ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്, ബെംഗളൂരുവും ഗോവയും കളിക്കാനിറങ്ങും

1 month ago 5

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എൽ) പതിമൂന്നാം സീസണിന് ഇന്നു കിക്കോഫ്. രണ്ടു മത്സരങ്ങളുടെ വെടിക്കെട്ടോടെയാണ് ഇത്തവണ പുതിയ സീസണിന്റെ പ്രവേശനോത്സവം. ബെംഗളൂരു എഫ്സിയും സ്പോർട്ടിങ് ക്ലബ് ഡൽഹിയും തമ്മിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വൈകിട്ട് 5നാണ് ആദ്യ അങ്കം. പിന്നാലെ, ഗോവയിലെ നെഹ്റു സ്റ്റേഡിയത്തിൽ എഫ്സി ഗോവയും ചെന്നൈയിൻ എഫ്സിയും 7.30ന് രണ്ടാം പോരാട്ടത്തിനിങ്ങും. മത്സരങ്ങൾ സോണി ലിവ് ആപ്പിലും യുട്യൂബിലും തൽസമയം കാണാം.

പുതുമകളുടെ ലീഗ്

പുതിയ ടൈറ്റിൽ സ്പോൺസറും മത്സരക്രമവുമെല്ലാമായി ഒട്ടേറെ മാറ്റങ്ങളോടെയാണ് ഐഎസ്എലിന്റെ ഈ വരവ്. 13 ടീമുകളാണു ഇത്തവണ പോരാടുന്നത്. ജംഷഡ്പുർ എഫ്സിയുടെ പിൻവാങ്ങലോടെ കളത്തിലെത്തിയ ഗോവ ചർച്ചിൽ ബ്രദേഴ്സാണു ലീഗിലെ നവാഗതർ. എല്ലാ ടീമുകളും രണ്ടുവട്ടം കണ്ടുമുട്ടുന്ന ലീഗിൽ പ്ലേഓഫ് ഘട്ടവും തിരിച്ചെത്തുന്നുണ്ട്. മത്സരങ്ങളുടെ ടിവി അവകാശം സോണി സ്പോർട്സ് നെറ്റ്‌വർക് സ്വന്തമാക്കിയപ്പോൾ യുട്യൂബിലെ സൗജന്യ സ്ട്രീമിങ്ങും ഇത്തവണത്തെ പ്രത്യേകതയാണ്.

കേരള ബ്ലാസ്റ്റേഴ്സ്: പുതിയ ഉടമകളുടെ വിലാസവുമായെത്തുന്ന ആഷ്‌ലി വെസ്റ്റ്‌വുഡിന്റെയും അഡ്രിയൻ ലൂണയുടെയും ബ്ലാസ്റ്റേഴ്സിൽ വിദേശ കരുത്തിനും പുതിയ മുഖമാണ്. ആന്ദ്രേ ഗ്രീൻ, മോമോ യാൻസാനെ, നെബോസാ കോസോവീച്, ജയിംസ് ബോൾട്ടൻ എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം കഴിഞ്ഞ സീസണിൽ തിളങ്ങിയ ഫാലൂ എൻഡിയയും ടീമിലുണ്ട്.

ഈസ്റ്റ് ബംഗാൾ: വിജയശിൽപികളായ കോച്ചും സ്ട്രൈക്കറും പ്ലേമേക്കറും ഇല്ലാതെയാണ് നിലവിലെ ജേതാക്കളുടെ തിരിച്ചുവരവ്. അന്റോണിയോ ഹബാസ് പരിശീലിപ്പിക്കുന്ന ടീമിൽ എൻസുഗുസി എഫിയോങ്, ഡാനി റാമിറെസ്, ക്രിസ് ഇകോനോമിഡിസ്, അകെ ലോബ, ലുകാസ് സ്വോലിൻസ്കി, ഡിയേഗോ സിവുലിക് എന്നിങ്ങനെ വിദേശനിരയിൽ കാര്യമായ കൂട്ടിച്ചേർക്കലുകളുണ്ട്.

