ഇന്ത്യൻ യുവതാരങ്ങൾക്കെതിരെ കാൾസന്റെ കഷ്ടകാലം തുടരുന്നു; ഫ്രീസ്റ്റൈൽ ഗ്രാൻസ്‌ലാം ചെസിൽ പ്രഗ്‌നാനന്ദയോടും തോൽവി- വിഡിയോ

6 months ago 8

ഓൺലൈൻ ഡെ‌സ്‌ക്

Published: July 17 , 2025 10:47 AM IST

1 minute Read

മാഗ്‌നസ് കാൾസനും ആർ.പ്രഗ്‌നാനന്ദയും (ഫയൽ ചിത്രം, X/@FIDE)
മാഗ്‌നസ് കാൾസനും ആർ.പ്രഗ്‌നാനന്ദയും (ഫയൽ ചിത്രം, X/@FIDE)

ലാസ് വേഗാസ്∙ ഫ്രീസ്റ്റൈൽ ഗ്രാൻസ്‌ലാം ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്‌നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ കൗമാര താരം ആർ. പ്രഗ്‌നാനന്ദ. വെള്ളക്കരുക്കളുമായി കളിച്ചാണ് പ്രഗ്‌നാനന്ദ കാൾസനെ വീഴ്ത്തിയത്. ലാസ് വേഗാസിൽ നടക്കുന്ന ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് മാഗ്‌നസ് കാൾസനെതിരെ പ്രഗ്‌നാനന്ദയുടെ അട്ടിമറി വിജയം. ഇതോടെ ഗ്രൂപ്പ് വൈറ്റിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്‌നാനന്ദ, ക്വാർട്ടർ ഫൈനലിനും യോഗ്യത നേടി.

വെറും 39 നീക്കങ്ങൾക്കകമാണ് പത്തൊൻപതുകാരനായ പ്രഗ്‌നാനന്ദ, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ പുതുതലമുറ താരങ്ങൾക്കെതിരെ തുടർച്ചയായി നേരിടുന്ന തിരിച്ചടികളുടെ തുടർച്ചയാണ് കാൾസന്റെ ഈ തോൽവി. നീക്കങ്ങളിൽ 93.9 ശതമാനം കൃത്യതയുമായി പ്രഗ്‌നാനന്ദ മികവു തെളിയിച്ചപ്പോൾ, കാൾസനു പതിവിനു വിപരീതമായി 84.9 ശതമാനം കൃത്യത മാത്രമേ പുലർത്താനായുള്ളൂ.

കാൾസനെതിരായ വിജയത്തോടെ 4.5 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്‌നാനന്ദ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചുവെന്ന നേട്ടവും സ്വന്തമാക്കി. കാൾസൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആരംഭിച്ച ടൂർണമെന്റിലാണ്, ‘സ്ഥാപകനെ’തിരെ തന്നെ ലാസ് വേഗാസിൽ പ്രഗ്‌നാനന്ദയുടെ ഈ വിജയമെന്നതും ശ്രദ്ധേയം.

ഗ്രൂപ്പ് ബ്ലാക്കിൽനിന്ന് മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ യുവ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗയ്‍‌സിയും ക്വാർട്ടറിലേക്ക് മുന്നേറി. ഹികാരു നകാമുറ, ഹാൻസ് നീമാൻ എന്നിവർക്കു പിന്നിലായാണ് അർജുൻ മൂന്നാമതെത്തിയത്. ലോക ചാംപ്യൻ ഡി.ഗുകേഷിന്റെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ടൂർണമെന്റിൽ, മറ്റൊരു ഇന്ത്യൻ താരം വിദിത് ഗുജറാത്ത് ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

English Summary:

R Praggnanandhaa stuns Magnus Carlsen successful Freestyle Chess tournament

Read Entire Article