ഇന്ത്യൻ ഷൂട്ടിങ്ങിനെ ലോക വേദിയിലേക്ക് കൈപിടിച്ചുയർത്തിയത് സണ്ണി തോമസിന്റെ പരിശീലന മികവ്; ‘തിര’യടങ്ങാതെ...

8 months ago 9

മനോരമ ലേഖകൻ

Published: May 01 , 2025 09:31 AM IST

2 minute Read

സണ്ണി തോമസ് (ഫയൽ)
സണ്ണി തോമസ് (ഫയൽ)

4 ഒളിംപിക്സ് മെഡലുകൾ, 29 ഏഷ്യൻ ഗെയിംസ് മെഡലുകൾ, 95 കോമൺവെൽത്ത് ഗെയിംസ് മെഡലുകൾ... ഷൂട്ടിങ്ങിലെ ഐതിഹാസിക നേട്ടങ്ങളിലേക്ക് ലക്ഷ്യം തെറ്റാതെ നിറയൊഴിക്കാൻ ഇന്ത്യയെ പഠിപ്പിച്ച സണ്ണി തോമസിന്റെ തുടക്കം ഒരു റബർ തെറ്റാലിയിൽ നിന്നായിരുന്നു. സണ്ണി തോമസിന്റെ അച്ഛൻ കെ.കെ.തോമസിന്റെ കയ്യിൽ ഒരു നാടൻ തോക്ക് ഉണ്ടായിരുന്നു. പിതാവിനൊപ്പം പുരയിടത്തിൽ ചുറ്റി നടക്കുമ്പോൾ സണ്ണി തെറ്റാലിയാണ് കയ്യിൽ കരുതിയത്. തെറ്റാലിയിൽ തൊടുത്ത കല്ലുകൾ മനസ്സുറപ്പിച്ച ലക്ഷ്യത്തിലെത്തിക്കുമ്പോൾ കെട്ടിപ്പുണരുന്ന അപ്പച്ചനായിരുന്നു തന്റെ ആദ്യ ഷൂട്ടിങ് ഗുരുവെന്ന് സണ്ണി തോമസ് പറഞ്ഞിട്ടുണ്ട്.

രാജ്യം കണ്ട ഏറ്റവും മികച്ച ഷൂട്ടിങ് പരിശീലകനായി സണ്ണി തോമസിനെ വാഴ്ത്തുന്നതു മെഡലുകൾ തിളക്കംകൊണ്ടു മാത്രമല്ല. പരിശീലനരംഗത്തെ പൂർവ മാതൃകകളെയെല്ലാം തച്ചുടച്ച അദ്ദേഹം റേഞ്ചിനകത്തും പുറത്തും ഇന്ത്യൻ ഷൂട്ടർമാരുടെ മികച്ച സുഹൃത്തായി മാറി. മത്സരത്തിന്റെ സാങ്കേതിക വശങ്ങളെക്കാൾ മനഃശാസ്‌ത്രപരമായ സമീപനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പരിശീലന രീതി. ഷൂട്ടിങ്ങിന്റെ ആഗോള വേദികളിൽ വട്ടപ്പൂജ്യമായിരുന്ന ടീം ഇന്ത്യ സണ്ണി തോമസിനു കീഴിലുള്ള 19 വർഷംകൊണ്ട് ലോകത്തെ മുൻനിര ടീമുകളിലൊന്നായി മാറി.

മറവി ശീലമാക്കിയിരുന്ന ജസ്‌പാൽ റാണയെയും ഉറക്കം ഹോബിയായിരുന്ന വിവേക് സിങ്ങുമൊക്കെ ഷൂട്ടിങ് റേഞ്ചിൽ 100 ശതമാനം ഏകാഗ്രതയോടെ നിറയൊഴിക്കാൻ കാരണം സണ്ണി തോമസിന്റെ പരിശീലന തന്ത്രങ്ങളായിരുന്നു. ലോകം സ്പോർട്സ് കൗൺസിലിങ്ങിനെക്കുറിച്ച് കേട്ടു തുടങ്ങും മുൻപേ സ്‌പോർട്‌സ് സൈക്കോളജിസ്‌റ്റ് കൂടിയായി മാറിയ സണ്ണിക്ക് അതിലൂടെ തന്റെ ശിഷ്യരിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും നിറയ്ക്കാൻ കഴിഞ്ഞു.

