Published: May 09 , 2025 09:38 AM IST Updated: May 09, 2025 09:50 AM IST
1 minute Read
ലണ്ടൻ ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം ആക്രമണം തുടരുന്നതിനിടെ, പാക്കിസ്ഥാൻ ക്രിക്കറ്റിനും വൻ തിരിച്ചടി. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ പാക്കിസ്ഥാനിൽനിന്ന് മാറ്റി. ഇനിയുള്ള പിഎസ്എൽ മത്സരങ്ങൾക്ക് യുഎഇ ആയിരിക്കും വേദിയാകുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു.
നിലവിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടി, മുൾട്ടാൻ, ലഹോർ എന്നിവിടങ്ങളിലായാണ് പിഎസ്എൽ മത്സരങ്ങൾ നടന്നിരുന്നത്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വിദേശ താരങ്ങൾ ഉൾപ്പെടെ പാക്കിസ്ഥാനിൽനിന്ന് മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ്, ശേഷിക്കുന്ന എട്ടു മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുന്നത്. വേദിമാറ്റം അപ്രതീക്ഷിതമായതിനാൽ, യുഎഇയിൽ മത്സരങ്ങൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ തയാറാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സംവിധാനങ്ങൾ ക്രമീകരിച്ച ശേഷമാകും ശേഷിക്കുന്ന മത്സരങ്ങളുടെ വിദേകളും മത്സരക്രമവും തീരുമാനിക്കുക.
അതിനിടെ, പാക്കിസ്ഥാൻ സൂപ്പർ ലീഗ് തടസപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പിസിബി ചെയർമാൻ മൊഹ്സിൻ ഖാൻ രംഗത്തെത്തി. മത്സരവേദിയായ റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പിസിബി ചെയർമാന്റെ ആരോപണം. ഇന്ത്യ ഉത്തരവാദിത്തരഹിതമായി പെരുമാറുകയാണെന്നും നഖ്‌വി ആരോപിച്ചു. അതേസമയം, പാക്കിസ്ഥാന്റെ സൈനിക സംവിധാനങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പ്രത്യേകിച്ചും വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വിശദീകരിച്ചിരുന്നു.
നേരത്തെ, നാട്ടിലേക്കു തിരിച്ചു പോകാൻ വഴികൾ തേടി പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പ്രഫഷനൽ ക്രിക്കറ്റേഴ്സ് അസോസിയേഷനും സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. ഇംഗ്ലിഷ് താരങ്ങളിൽ ചിലർ തിരികെ പോരാൻ ആഗ്രഹിക്കുന്നതായാണ് വിവരം. ഇംഗ്ലണ്ട് താരങ്ങളായ ജയിംസ് വിൻസ്, ടോം കുറാൻ, സാം ബില്ലിങ്സ്, ക്രിസ് ജോർദാൻ, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ടോം കോലെർ, പരിശീലകരായ രവി ബൊപ്പാര, അലക്സാണ്ട്ര ഹാർട്‌ലി എന്നിവർ പിഎസ്എലിന്റെ ഭാഗമാണ്.
English Summary:








English (US) ·