ഇന്നും മാറ്റുകുറയാത്ത ഫാബ് ഫോര്‍, വികൃതി ഇന്ത്യയോടും; സ്റ്റീവ് സ്മിത്ത് ഏകദിനം മതിയാക്കുമ്പോള്‍

10 months ago 8

ഓസ്‌ട്രേലിയയ്ക്കായി 15 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റ് മതിയാക്കിയിരിക്കുകയാണ്. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികവ് പുലര്‍ത്തിയ സ്മിത്ത് ഇടയ്ക്ക് വിവാദങ്ങളിലും നിറഞ്ഞുനിന്നു. 2010 ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആരംഭിച്ച സ്മിത്തിന്റെ ക്രിക്കറ്റ് ജൈത്രയാത്രയ്ക്ക്, ഒടുക്കം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോടേറ്റ തോല്‍വിയോടെ പടിയിറക്കം. തോറ്റ മത്സരത്തിലും ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററാണ് എന്നത് സ്മിത്തിലെ ഇനിയും അവശേഷിക്കുന്ന ക്രിക്കറ്ററെ തുറന്നുകാണിക്കുന്നു.

2015, 2023 ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമാണ് സ്മിത്ത്. രാജ്യത്തിനായി 170 ഏകദിനങ്ങള്‍ കളിച്ച താരം, 43.28 ശരാശരിയില്‍ 5,800 റണ്‍സ് നേടി. ഇതില്‍ 12 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. കൂടാതെ 28 വിക്കറ്റുകള്‍ നേടിയ താരം 90 പേരെ ക്യാച്ചിലൂടെയും പുറത്താക്കി. ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ 12-ാമത്തെ ടോപ് സ്‌കോററാണ്. 2016-ല്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ 164 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

നിലവില്‍ ഏകദിനത്തില്‍നിന്നുമാത്രം വിരമിച്ച സ്മിത്ത്, ടി20, ടെസ്റ്റ് ക്രിക്കറ്റുകളില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചശേഷം ഓസ്‌ട്രേലിയയെ 64 ഏകദിന മത്സരങ്ങളില്‍ നയിച്ചു. ഇതില്‍ 32 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പന്ത്രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. പാറ്റ് കമിന്‍സിന് പരിക്കായതിനാല്‍ ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്മിത്തായിരുന്നു.

പന്ത് ചുരണ്ടല്‍ വിവാദം

സ്മിത്തിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമാണ് പന്ത് ചുരണ്ടല്‍ വിവാദം. 2018 മാര്‍ച്ച് 24-ന് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലാണ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടത്. അന്ന് ഓസീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനം ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിച്ചു. അടിവസ്ത്രത്തില്‍ കരുതിയ ഉരക്കടലാസുപയോഗിച്ചായിരുന്നു ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. അസ്വാഭാവികമായ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ക്യാമറാമാന്‍ ബാന്‍ക്രോഫ്റ്റിന്റെ ചുരണ്ടല്‍ ദൃശ്യങ്ങളോടെ പിടികൂടി.

സംഭവം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ അടക്കം കാണിച്ചതോടെ അമ്പയര്‍മാര്‍ ബാന്‍ക്രോഫ്റ്റിനോട് വിശദീകരണം ചോദിച്ചു. ആദ്യഘട്ടത്തില്‍ സണ്‍ഗ്ലാസ് കവറുപയോഗിച്ചാണ് പന്ത് തുടച്ചതെന്നായിരുന്നു പറഞ്ഞത്. അത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. യഥാര്‍ഥത്തില്‍ മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് ബാന്‍ക്രോഫ്റ്റ് ഉപയോഗിച്ചത്.