1993ൽ ആണ് രാജ്യത്തെ ആദ്യ ദേശീയ ഷൂട്ടിങ് പരിശീലകനായി സണ്ണി തോമസിനെ നിയമിക്കുന്നത്. 1990 കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ്ങിൽ ഓരോ സ്വർണവും വെള്ളിയും വെങ്കലവുമായി മടങ്ങിയ ഇന്ത്യയ്ക്ക് 1994ലെ ഗെയിംസിൽ 3 സ്വർണവും 2 വെള്ളിയും 2 വെങ്കലവും സമ്മാനിച്ചാണ് സണ്ണി തുടങ്ങിയത്. അതേ വർഷംതന്നെ 16 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ ഏഷ്യൻ ഗെയിംസി‍ൽ വ്യക്തിഗത സ്വർണം നേടിയതോടെ മലയാളി പരിശീലകന്റെ മികവിന്റെ ഗ്രാഫുയർന്നു. തുടർച്ചയായ 3 ഒളിംപിക്സുകളിൽ ഇന്ത്യ മെഡൽ നേടിയതോടെ സണ്ണി തോമസ് എന്ന ദ്രോണാചാര്യരെ ലോകമറിഞ്ഞു. 

19 വർഷത്തിനുശേഷം 2012ലാണ് ദേശീയ പരിശീലക സ്ഥാനത്തുനിന്ന് വിരമിച്ചത്. അഞ്ചു വീതം ഒളിംപിക്സുകൾ, കോമൺവെൽത്ത് ഗെയിംസുകൾ, 6 ഏഷ്യൻ ഗെയിംസുകൾ, അൻപതിലേറെ ലോക ചാംപ്യൻഷിപ്പുകൾ എന്നിങ്ങനെ ഇന്ത്യൻ കായിക ചരിത്രത്തിൽ ഒരു പരിശീലകനും കീഴടക്കാനാകാത്ത അപൂർവ നേട്ടങ്ങൾ അപ്പോഴേക്കും സണ്ണിയുടെ സഞ്ചിലായിക്കഴിഞ്ഞിരുന്നു. 

ജീവിത രേഖ 1941: സെപ്റ്റംബർ 26 ജനിച്ചു 

∙ സ്കൂൾ പഠനത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ നിന്നു ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടി. കോളജിലെ ക്രിക്കറ്റ്, ടെന്നിസ്, ബാഡ്മിന്റൻ ടീമുകളിൽ അംഗമായിരുന്നു. 

1963: തേവര സേക്രഡ് ഹാർട്ട് കോളജിൽ അധ്യാപകനായി. 

1964: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ആരംഭിച്ചപ്പോൾ ഇംഗ്ലിഷ് വിഭാഗം അധ്യാപകനായി.  1997ൽ വൈസ് പ്രിൻസിപ്പലായി വിരമിച്ചു. 

1965: കോട്ടയം റൈഫിൾ ക്ലബ്  അംഗമായി. അക്കൊല്ലം നടന്ന സംസ്ഥാന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ രണ്ടു സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും നേടി. 

1970: അഹമ്മദാബാദിലെ വെപ്പൺ ട്രെയ്നിങ് സ്കൂളിൽ നിന്നു ഷാർപ് ഷൂട്ടർ സർട്ടിഫിക്കറ്റ് നേടി. 

1974– 78: സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ 5 തവണ വിജയം. 

1976: ചെന്നൈയിൽ ദേശീയ ചാംപ്യൻഷിപ്പിൽ ഓപ്പൺ സൈറ്റ് റൈഫിൾ ത്രീ പൊസിഷനിൽ വിജയം. 

1993: ദേശീയ ടീം പരിശീലകനായി. 

1994: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു 2 മെഡൽ. 

1998: കോമൺവെൽത്ത് ഗെയിംസിൽ 7 മെഡൽ‌ 

2001: ദ്രോണാചാര്യ അവാർഡ് ലഭിച്ചു. 

2002: മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 24 മെഡൽ. 

2004: ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡിനു വെള്ളി 

2006: മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ 27 മെഡൽ 

2006: ദോഹ ഏഷ്യൻ ഗെയിംസിൽ 14 മെഡൽ. 

2008: ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയ്ക്കു സ്വർണം 

2010: ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ 30 മെഡൽ 

2010: ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിൽ 14 മെഡൽ 

2012: ലണ്ടൻ ഒളിംപിക്സിൽ വിജയകുമാറിനു വെള്ളി; ഗഗൻ നാരങ്ങിനു വെങ്കലം 

2012: ദേശീയ പരിശീലക സ്ഥാനം ഒഴിഞ്ഞു.

English Summary:

Sunny Thomas: Sunny Thomas revolutionized Indian shooting, starring the squad to unprecedented occurrence connected the planetary stage. His innovative coaching style, blending method expertise with intelligence support, propelled India to galore Olympic and Commonwealth Games medals, cementing his bequest arsenic a existent sporting legend.

Read Entire Article