു താരങ്ങളെന്നാണ് സൂചന.
ഏകദിന മത്സരങ്ങളിൽ ബാറ്റു ചെയ്യുന്ന താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനായുള്ള സാങ്കേതിക മാറ്റങ്ങൾ ഏകദിനത്തിലേക്ക് കൊണ്ടുവരില്ലെന്നും കോട്ടക് വ്യക്തമാക്കി. ന്യൂസീലൻഡിലെ വെല്ലുവിളി നിറഞ്ഞ പിച്ചുകൾ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള മികച്ച തയാറെടുപ്പായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദിനത്തിൽനിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറുമ്പോൾ ശുഭ്മാൻ ഗില്ലും കെ.എൽ. രാഹുലും സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഓരോ ഫോർമാറ്റിനും അനുയോജ്യമായ മനോഭാവവും കളിശൈലിയും താരങ്ങൾ നിലനിർത്തുമെന്നും കോട്ടക് പറഞ്ഞു. എന്നാൽ ഏകദിന മത്സരങ്ങളിൽ നേരിടേണ്ടിവന്ന പന്തിന്റെ സ്വിങ്, സീം മൂവ്‌മെന്റ്, ബൗൺസ് എന്നിവ ടെസ്റ്റ് ഫോർമാറ്റിലെ വെല്ലുവിളികൾ നേരിടാൻ താരങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘വൈറ്റ് ബോൾ ക്രിക്കറ്റിൽ ആരും ടെസ്റ്റ് മത്സരങ്ങൾക്കായുള്ള സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരില്ല. എന്നാൽ രണ്ടു ഏകദിനങ്ങളിലും പിച്ചുകളിൽ പന്തിന് മികച്ച സ്വിങ് ലഭിച്ചിരുന്നു. നാലോ ആറോ ഓവറുകൾക്ക് ശേഷം സ്വിങ് കുറഞ്ഞപ്പോഴും സീം മൂവ്‌മെന്റ് തുടർന്നു. കൂടാതെ ചില പന്തുകൾ പ്രതീക്ഷിക്കാത്ത രീതിയിൽ ബൗൺസ് ചെയ്യുകയും ചെയ്തു.’’– കോട്ടക് പറഞ്ഞു.
12 മുതൽ 14 മില്ലിമീറ്റർ വരെ പുല്ലുള്ള പിച്ചുകളും നിലവിലെ കാലാവസ്ഥയും ഉൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ താരങ്ങൾക്ക് മികച്ച അനുഭവസമ്പത്ത് നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ ഏകദിന മത്സരങ്ങളിൽ കാണാറുള്ള ഉയർന്ന സ്കോറുകൾ ഈ മത്സരങ്ങളിൽ പിറക്കാത്തതും താരങ്ങൾക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കളിക്കാനുള്ള അവസരമൊരുക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ എ ടീമിന്റെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ടെസ്റ്റ് താരങ്ങളുടെ തയാറെടുപ്പിൽ നിർണായകമാണെന്ന് കോട്ടക് പറഞ്ഞു. ന്യൂസീലൻഡിലെ സാഹചര്യങ്ങൾ, ബോളർമാർ ഉപയോഗിക്കേണ്ട ലെങ്ത്, പന്തിന്റെ സ്വഭാവം എന്നിവ മനസ്സിലാക്കാൻ ഈ മത്സരങ്ങൾ ബാറ്റർമാരെയും ബോളർമാരെയും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
നവംബർ 11ന് ടെസ്റ്റ് ടീമിനായി പ്രത്യേക പരിശീലന ക്യാംപ് ആരംഭിക്കുമെന്നും കോട്ടക് അറിയിച്ചു. നവംബർ 19ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി അഞ്ച് മുതൽ ആറ് വരെ പരിശീലന സെഷനുകൾ നടത്താനാണ് പദ്ധതി. ‘‘മൊത്തത്തിൽ വളരെ മികച്ച രീതിയിലുള്ള തയാറെടുപ്പുകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. അതിനുപുറമെ, ടെസ്റ്റ് താരങ്ങൾക്കായി നവംബർ 11ന് പരിശീലന ക്യാംപ് ആരംഭിക്കും. അതിലൂടെ അഞ്ച് മുതൽ ആറ് വരെ പരിശീലന സെഷനുകൾ ലഭിക്കും. എല്ലാം പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോയാൽ ടെസ്റ്റ് പരമ്പരയ്ക്കും മികച്ച രീതിയിൽ തയാറെടുക്കാൻ നമുക്ക് സാധിക്കും.’’– അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:






English (US) ·