Published: July 18 , 2025 06:53 AM IST
1 minute Read
-
ട്രാൻസ്ഫർ വിപണിയിൽ ആശങ്ക; എന്തു ചെയ്യണമെന്ന് അറിയാതെ വിദേശതാരങ്ങൾ
കൊച്ചി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന സംബന്ധിച്ച കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ഐഎസ്എൽ ഫുട്ബോൾ ഈ സീസണിൽ നടക്കുമോയെന്നു തീരുമാനിക്കുന്നതിൽ ഫെഡറേഷന്റെ ഭാവിയാണ് ഏറ്റവും നിർണായകം. കോടതി വിധിയനുസരിച്ചാകും അസോസിയേഷന്റെ ഭാവിയും ഐഎസ്എൽ സംബന്ധിച്ച തീരുമാനങ്ങളും. ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎലും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കൽ സുപ്രീം കോടതി വിധിക്കു ശേഷമേ കഴിയൂ.
ഐഎസ്എൽ സീസൺ മരവിപ്പിച്ചതോടെ വിദേശ കളിക്കാർ ആശങ്കയിലാണ്. ഐഎസ്എലിന്റെ ഭാവി വ്യക്തമായാൽ പലരും ഇന്ത്യയിൽ തുടരും. മറിച്ചാണെങ്കിൽ മറ്റേതെങ്കിലും രാജ്യത്തെ ക്ലബ്ബിലേക്കു കുടിയേറണം. അതിനു കഴിയാതെ വന്നാൽ ‘കരിയർ ബ്രേക്ക്’ എന്ന ദുരന്തമാകും അവരെ കാത്തിരിക്കുക. ഓഗസ്റ്റ് 30 വരെയാണ് ട്രാൻസ്ഫർ സമയപരിധി.
ബ്ലാസ്റ്റേഴ്സ് വിടുമോ ലൂണ, സദൂയി?
ലീഗ് മരവിച്ചതോടെ, പുതിയ സീസൺ ലക്ഷ്യമിട്ട് ടീം റീ ബിൽഡ് ചെയ്യാനുള്ള ശ്രമങ്ങളെല്ലാം മരവിച്ചു. പുതിയ വിദേശ താരങ്ങളെ കരാർ ചെയ്യാനുള്ള നീക്കങ്ങൾ തുലാസിലായി. നേരത്തേ കരാർ ഒപ്പിട്ട താരങ്ങൾ മാത്രമാണു ടീമുകൾക്കൊപ്പമുള്ളത്. കേരള ബ്ലാസ്റ്റേഴ്സാകട്ടെ, വിദേശ താരങ്ങളെ തളച്ചിടേണ്ടെന്ന തീരുമാനമാണ് എടുത്തത്. ആഗ്രഹിക്കുന്ന വിദേശ താരങ്ങൾക്കു പോകാമെന്ന സൗഹൃദ സമീപനം. ടീമിന് ഏറ്റവും താൽപര്യമുള്ള താരമായിട്ടും, സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ഹെസൂസ് ഹിമനെയെ പോകാൻ അനുവദിച്ചതു തന്നെ അതിനു തെളിവ്.
ഐഎസ്എൽ നടക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണു ഹിമനെ ഇന്ത്യ വിട്ടത്. ഒരു വർഷം മാത്രം കരാറുള്ള നോവ സദൂയി, ദുഷാൻ ലഗാതോർ എന്നിവരും ആശയക്കുഴപ്പത്തിലാണ്. രണ്ടു വർഷ കരാർ അവശേഷിക്കുന്ന ടീം ക്യാപ്റ്റൻ അഡ്രിയൻ ലൂണയും മറ്റു സാധ്യതകൾ തേടുകയാണ്. ചെന്നൈയിൻ എഫ്സി കോച്ച് ഓവൻ കോയൽ ഐഎസ്എൽ വിടുകയാണെന്നാണു സൂചന.
പഞ്ചാബ് എഫ്സി പ്രമുഖ വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കിക്കഴിഞ്ഞു. എഫ്സി ഗോവയിൽ നിന്നും പല വിദേശ താരങ്ങളും കൊഴിഞ്ഞു. അതേസമയം, കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദൻ സ്പോർട്ടിങ്ങും കടുത്ത നടപടികൾക്കു മുതിർന്നിട്ടില്ല.
English Summary:









English (US) ·