അന്ന് വൈകീട്ട് പത്രസമ്മേളനത്തില്‍ പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന് ബാന്‍ക്രോഫ്റ്റും സ്മിത്തും സമ്മതിച്ചതോടെ സംഭവം കൂടുതല്‍ വിവാദമായി. പിന്നാലെ വാര്‍ണറാണ് സൂത്രധാരനെന്നും വ്യക്തമായതോടെ മൂന്നുപേര്‍ക്കും വിലക്കുവന്നു. പിന്നീട് 12 മാസത്തെ വിലക്ക് അവസാനിച്ച് സ്മിത്ത് ടീമില്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റനാകാനുള്ള വിലക്ക് ഒരുവര്‍ഷംകൂടി നിലനിന്നിരുന്നു. ആ വിലക്കും നീങ്ങിയതോടെ സ്മിത്ത് വീണ്ടും ഓസീസ് നായകനായി.

വികൃതി ഇന്ത്യക്കെതിരെയും

ഒരുതവണ ഇന്ത്യയോടും സ്മിത്ത് ഈ വിധത്തിലുള്ള വികൃതി കാണിച്ചിട്ടുണ്ട്. 2021-ല്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെയാണ് സംഭവം. സ്മിത്ത് മനഃപൂര്‍വ്വം ബാറ്റിങ് ക്രീസില്‍ ബാറ്റ്സ്മാന്റെ ഗാര്‍ഡ് അടയാളം മായ്ച്ച് കളയുകയായിരുന്നു. സ്റ്റമ്പ് ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിരുന്നു. ഗാര്‍ഡ് മായ്ക്കുന്നയാളുടെ മുഖം ദൃശ്യത്തില്‍ കാണുന്നില്ലെങ്കിലും ജേഴ്സി നമ്പര്‍ വെച്ച് അത് സ്മിത്താണെന്ന് തിരിച്ചറിഞ്ഞു.

ഇന്ത്യയ്ക്കായി ചേതേശ്വര്‍ പൂജാരയും ഋഷഭ് പന്തും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സ്മിത്തിന്റെ ഈ മോശം പ്രവൃത്തി. ഇതോടെ തുടര്‍ന്ന് ബാറ്റ് ചെയ്യാനെത്തിയ ഋഷഭ് പന്തിന് ഗാര്‍ഡ് വീണ്ടും അടയാളപ്പെടുത്തേണ്ടതായി വന്നു. സ്മിത്തിന്റെ ഈ പ്രവൃത്തിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ രംഗത്തുവന്നു.പന്ത് ചുരണ്ടല്‍ വിവാദത്തോടാണ് പലരും ഈ സംഭവത്തെ താരതമ്യം ചെയ്യുന്നത്.

സ്മിത്തോ കോലിയോ

ഒരു ഘട്ടത്തില്‍ സ്മിത്താണോ കോലിയാണോ സമകാലിക ക്രിക്കറ്റര്‍മാരില്‍ ഏറ്റവും മികച്ചയാളെന്നുവരെ ചര്‍ച്ചകള്‍ നടന്നിരുന്നു. അത്രമേല്‍ സാങ്കേതികത്തികവ് അവകാശപ്പെടാനാവുന്ന താരമാണ് സ്മിത്ത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലേയും മികച്ച ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ആണെന്നാണ് പ്രമുഖ ശ്രീലങ്കന്‍ ക്രിക്കറ്റ് ലേഖകനായ ഡാനിയേല്‍ അലക്‌സാണ്ടര്‍ ഒരിക്കല്‍ വ്യക്തമാക്കിയത്. വിരാട് കോലിയാണ് എല്ലാ ഫോര്‍മാറ്റിലേയും മികച്ച ബാറ്റ്‌സ്മാനെന്ന മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും രംഗത്തെത്തിയിരുന്നു. ഡാനിയേലിന്റെ വിലയിരുത്തലിനോട് ഒട്ടും യോജിക്കുന്നില്ല എന്ന തരത്തിലായിരുന്നു വോണിന്റെ മറുപടി.

