ഇന്ത്യൻ പരിശീലകനാകാൻ അപേക്ഷ നൽകി സ്പാനിഷ് ഇതിഹാസം ചാവി! പണമില്ലാത്തതിനാൽ ഒഴിവാക്കി

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 25 , 2025 08:17 AM IST

1 minute Read

ചാവി ഹെർണാണ്ടസ്
ചാവി ഹെർണാണ്ടസ്

ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാൻ അപേക്ഷ നൽകിയവരിൽ സ്പാനിഷ് ഇതിഹാസ താരം ചാവി ഹെര്‍ണാണ്ടസും. സ്പെയിൻകാരൻ മനോലോ മാർക്കേസ് രാജിവച്ചതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്ക് 170 അപേക്ഷകളാണ് ആകെ വന്നത്. ഇതിൽ ഒന്നാണ് എഐഎഫ്എഫ് അധികൃതരെപ്പോലും ഞെട്ടിച്ചത്. വലിയ സാമ്പത്തിക ഭാരം ഏറ്റെടുക്കേണ്ടിവരുമെന്നതിനാൽ ചാവിയുടെ അപേക്ഷ തുടക്കത്തിൽ തന്നെ തള്ളിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നാലു പേരുടെ ചുരുക്കപ്പട്ടികയിൽ ചാവിക്ക് ഇടം ലഭിച്ചില്ല.

ഖാലിദ് ജമീൽ, മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്‍, മുൻ കിർഗിസ് പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്ച്, ബെംഗളൂരു എഫ്സി അസിസ്റ്റന്റ് കോച്ച് റെനഡി സിങ് എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. സ്വന്തം ഇ മെയിൽ ഐ‍ഡിയിൽനിന്നാണ് ചാവി ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ നൽകിയത്. കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകരായ കിബു വികുന, എൽകോ ഷട്ടോരി എന്നിവരും അപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ചാവിയുടെ പേര് അപേക്ഷകളിലുണ്ടായിരുന്നതായി എഐഎഫ്എഫ് ഡയറക്ടർ സുബ്രത പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

2010ലെ ഫിഫ ലോകകപ്പ് വിജയിച്ച സ്പാനിഷ് ടീമിൽ അംഗമായിരുന്ന ചാവി രണ്ടു തവണ യൂറോ കപ്പും നേടിയിട്ടുണ്ട്. ബാര്‍സിലോനയിൽ എട്ടു ലാലിഗ കിരീടങ്ങളും നാല് ചാംപ്യൻസ് ലീഗ് കിരീടങ്ങളും താരം വിജയിച്ചു. ഫുട്ബോളിൽനിന്നു വിരമിച്ച ശേഷം പരിശീലകന്റെ കുപ്പായമണിഞ്ഞ ചാവി ഖത്തറിലെ അൽ സാദ് ക്ലബ്ബിനെയാണ് ആദ്യം പരിശീലിപ്പിച്ചത്. പിന്നീട് ബാർസിലോനയുടെ ഹെഡ് കോച്ചായ ചാവി 2022–23 ലാലിഗ കിരീടത്തിലേക്കും ടീമിനെ നയിച്ചു.

ഒരുപാട് സ്പാനിഷ് പരിശീലകർ ഉള്ളതുകൊണ്ട് ചിലപ്പോഴൊക്കെ ഇന്ത്യൻ ഫുട്ബോൾ രംഗം ശ്രദ്ധിക്കാറുണ്ടെന്ന് ചാവി മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു. ‘‘സ്പാനിഷ് ഇതിഹാസത്തിന് ഇന്ത്യൻ ഫുട്ബോളിൽ താല്‍പര്യമുണ്ടെങ്കിൽ തന്നെ ഈ ജോലിക്ക് എഐഎഫ്എഫ് ഒരുപാടു പണം മുടക്കേണ്ടിവരുമെന്നാണ്’’ ഒരു പ്രതിനിധി, സംഘടനയുടെ വെർച്വൽ മീറ്റിങ്ങിൽ വ്യക്തമാക്കിയത്.

English Summary:

AIFF method committee did not see Xavi for the last abbreviated database owed to the fiscal cost

Read Entire Article