Published: May 29 , 2025 09:22 AM IST
1 minute Read
ഇന്ത്യൻ ട്വന്റി20 ടീമിനെ തിരഞ്ഞെടുക്കുന്നതിലും ബുദ്ധിമുട്ടേറിയ ജോലിയാണ് അനുയോജ്യമായ ഓപ്പണിങ് ജോടിയെ കണ്ടെത്തുന്നത്. സിലക്ടർമാർക്ക് വൻ തലവേദന സൃഷ്ടിച്ചുകൊണ്ട് ഇത്തവണ ഐപിഎൽ ഓപ്പണിങ് സ്പോട്ടിൽ ഇന്ത്യൻ യുവതാരങ്ങളുടെ താണ്ഡവമാണ്. അടുത്ത വർഷം ആദ്യം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിന് ഏറ്റവുമിണങ്ങിയ ഓപ്പണിങ് ജോടിയെ ഒരുക്കിയെടുക്കേണ്ടതുണ്ട്.
രോഹിത് ശർമയും വിരാട് കോലിയും വിരമിച്ച ഒഴിവിലേക്ക് പ്രകടന മികവുമായി മത്സരിക്കുകയാണ് യുവതാരങ്ങൾ. നിലവിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ മലയാളി താരം സഞ്ജു സാംസൺ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ എന്നിവരാണ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ ഓപ്പണർമാർ. ഇവർക്കൊപ്പമാണ് ആ സ്ഥാനത്തേക്കാണ് ഒരുപിടി യുവതാരങ്ങൾ കൂട്ടത്തോടെ അവകാശവാദം ഉന്നയിക്കുന്നത്.
∙ ഇവർ പ്രധാനികൾ
ട്വന്റി20യിലെ ഏറ്റവും അപകടകാരികളായ ഓപ്പണർമാരുടെ കൂട്ടത്തിൽ പെടുത്താവുന്ന 2 ഇടംകയ്യൻമാരാണ് മുൻനിരയിലുള്ളത്; അഭിഷേക് ശർമയും യശസ്വി ജയ്സ്വാളും. യശസ്വി ഐപിഎലിൽ 14 മത്സരങ്ങളിൽനിന്ന് 559 റൺസാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 159.71. സ്ഥിരതയില്ലായ്മ അലട്ടുമ്പോഴും 13 ഇന്നിങ്സുകളിൽ നിന്ന് അഭിഷേക് നേടിയത് 439 റൺസ്. സ്ട്രൈക്ക് റേറ്റ് 193.39.
പൊതുവേ ശാന്തരാണെന്നു തോന്നുമെങ്കിലും ഐപിഎലിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടിയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മൻ ഗില്ലും സായ് സുദർശനും. 14 മത്സരങ്ങളിൽനിന്ന് ഗില്ലിന്റെ നേട്ടം 649 റൺസ്. സ്ട്രൈക്ക് റേറ്റ് 156.38. സുദർശനാവട്ടെ 156.38 സ്ട്രൈക്ക് റേറ്റിൽ നേടിയത് 679 റൺസ്.
പഞ്ചാബ് കിങ്സിന്റെ പ്രഭ്സിമ്രൻ സിങ് – പ്രിയാംശ് ആര്യ സഖ്യമാണ് മറ്റൊരു പ്രമുഖ ഓപ്പണിങ് ജോടി. പ്രിയാംശ് ആര്യ 183.55 സ്ട്രൈക്ക് റേറ്റിൽ 424 റൺസ് നേടിയപ്പോൾ പ്രഭ്സിമ്രൻ 165.78 സ്ട്രൈക്ക് റേറ്റിൽ 499 റൺസടിച്ചു.
സീനിയർ ടീമിൽ കളിക്കാനുള്ള പ്രായമായോ എന്നു സംശയിക്കാമെങ്കിലും രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ വൈഭവ് സൂര്യവംശിയും ഓപ്പണർ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. 7 മത്സരങ്ങളിൽ നിന്ന് വൈഭവ് നേടിയത് 252 റൺസ്. സ്ട്രൈക്ക് റേറ്റ് 206.56.
ചെന്നൈ സൂപ്പർ കിങ്സിന്റെ പതിനേഴുകാരൻ ആയുഷ് മാത്രെയും വെടിക്കെട്ട് തുടക്കം നൽകുന്നതിൽ മിടുക്കനാണ്. 7 മത്സരങ്ങളിൽനിന്ന് 188.97 ശരാശരിയിൽ നേടിയത് 240 റൺസ്.
English Summary:









English (US) ·