കാര്യങ്ങള്‍ ഇത്തരത്തില്‍ ചൂടായിരിക്കുമ്പോഴാണ് ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിക്സുകള്‍ ഉപയോഗിച്ച് അവലോകനം നടത്തുന്ന വെബ്‌സൈറ്റ് അന്ന് പുതിയ കണ്ടെത്തലുമായെത്തിയത്. അത് ഇങ്ങനെയായിരുന്നു 'ടെസ്റ്റില്‍ 140 കിലോമീറ്ററിലധികം വേഗമുള്ള പന്തുകള്‍ നേരിടുന്നതില്‍ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ്...' ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയും വേഗമുള്ള പന്തുകള്‍ നേരിടുന്നതില്‍ സ്മിത്തിന്റെ ശരാശരി 98.33 ആണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിരാട് കോലിയുണ്ട്, പക്ഷേ, ശരാശരി 56.73 മാത്രം. ടെസ്റ്റ് ക്രിക്കറ്റില്‍ 140 കിലോമീറ്ററിനുമുകളില്‍ വേഗമുള്ള ആയിരം പന്തുകള്‍ നേരിട്ടവരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

പത്തുവര്‍ഷം കഴിഞ്ഞിട്ടും അതേ ഫാബ് ഫോര്‍

വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനരായ ബാറ്റര്‍മാരുടെ നിര ഇവരായിരുന്നെന്ന് ഉറപ്പിച്ചു പറയാം. ഈ നാല് അസാമാന്യ ക്രിക്കറ്റ് താരങ്ങളുടെ ഉദയം അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു 2014. ലോക ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളില്‍, വിവിധ വേദികളിലായി ഈ നാലുപേര്‍ തങ്ങളുടെ ടീമുകള്‍ക്കായി കാഴ്ചവെച്ച പ്രകടനങ്ങള്‍ പകരംവെയ്ക്കാനാകാത്തതായിരുന്നു. സ്ഥിരത, സമ്മര്‍ദ ഘട്ടങ്ങളിലും മികച്ച പ്രകടനം നടത്താനുള്ള മികവ് എന്നിവയെല്ലാം കൊണ്ട് ഈ നാലുപേരും ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. പില്‍ക്കാലത്ത് ഈ നാലുപേരടങ്ങിയ സംഘത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത് ഫാബ് ഫോര്‍ (fabulous four) എന്നായിരുന്നു. അന്തരിച്ച മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ ക്രോയാണ് 2014-ല്‍ അന്ന് ഈ നാല് യുവ ബാറ്റര്‍മാരുടെയും അസാധാരണമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഇവരെ ആദ്യമായി ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിച്ചത്.

ക്രിക്കറ്റ് സമൂഹത്തിലെ ആദരണീയനായ വ്യക്തിയായിരുന്ന മാര്‍ട്ടിന്‍ ക്രോയ്ക്ക് യുവതാരങ്ങളിലെ പ്രതിഭ മനസിലാക്കുന്നതില്‍ പ്രത്യേക മികവുണ്ടായിരുന്നു. കോലി, സ്മിത്ത്, റൂട്ട്, വില്യംസണ്‍ എന്നിവര്‍ കരിയറിന്റെ തുടക്കത്തില്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ വിലയിരുത്തി 2014 ഓഗസ്റ്റ് 29-ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയില്‍ എഴുതിയ ലേഖനത്തിലാണ് ക്രോ ആദ്യമായി ഈ താരങ്ങളെ ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിച്ചത്. വൈകാതെ തന്നെ ഈ കളിക്കാര്‍ അവരവരുടെ ദേശീയ ടീമുകളിലെ പ്രധാന താരങ്ങളായി ഉയരുകയും ചെയ്തു. പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാന്‍ഡായിരുന്ന ബീറ്റില്‍സിലെ ഫാബ് ഫോറുമായി താരതമ്യം ചെയ്താണ് ക്രോ ഇവര്‍ക്ക് ആ പേരു സമ്മാനിച്ചത്.

Content Highlights: steve smith retired from 1 time international

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article