ഇന്ത്യൻ സീരീസുകളുടെ 50 വർഷത്തെ ചരിത്രത്തിലാദ്യം; ഹന്‍സല്‍ മേത്തയുടെ 'ഗാന്ധി' ആദ്യഭാഗം ടൊറോന്‍റോയിൽ

5 months ago 6

Pratik Gandhi and Hansal Mehta

മഹാത്മാ ​ഗാന്ധിയായി പ്രതീക്, സംവിധായകൻ ഹൻസൽ മേത്ത | ഫോട്ടോ: അറേഞ്ച്ഡ്

വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ Gandhi Before India, Gandhi: The Years That Changed the World എന്നീ പുസ്തകങ്ങളെ ആധാരമാക്കി ഹന്‍സല്‍ മേത്ത സം‌വിധാനം ചെയ്ത പരമ്പരയായ 'ഗാന്ധി' യുടെ ആദ്യഭാഗം ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പ്രധാന ഭാഗങ്ങളായിട്ടാണ്‌ ഈ പരമ്പരയുടെ നിര്‍മ്മാണം നടക്കുന്നത്. മേളയുടെ പ്രൈം ടൈം വിഭാഗത്തിലേയ്ക്കാണ്‌ ആദ്യഭാഗത്തിന്‍റെ ആഗോള പ്രദര്‍ശനോദ്ഘാടനം നടക്കാന്‍ പോകുന്നത്. അമ്പതുവര്‍ഷത്തെ ചരിത്രത്തില്‍, ഇന്ത്യയില്‍ നിന്ന് ടൊറോന്‍റോ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സീരീസാണിത്.

അപ്ലോസ് എന്‍റര്‍ടെയ്‌ന്‍‌മെന്‍റ് നിര്‍മ്മിക്കുന്ന ഈ സീരീസില്‍ , ഇതിനകം നാടകങ്ങളിലൂടെയും വെള്ളിത്തിരയിലൂടെയും മികച്ച നടനെന്ന് ഖ്യാതി നേടിയ പ്രതീക് ഗാന്ധിയാണ്‌ മഹാത്മജിയുടെ വേഷത്തില്‍ വരുന്നത്. മുമ്പ്, മനോജ് ഷായുടെ 'മോഹന്‍ നോ മസാലോ' എന്ന ഗുജറാത്തി നാടകത്തില്‍ അദ്ദേഹം ഗാന്ധിവേഷം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ തന്നെ ജീവിതപങ്കാളിയായ ഭാമിനി ഓസയാണ്‌ കസ്തൂര്‍ബയുടെ വേഷമിടുന്നത്. ചിത്രത്തിന്‍റെ ചരിത്രോപദേശകനായി പ്രവര്‍ത്തിക്കുന്നത്, വിവിധ ടെലിവിഷന്‍ പരിപാടികളികളിലൂടെയും ക്വിസ് പ്രൊഗ്രാമുകളിലൂടെയും സുപരിചിതനായ സിദ്ധാര്‍ത്ഥ് ബസുവാണ്‌.

ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ്‌ ഈ പരമ്പര നിര്‍മ്മിച്ചിട്ടുള്ളത്. വൈഭവ് വിശാല്‍, ഹേമ ഗോപിനാഥന്‍, സെഹാജ് മെയ്‌നി, കരണ്‍ വ്യാസ്, ഫെലിക്‌സ് വോണ്‍ സ്റ്റം, യശ്‌ന മല്‍ഹോത്ര എന്നിവരാണ്‌ ഇതിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഥം മേത്തയാണ്‌ ഛായാഗ്രാഹകന്‍. എ.ആര്‍.റഹ്‌മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.

'ഗാന്ധി' പരമ്പരയുടെ ആദ്യഭാഗത്തില്‍ ഒരു മണിക്കൂര്‍ വീതമുള്ള എട്ട് എപ്പിസോഡുകളാണുള്ളത്. ഗാന്ധിജിയുടെ ജീവിതത്തിലെ ആദ്യത്തെ 45 വര്‍ഷമാണ്‌ ഈ ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്. ഒരു നിയമവിദ്യാര്‍ത്ഥിയായി ഇംഗ്ലണ്ടിലും, പിന്നീട് അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി ദക്ഷിണാഫ്രിക്കയിലും ചിലവഴിച്ച കാലങ്ങളാണ്‌ അത് പറഞ്ഞുവയ്ക്കുന്നത്. അധികമാരും പറഞ്ഞുകേള്‍ക്കാത്ത 'മോഹന്‍' എന്നു വിളിക്കപ്പെട്ട ആദ്യകാലഗാന്ധിയാണ്‌ പരമ്പരയുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലണ്ടിലും, ആഫ്രിക്കയിലും, ഇന്ത്യയിലുമായി ചിത്രീകരീച്ച ഈ പരമ്പര ലോകശ്രദ്ധയാകര്‍ഷിക്കപ്പെടുന്ന ഒന്നാകുമെന്നതില്‍ സം‌ശയമില്ല.

സെപ്റ്റംബര്‍ 4 മുതല്‍ 14 നടക്കുന്ന ചലച്ചിത്രമേള ഇക്കുറി അമ്പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഈ പരമ്പരയുള്‍പ്പടെ അഞ്ചു ചിത്രങ്ങളാണ്‌. നീരജ് ഗയ്‌വാന്‍റെ 'ഹോംബൗണ്ട്', അനുരാഗ് കാശ്യപിന്‍റെ 'ബന്ദര്‍', ബികാസ് മിശ്രയുടെ 'ബയാന്‍', അമ്പതാം വര്‍ഷമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ 'ഷോലെ' എന്നിവയാണ്‌ മറ്റുള്ളവ. ഇനിയും നൂറ്റമ്പതിലധികം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.

Content Highlights: Hansal Mehta's 'Gandhi' Series Premieres astatine Toronto International Film Festival

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article