Published: October 03, 2025 02:25 PM IST Updated: October 03, 2025 02:42 PM IST
1 minute Read
അഹമ്മദാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഹോം ഗ്രൗണ്ടിൽ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചറിക്കു വേണ്ടിയുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ. ടെസ്റ്റിൽ 11 സെഞ്ചറികൾ സ്വന്തമാക്കിയിട്ടുള്ള രാഹുലിന്റെ ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യയിൽ ടെസ്റ്റ് സെഞ്ചറിയിലെത്തുന്നത്. 2016ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ചറിയടിച്ച ശേഷം ഇന്ത്യൻ മണ്ണിൽ മറ്റൊരു സെഞ്ചറിക്കു വേണ്ടി രാഹുൽ കാത്തിരുന്നത് 3211 ദിവസം.
രണ്ടാം സെഞ്ചറിക്കു വേണ്ടി ഏറ്റവും കൂടുതൽ കാത്തിരുന്ന ഇന്ത്യന്‍ താരമെന്ന റെക്കോർഡും ഇതോടെ രാഹുലിന്റെ പേരിലായി. ഇന്ത്യൻ മണ്ണിൽ രണ്ടാം ടെസ്റ്റ് സെഞ്ചറിക്കായി, 2886 ദിവസങ്ങള്‍ കാത്തിരുന്ന മൊഹീന്ദർ അമർനാഥിനെയാണു രാഹുല്‍ മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറുടെ റോളിൽ പത്തോ അതിൽ കൂടുതലോ സെഞ്ചറികൾ പൂർത്തിയാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് രാഹുൽ. രാഹുലിന്റെ 11 ടെസ്റ്റ് സെഞ്ചറികളിൽ പത്തും നേടിയത് ഓപ്പണിങ് ബാറ്ററുടെ റോളിലാണ്.
സുനിൽ ഗാവസ്കർ (33), വീരേന്ദർ സേവാഗ് (22), മുരളി വിജയ് (12) എന്നിവർ ചേരുന്ന ‘എലീറ്റ് ലിസ്റ്റിലാണ്’ രാഹുലും ഇടം പിടിച്ചത്. മത്സരത്തിൽ 197 പന്തുകൾ നേരിട്ട രാഹുല്‍ 100 റൺസടിച്ചാണു പുറത്തായത്. ജോമൽ വാറികൻ എറിഞ്ഞ 68–ാം ഓവറിലെ അഞ്ചാം പന്തിൽ ജസ്റ്റിൻ ഗ്രീവ്സ് ക്യാച്ചെടുത്താണു രാഹുലിനെ പുറത്താക്കിയത്.
English Summary:








English (US) ·