Published: December 13, 2025 09:02 AM IST
1 minute Read
കൊൽക്കത്ത∙ ബംഗാൾ തീരത്തൊരു ന്യൂനമർദം രൂപപ്പെടുന്നു. പന്തുകളിയാവേശത്തിന്റെ ന്യൂനമർദം. അതിൽ രൂപപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റ് ‘മെസ്സിയാനിക്’ പക്ഷേ വിനാശകരമല്ല. അങ്ങേയറ്റം ആവേശവും ആരവവും ഉതിർത്ത് അതു തെലങ്കാന തീരത്തേക്കു വൈകുന്നേരത്തോടെ കടന്നുപോകും.
‘ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി അർധരാത്രിയോടെ കൊൽക്കത്തയിലെത്തിയ മെസ്സി ഇന്നു രാവിലെ ക്ഷണിക്കപ്പെട്ട സദസ്സുമായി മുഖാമുഖം നടത്തും. പിന്നീട‌്, ലേക് ടൗണിലെ ശ്രീഭൂമിയിൽ 70 അടി ഉയരമുള്ള സ്വന്തം പ്രതിമ അനാഛാദനം ചെയ്യും. മെസ്സി താമസിക്കുന്ന താജ് ബംഗാൾ ഹോട്ടലിൽനിന്നു വെർച്വലായാണ് അനാഛാദനം നിർവഹിക്കുക. മെസ്സിക്കൊപ്പം യുറഗ്വായ് താരം ലൂയി സ്വാരെസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും പരിപാടികളിൽ പങ്കെടുക്കും.
മെസ്സിയുടെ മയാമി ഭവനത്തിന്റെ മാതൃകയിലൊരുക്കിയ വീടും കാണികൾക്കിന്നു സന്ദർശിക്കാം. വേദിയിലെത്തും മുൻപ് സാക്ഷാൽ ഷാറൂഖ് ഖാൻ പ്രഖ്യാപിച്ചുകഴിഞ്ഞു: ‘‘ഇന്നത്തെ പകൽ മുഴുവനായും മെസ്സിയുടേതാണ്.’’ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സൗരവ് ഗാംഗുലി, ബൈചുങ് ബൂട്ടിയ, ലിയാൻഡർ പെയ്സ് എന്നിവരും വേദി പങ്കിടാനെത്തും. ഇന്നത്തെ പരിപാടി ഒരു മെസ്സി ഓപ്പറയാണ്. മെസ്സിയെന്ന വേദിയിൽ അവതരിപ്പിക്കപ്പെടുന്ന നൃത്ത–സംഗീത–ഫുട്ബോൾ വിരുന്ന്. ഉച്ചകഴിഞ്ഞ് ലയണൽ മെസ്സി ഹൈദരാബാദിലേക്കു പോകും.
നാളെ മുംബൈയിൽ ഫാഷൻ ഷോ ഉൾപ്പെടെയുള്ള പരിപാടികൾ. ബോളിവുഡ് താരങ്ങളും മെസ്സിക്കൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
മെസ്സി ഇന്ന് രാവിലെ 9.00: ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിനൊപ്പം മുഖാമുഖം
ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായുള്ള മെസ്സിയുടെ സന്ദേശം
രാവിലെ 9.30: മെസ്സി പ്രതിമ അനാഛാദനം (െവർച്വൽ)
രാവിലെ 10.00: സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സെവൻസ് മത്സരം (ഗോട്ട് കപ്പ്)
ആരാധകരുമായി കൂടിക്കാഴ്ച
ഉച്ചയ്ക്ക് 12 മുതൽ: അർജന്റൈൻ – ഇന്ത്യൻ ഫുഡ്ഫെസ്റ്റിവൽ
ഉച്ചകഴിഞ്ഞ് 1.00: ലോകകപ്പ് ജഴ്സി ലേലം, ചാരിറ്റി പ്രോഗ്രാം
ഉച്ചകഴിഞ്ഞ് 2.00: ഹൈദരാബാദിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ
വൈകിട്ട് 7.00: ഹൈദരാബാദിൽ പ്രദർശന മത്സരം
English Summary:









English (US) ·