Published: September 20, 2025 11:28 AM IST Updated: September 20, 2025 12:08 PM IST
1 minute Read
അബുദാബി∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരായ മത്സരത്തിനു മുന്നോടിയായി ഇന്ത്യയ്ക്ക് തിരിച്ചടി. ഓൾറൗണ്ടർ അക്ഷർ പട്ടേലിനു പരുക്കേറ്റതാണ് ഇന്ത്യൻ ക്യാംപിൽ ആശങ്ക പരത്തിയിരിക്കുന്നത്. വെള്ളിയാഴ്ച, ഒമാനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് അക്ഷറിന്റെ തലയ്ക്കു പരുക്കേറ്റത്.
ഒമാൻ ഇന്നിങ്സിന്റെ 15–ാം ഓവറിലാണ് സംഭവം. ശിവം ദുബെ എറിഞ്ഞ ബോൾ, ഒമാൻ ബാറ്റർ ഹമ്മദ് മിർസ കട്ട് ചെയ്ത് മിഡ്-ഓഫിലേക്കു പായിച്ചു. അവിടെ നിന്നിരുന്ന അക്ഷർ, പന്തു തടയാൻ രണ്ടു തവണ ശ്രമിച്ചെങ്കിലും മൂന്നാം ശ്രമത്തിൽ തലയിടിച്ചു താഴെ വീഴുകയായിരുന്നു. ഇതിനുശേഷം മൈതാനം വിട്ട താരം, പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയതുമില്ല. ഒരോവർ മാത്രമാണ് അക്ഷർ ബോൾ ചെയ്തിരുന്നത്. നാല് റൺസേ ആ ഓവറിൽ വഴങ്ങിയിരുന്നുള്ളൂ.
ബാറ്റിങ്ങിൽ, അഞ്ചാം നമ്പറിൽ ഇറങ്ങിയ അക്ഷർ, 13 പന്തിൽനിന്നു മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 26 റൺസ് നേടിയിരുന്നു. മധ്യനിരയിൽ അക്ഷറിന്റെ ഇന്നിങ്സ്, ഇന്ത്യയ്ക്കു നിർണായകവുമായി. അക്ഷറിന്റെ പരുക്ക് ഗുരുതരമല്ലെന്നും താരെ സുഖമായിരിക്കുന്നെന്നും മത്സരശേഷം ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ടി.ദിലീപ് അറിയിച്ചു.
എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിന് 48 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ, താരത്തിന്റെ ഫിറ്റ്നസ് ഇപ്പോഴും ആശങ്കയായി തുടരുന്നു. അക്ഷറിനെ കൂടാതെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നീ ഓൾറൗണ്ടർമാരുമായാണ് ഇന്ത്യ ഏഷ്യാകപ്പിൽ ഇറങ്ങുന്നത്. എന്നാൽ ടീമിലെ ഏക സ്പിൻ ഓൾറൗണ്ടർ അക്ഷറാണ്.
അക്ഷർ കളിച്ചില്ലെങ്കിൽ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നീ രണ്ടു സ്പിന്നർമാരെ മാത്രമേ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഉണ്ടാകൂ. പകരം മറ്റൊരു പേസറെ ഇറക്കേണ്ടി വരും. അബുദാബിയിൽ ഒമാനെതിരെ വരുൺ ചക്രവർത്തിയെ ഒഴിവാക്കിയെങ്കിലും പാക്കിസ്ഥാനെതിരായ മത്സരം നടക്കുന്ന ദുബായ്, സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണ്.
അതുകൊണ്ടു തന്നെ അക്ഷറിന്റെ പരുക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഏഷ്യാ കപ്പിലെ സ്റ്റാൻബൈ താരമായി വാഷിങ്ടൻ സുന്ദറുണ്ട്. താരത്തെ ടീമിലേക്ക് ഉൾപ്പെടുത്തിയില്ലെങ്കിൽ അഭിഷേക് ശർമ ഉൾപ്പെടെയുള്ള പാർട് ടൈം സ്പിന്നർമാരെ ആശ്രയിക്കേണ്ടി വരും.
English Summary:








English (US) ·