01 May 2025, 12:28 PM IST

റാപ്പർ വേടൻ, തെരുവിന്റെ മോൻ ആൽബത്തിന്റെ ടീസറിൽനിന്ന് | ഫോട്ടോ: Instagram, സ്ക്രീൻഗ്രാബ്
പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുപിന്നാലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തിറക്കി റാപ്പർ വേടൻ. തെരുവിന്റെ മോൻ എന്നാണ് ഗാനത്തിന്റെ പേര്. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടൻ പ്രത്യക്ഷപ്പെടുന്നത്.
കരയല്ലേ നെഞ്ചേ കരയല്ലേ..ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ... എന്ന വരികളാണ് ടീസറിൽ കേൾക്കാനാവുക. ജാഫർ അലിയാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഹൃത്വിക് ശശികുമാർ ഛായാഗ്രഹണവും വിഷ്ണു മലയിൽ ആണ് കലാസംവിധാനം. വിഗ്നേഷ് ഗുരുലാൽ ആണ് ക്രിയേറ്റീവ് ഡയറക്ടർ. സൈന മ്യൂസിക് ഇൻഡീ ആണ് മ്യൂസിക ലേബൽ. വേടന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് പുലിപ്പല്ല് കൈവശം വെച്ച കേസിൽ ജാമ്യം ലഭിച്ച് റാപ്പർ വേടൻ (ഹിരൺദാസ് മുരളി) പുറത്തിറങ്ങിയത്. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അതേക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നും അതേസമയം, പുകവലിയും മദ്യപാനവും തെറ്റാണെന്നും തന്നോട് ക്ഷമിക്കണമെന്നും വേടൻ പറഞ്ഞു. നല്ലൊരു മനുഷ്യനായി മാറാൻ താൻ ശ്രമിക്കുമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്‌ളാറ്റിൽനിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയിൽ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: Rapper Vedhan releases a caller opus teaser, `Theruvinte Mon`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·