ഇന്ത്യൻ പേസർക്കു പകരം ദക്ഷിണാഫ്രിക്കയുടെ ഭാവി താരത്തെ റാഞ്ചി, ഇനി കളി മാറും; വൻ നീക്കവുമായി ചെന്നൈ സൂപ്പർ കിങ്സ്

9 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 19 , 2025 12:33 AM IST

1 minute Read

 X@MI
ഡെവാൾഡ് ബ്രെവിസ്. Photo: X@MI

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിങ്സ്. ഇന്ത്യൻ യുവപേസർ ഗുർജൻപ്രീത് സിങ് പരുക്കേറ്റു പുറത്തായ ഒഴിവിൽ 21 വയസ്സുകാരൻ വിദേശ ബാറ്ററെ ചെന്നൈ ടീമിലെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഭാവി സൂപ്പർ താരമായി വളർത്തിക്കൊണ്ടുവന്ന ഡെവാൾഡ് ബ്രെവിസിനെ 2.2 കോടി രൂപ നൽകിയാണ് ചെന്നൈ സ്വന്തമാക്കിയത്. ഐപിഎൽ മെഗാലേലത്തിൽ ദക്ഷിണാഫ്രിക്കൻ താരത്തെ ആരും വാങ്ങിയിരുന്നില്ല.

81 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു സെഞ്ചറിയുൾപ്പടെ 1787 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. 2022 ലും 2024 ലും മുംബൈ ഇന്ത്യൻസിൽ തിളങ്ങിയ താരം, ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്ക ട്വന്റി20 ലീഗിൽ എംഐ കേപ്ടൗണിനു വേണ്ടിയും കളിച്ചു. ഫൈനലിൽ 18 പന്തിൽ 38 റൺസെടുത്ത ബ്രെവിസ്, കേപ്ടൗണിന്റെ കിരീട വിജയത്തിലും നിർണായക പങ്കുവഹിച്ചു. 230 റണ്‍സ് ആകെ നേടിയ ബ്രെവിസ് ടോപ് സ്കോറർമാരിൽ ആറാം സ്ഥാനത്തെത്തി.

ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിക്കാൻ കഴിവുള്ള താരത്തെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സുമായാണ് ആരാധകർ താരതമ്യപ്പെടുത്തുന്നത്.  ‘ബേബി എ ബി’ എന്ന വിളിപ്പേരും ബ്രെവിസിനുണ്ട്. ഗുർജൻ പ്രീത് സിങ്ങിനെ ലേലത്തിൽ 2.2 കോടി രൂപയ്ക്കാണ് ചെന്നൈ വാങ്ങിയത്. താരം പിന്‍മാറിയതോടെ അതേ തുക തന്നെ ബ്രെവിസിനു നൽകാൻ സാധിക്കും.

ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ രണ്ടു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഋതുരാജ് ഗെയ്ക്‌വാദ് പരുക്കേറ്റു പുറത്തായതോടെ വെറ്ററൻ താരം എം.എസ്. ധോണിയാണ് ഈ സീസണിൽ ചെന്നൈയെ നയിക്കുന്നത്. ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

English Summary:

CSK motion Dewald Brevis arsenic replacement for injured Gurjapneet Singh

Read Entire Article