Published: November 09, 2025 08:32 AM IST
1 minute Read
-
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ച് മോഹൻ ബഗാൻ
-
സ്പോൺസറായി ബിസിസിഐ വരണമെന്ന് ഈസ്റ്റ് ബംഗാൾ
ന്യൂഡൽഹി ∙ സ്പോൺസറെ കിട്ടാതെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) അനിശ്ചിതത്വത്തിലായതിനു പിന്നാലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും ഗുരുതര പ്രതിസന്ധി. നിലവിലെ ഐഎസ്എൽ ചാംപ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളും അനിശ്ചിത കാലത്തേക്കു നിർത്തിവച്ചു.
കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കരാറുകൾ പുതുക്കുന്നത് അടുത്തമാസം പുനഃപരിശോധിക്കുമെന്നും ക്ലബ് അറിയിച്ചു. പ്രതിസന്ധികൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഫുട്ബോളിനെ സംരക്ഷിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുന്നോട്ടുവരണമെന്ന് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ക്ലബ് ആവശ്യപ്പെട്ടു.
ഐഎസ്എൽ സീസൺ ഡിസംബറിൽ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ അടുത്തയാഴ്ച ടീം ക്യാംപ് ആരംഭിക്കാനിരിക്കുകയായിരുന്നു മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. എന്നാൽ ലീഗ് നടത്തിപ്പിന് സ്പോൺസറെ കിട്ടാത്തതിനാൽ ഐഎസ്എൽ സീസൺ ഈ വർഷം ആരംഭിക്കാനാകില്ലെന്ന് ഉറപ്പായി. ഇതോടെയാണ് മോഹൻ ബഗാൻ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഐഎസ്എൽ സ്പോൺസർഷിപ്പിനായി ടെൻഡർ നൽകാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ ഒരു കമ്പനി പോലും താൽപര്യമറിയിച്ച് രംഗത്തെത്തിയിരുന്നില്ല. ഐഎസ്എലിന്റെ മുൻ സ്പോൺസറായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) അടക്കം 4 കമ്പനികൾ പ്രാഥമിക ഘട്ടത്തിൽ താൽപര്യമറിയിച്ച് പ്രീ-ബിഡ് കോൺഫറൻസിൽ പങ്കെടുത്തിരുന്നെങ്കിലും ഒരു കമ്പനി പോലും അവസാന ടെൻഡർ സമർപ്പിച്ചില്ല.
ഐഎസ്എലും ബിസിസിഐയുംകുറഞ്ഞത് 5 വർഷത്തേക്കെങ്കിലും ഇന്ത്യൻ ഫുട്ബോളിനെ സ്പോൺസർ ചെയ്യാൻ ബിസിസിഐ തയാറാകണമെന്നാണ് ഈസ്റ്റ് ബംഗാൾ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത സർക്കാർ ഉന്നയിച്ച ആവശ്യം. ഇതിനു ചെലവുവരുന്ന 100–150 കോടി രൂപ ബിസിസിഐയെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ല. ബിസിസിഐ ഐഎസ്എൽ ഏറ്റെടുത്താൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി മികച്ചതാകുമെന്നും ദേബബ്രത അഭിപ്രായപ്പെട്ടു.
ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിക്കുംആദ്യഘട്ട ടെൻഡറിൽ സ്പോൺസറെ ലഭിക്കാതായതോടെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഐഎസ്എൽ ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി യോഗം അടുത്തയാഴ്ച. പ്രതിവർഷം 37.5 കോടി രൂപ അല്ലെങ്കിൽ മൊത്ത വരുമാനത്തിന്റെ 5% സ്പോൺസർ ഫെഡറേഷന് നൽകണമെന്ന ടെൻഡർ വ്യവസ്ഥ ഭേദഗതി ചെയ്യുന്നത് പരിഗണനയിലുണ്ട്. ഈ യോഗത്തിലെ തീരുമാനങ്ങൾക്കുശേഷം കളിക്കാരുടെയും ജീവനക്കാരുടെയും കരാറുകൾ പുതുക്കിയാൽ മതിയെന്നാണ് മോഹൻ ബഗാന്റെ തീരുമാനം.
English Summary:








English (US) ·