മോഹൻ ബഗാൻ: ഐഎസ്എലിൽ തിളങ്ങുന്ന താരങ്ങളെ റാഞ്ചി കരുത്തേറ്റുന്ന പതിവുതന്ത്രം ഇത്തവണയും പയറ്റിയാണു ബഗാന്റെ വരവ്. മുംബൈയിൽനിന്നു ഛാങ്തെയെ എത്തിച്ച ടീമിന്റെ വിദേശനിരയിൽ ദെജാൻ ഡ്രാസിച്, മിഗ്വേൽ ഫിഗ്വേയ്റ, സമീർ സെൽജ്കോവിച്, ലീ എർവിൻ എന്നിവരാണു പുതിയ മുഖങ്ങൾ. ആൽബർട്ടോ റോഡ്രിഗസും ജേമി മക്‌ലാരനും തുടരുന്നുമുണ്ട്.

മുംബൈ സിറ്റി: ടീമിന്റെ മുഖമായിരുന്ന ഛാങ്തെയുടെ അഭാവത്തിലാണ് മനോലോ മാർക്കേസ് ഒരുക്കുന്ന മുംബൈയുടെ എൻട്രി. കാർലോസ് ഡെൽഗാഡോ, സെർജിയോ ലമാസ്, ലിയാൻഡ്രോ ഒട്ടോർമിൻ, വിൽമർ ജോർദൻ, ലാസർ സിർകോവിച് എന്നീ പരിചയസമ്പന്നരെ പാളയത്തിലെത്തിച്ച ടീമിനു കരുത്തൊട്ടും ചോർന്നിട്ടില്ല.

ബെംഗളൂരു എഫ്സി: സുനിൽ ഛേത്രിയും റയാൻ വില്യംസും തുടരുന്ന ടീമിൽ വിദേശമുഖങ്ങളിൽ അടിമുടി മാറ്റമുണ്ട്. ബോർഹ മാർട്ടിനെസ്, സാൻഡ്രോ എംബാളോ, മാനുവൽ ഇറിയോൻഡോ, മെന്നോ കോ, മിഹൈലോ പെറോവിച് തുടങ്ങിയവരാണ് നവാഗതർ.

ഒഡീഷ എഫ്സി: മുൻ സീസണിൽ ഒരു വിദേശതാരത്തെ മാത്രം ആശ്രയിച്ച ടീം ഇത്തവണ സർവസജ്ജം. സ്റ്റീഫൻ ഏസി, ജിയോർജി അബുർജാനിയ, മഹ്മൂദ് ഈദ്, എവർട്ടൻ നാസിമെന്റോ, മാനു മൊളീന എന്നിങ്ങനെ നീളുന്ന കരുത്തുറ്റ വിദേശനിരയുമായാണു മലയാളി പരിശീലകൻ ടി.ജി.പുരുഷോത്തമൻ അമരത്തുള്ള ഒഡീഷയുടെ തിരിച്ചുവരവ്.

എഫ്സി ഗോവ: ഹോർഗെ ഓർട്ടിസിനെ തിരികെ പാളയത്തിലെത്തിച്ചാണു സന്ദേശ് ജിങ്കാൻ ക്യാപ്റ്റനായ ഗോവയുടെ പോരാട്ടം. ഫ്രാഞ്ചു, അലക്സ് വയേജോ, അലക്സ് സലായ, ചികി എന്നിവരാണു വിദേശനിരയിലെ പുതിയ കരുത്തൻ സാന്നിധ്യങ്ങൾ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്: ഗോളടിയന്ത്രം അലാദ്ദീൻ അജാരിയെ തിരിച്ചുവിളിച്ച നോർത്ത് ഈസ്റ്റ് എഥിയാൻ ഗോൺസാലസ്, എനേകോ, നികോള നിൻകോവിച്, അന്റോണിയോ മൊയാനോ തുടങ്ങിയ വിദേശതാരങ്ങളുമായി കരുത്താർജിച്ച നിലയിലാണു കളത്തിലെത്തുന്നത്.

