Published: August 11, 2025 03:07 AM IST
1 minute Read
-
ഈ നേട്ടം രണ്ടു പതിറ്റാണ്ടിനിടെ ആദ്യം
യാങ്കൂൺ (മ്യാൻമർ) ∙ എഎഫ്സി അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഫൈനൽ റൗണ്ടിൽ. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ 1–0ന് മ്യാൻമറിനെ തോൽപിച്ചു. 20 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ വനിത ജൂനിയർ ടീം ഏഷ്യൻ ചാംപ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലെത്തുന്നത്. 27–ാം മിനിറ്റിൽ പൂജയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.
അടുത്ത വർഷം തായ്‌ലൻഡിലാണ് ഏഷ്യൻ കപ്പ് അണ്ടർ 20 ഫുട്ബോൾ. 2006ലാണ് ഇന്ത്യ ഇതിനു മുൻപ് ഏഷ്യൻ കപ്പിനു യോഗ്യത നേടിയത്. അന്ന് അണ്ടർ 19 പ്രായവിഭാഗത്തിലായിരുന്നു ടൂർണമെന്റ്. സീനിയർ വിഭാഗം ഏഷ്യൻ കപ്പിന് ഇന്ത്യൻ വനിതാ ടീം നേരത്തേ യോഗ്യത നേടിയിരുന്നു. 23 വർഷത്തിനു ശേഷമാണു സീനിയർ ടീമിന്റെ നേട്ടം.അണ്ടർ 20 വിഭാഗം യോഗ്യതാ റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ, ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇന്ത്യൻ ടീം ഫൈനൽസിലെത്തുന്നത്. ഗ്രൂപ്പ് ഡിയിലെ മറ്റു മത്സരങ്ങളിൽ ഇന്തൊനീഷ്യയുമായി ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ തുർക്ക്മെനിസ്ഥാനെ 7–0ന് തോൽപിച്ചിരുന്നു.
അണ്ടർ 20 ഏഷ്യൻ കപ്പിനു യോഗ്യത നേടിയ ഇന്ത്യൻ ടീമിന് 25000 യുഎസ് ഡോളർ (ഏകദേശം 21.89 ലക്ഷം രൂപ) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പാരിതോഷികം പ്രഖ്യാപിച്ചു.
English Summary:








English (US) ·