ഇന്ത്യൻ പൗരത്വം; ഓസ്ട്രേലിയൻ താരം റയാൻ വില്യംസ് ‌ഇന്ത്യൻ ടീം ക്യാംപിൽ

2 months ago 3

മനോരമ ലേഖകൻ

Published: November 10, 2025 10:41 AM IST

1 minute Read

  • ഓസ്ട്രേലിയൻ താരം റയാൻ വില്യംസ് ഇന്ത്യൻ ഫുട്ബോൾ ക്യാംപിൽ

റയാൻ വില്യംസ്. ബെംഗളൂരു എഫ്സി എക്സിൽ പങ്കുവച്ച ചിത്രം.
റയാൻ വില്യംസ്. ബെംഗളൂരു എഫ്സി എക്സിൽ പങ്കുവച്ച ചിത്രം.

ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കുള്ള ക്ഷണം സ്വീകരിച്ച സ്ട്രൈക്കർ റയാൻ വില്യംസ് ബെംഗളൂരുവിൽ ഇന്ത്യൻ ടീം ക്യാംപിനൊപ്പം ചേർന്നു. ഓസ്ട്രേലിയയിലെ പെർത്തിൽ ജനിച്ച ഇന്ത്യൻ വംശജനായ റയാൻ വില്യംസ് (32) ഇന്നലെ ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ക്യാംപിൽ ചേർന്നതായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. വില്യംസിനൊപ്പം ഇന്ത്യൻ ടീമിൽ ചേരാൻ സമ്മതം അറിയിച്ച, ബ്രസീലിൽ താമസമാക്കിയ അബ്നീത് ഭാർടിയും വൈകാതെ ഇന്ത്യൻ ക്യാംപിലെത്തും.

18നു ധാക്കയിൽ ബംഗ്ലദേശിനെതിരെ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള പരിശീലന ക്യാംപാണ് വ്യാഴാഴ്ച തുടങ്ങിയത്. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിനു യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പായതിനാൽ ഈ മത്സരത്തിനു പ്രസക്തി കുറഞ്ഞെങ്കിലും ഫിഫ റാങ്കിങ്ങിൽ മുന്നേറ്റം ആഗ്രഹിക്കുന്ന ഇന്ത്യൻ ടീമിനു വിജയം അനിവാര്യമാണ്.

ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സിയുടെ താരമായ റയാൻ വില്യംസിന് ഇതിഹാസതാരം സുനിൽ ഛേത്രിയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ പൗരത്വം സമ്മാനിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. വില്യംസ് ദേശീയ പതാക പുതച്ചുനിൽക്കുന്ന ചിത്രവും ബെംഗളൂരു എഫ്സി പങ്കുവച്ചിരുന്നു.ഓസ്ട്രേലിയയ്ക്കായി അണ്ടർ 20, അണ്ടർ 23 ടീമുകളിൽ കളിച്ചിട്ടുള്ള റയാൻ വില്യംസ് 2019ൽ ദക്ഷിണ കൊറിയയ്ക്കെതിരെ ഓസ്ട്രേലിയൻ സീനിയർ ടീമിൽ പകരക്കാരനായും കളിച്ചു.

English Summary:

Ryan Williams: Australian-Origin Star Joins Indian Football Team After Renouncing Citizenship

Read Entire Article