Published: August 12, 2025 09:07 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്താൻ വിരാട് കോലിയും രോഹിത് ശർമയും ‘ഒരു പടി താഴോട്ട്’ ഇറങ്ങുമോ? ഒക്ടോബറിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ ഇരുവരുടെയും സ്ഥാനത്തിന് വെല്ലുവിളിയില്ല. എന്നാൽ ഏറെക്കാലമായി കളം വിട്ടുനിൽക്കുന്ന ഇരുവരും എങ്ങനെ ഫോമും ഫിറ്റ്നസും തെളിയിക്കുമെന്നതാണ് പ്രധാന ചോദ്യം. സെപ്റ്റംബർ അവസാനവാരം ഓസ്ട്രേലിയൻ എ ടീമിനെതിരായ ലിസ്റ്റ് എ പരമ്പരയിൽ ഇന്ത്യൻ എ ടീമിനൊപ്പം കളിച്ച് ഫോം വീണ്ടെടുക്കാനുള്ള അവസരം സീനിയർ താരങ്ങൾക്കു മുന്നിലുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 5 വരെ നീളുന്ന പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. അഹമ്മദാബാദിൽ ഇന്ത്യ –വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരവും ഇതേ സമയത്താണ്.
രാജ്യാന്തര ഏകദിനത്തിൽ സംയുക്തമായി 83 സെഞ്ചറികളും 25,000ൽ അധികം റൺസും സ്വന്തമായുള്ള സൂപ്പർ താരങ്ങളോട് ലിസ്റ്റ് എ ക്രിക്കറ്റ് കളിച്ച് ഫോം തെളിയിക്കാൻ ഇന്ത്യൻ സിലക്ടർമാർ ആവശ്യപ്പെടുമോയെന്ന ആകാംക്ഷയിലാണ് ആരാധകരുടെ കാത്തിരിപ്പ്. കഴിഞ്ഞവർഷത്തെ ബോർഡർ–ഗാവസ്കർ ട്രോഫിയിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ കോലിയും രോഹിത്തും ഉൾപ്പെട്ട സീനിയർ താരങ്ങളെല്ലാം ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുക്കണമെന്ന നിർദേശം ബിസിസിഐ മുന്നോട്ടു വച്ചിരുന്നു.
ഇതേത്തുടർന്ന് ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കോലി ഡൽഹി ടീമിനു വേണ്ടിയും രോഹിത് മുംബൈ ടീമിനുവേണ്ടിയും രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങി. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ട്വന്റി20 ടീമുകളുടെ ഭാഗമല്ലാത്തതിനാൽ ഫോം തെളിയിച്ച് ഏകദിന ടീമിൽ സ്ഥാനം നിലനിർത്താൻ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിലും ഇത്തവണ കോലിക്കും രോഹിത്തിനും കളിക്കേണ്ടി വന്നേക്കും. കോലി 2010ലും രോഹിത് ശർമ 2018ലുമാണ് അവസാനമായി വിജയ് ഹസാരെ ടൂർണമെന്റിൽ കളിച്ചത്.
ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം ഇന്ത്യൻ ടീമിന്റെ അടുത്ത ഏകദിന പരമ്പര നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. നവംബർ 30ന് ആരംഭിക്കുന്ന ആ പരമ്പരയ്ക്ക് മുൻപ് ദക്ഷിണാഫ്രിക്കയുടെയും ഇന്ത്യയുടെയും എ ടീമുകൾ തമ്മിൽ നവംബർ രണ്ടാംവാരം 3 ലിസ്റ്റ് എ മത്സരങ്ങൾ കളിക്കുന്നുണ്ട്. മത്സരങ്ങളുടെ ഇടവേള കുറയ്ക്കാൻ അതിനാൽ, ഇന്ത്യൻ എ ടീമിൽ കളിക്കാൻ സൂപ്പർതാരങ്ങൾ നിർബന്ധിതരായേക്കും.
ഒക്ടോബർ 19 മുതൽ 25 വരെയാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ 3 മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കുന്നത്. കഴിഞ്ഞ മാർച്ച് 9ന് നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ അവസാന രാജ്യാന്തര മത്സരം കളിച്ച രോഹിത്തും കോലിയും അടുത്ത മത്സരത്തിന് ഇറങ്ങുകയാണെങ്കിൽ അത് 224 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷമാകും.
English Summary:








English (US) ·