ചെന്നൈയിൻ എഫ്സി: ഇന്ത്യൻ കോച്ച് ക്ലിഫോർഡ് മിറാൻഡയുടെ കീഴിൽ തിരിച്ചുവരവിനു തയാറെടുക്കുന്ന സംഘത്തിൽ നൂനോ റീസ്, മാദി തലാൽ, നികോള സ്റ്റോയ്നോവിച്, റാമോൺ ടാൻക്വെ, ഇമ്മാനുവൽ ഇമാനിഷിമ്വേ എന്നീ വിദേശതാരങ്ങളാണ് പുതിയ മുഖങ്ങൾ.

പഞ്ചാബ് എഫ്സി: ഗ്രീക്ക് പരിശീലകൻ പാവ്‌ലോസ് ഡെർമിറ്റ്‌സാകിനു കീഴിൽ വിദേശതാരനിരയിൽ പൊളിച്ചെഴുത്ത് നടത്തിയാണു പഞ്ചാബ് എത്തുന്നത്. ആൽഫ്രഡ് പ്ലാനാസ്, പാട്രിക് ബഹാനാക്, ഡിയേഗോ റാപോസോ, മിഖായേൽ മാൽസ, മെസ്സി ബൗളി എന്നീ വിദേശതാരങ്ങളുടെ സാന്നിധ്യം പുത്തൻ കരുത്താകും.

എസ്‌സി ഡൽഹി: ബ്ലാസ്റ്റേഴ്സിൽ നിന്നു ചേക്കേറിയ കോച്ചും ഒട്ടേറെ താരങ്ങളുമുള്ള ഡൽഹിക്ക് ഈ വരവിൽ മുൻപത്തേതിലും കരുത്തു പ്രകടം. യുവാൻ പെനാ, കാർലോസ് ഫോർട്ടസ്, റോഡ്രിഗ്വിനോ, ഡേവിഡ് റിച്ചാഡ്, ദുവാൻ വിയ്ഫാര, എൻഡുക ജൂനിയർ എന്നീ വിദേശതാരങ്ങളിലാണു പ്രതീക്ഷ.

ചർച്ചിൽ ബ്രദേഴ്സ്: ജംഷഡ്പുരിന്റെ ‘റീ എൻട്രി’യായി ഐഎസ്എലിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ച ചർച്ചിൽ ഗോവയുടെ രണ്ടാം മുഖമാണ്. അലക്സാന്ദ്രോ യൂലെ, ഡ്രമേൻ സാലു, സെബാസ്റ്റ്യൻ ഗ്വിട്ടിറെസ്, ജോൺ ഒകോലി, വെയ്ഡേ ലികേ തുടങ്ങിയ വിദേശനിരയാണു ടീമിന്റെ പ്രധാന ആശ്രയം.

ഇന്റർ കാശി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഏറ്റവും അവസാനം ഐഎസ്എൽ കളിക്കാൻ തീരുമാനിച്ച ഇന്റർ കാശി, പോർച്ചുഗീസ് കോച്ച് കാർലോസ് വാസ് പിന്റോയുടെ കീഴിലാണ് ഈ സീസണിൽ കളത്തിലിറങ്ങുന്നത്. ജംഷഡ്പുരിൽനിന്നുമുള്ള ഏതാനും താരങ്ങളും ടീമിനൊപ്പമുണ്ട്.

English Summary:

Indian Super League play 13 kicks disconnected with breathtaking matches featuring 13 teams, caller formats, and revamped squads. Fans tin drawback each the unrecorded enactment and updates arsenic teams similar Kerala Blasters and Mohun Bagan conflict for glory.

Read Entire Article