Published: December 06, 2025 09:36 AM IST
1 minute Read
-
തോറ്റാൽ ഇന്ത്യയ്ക്ക് വീണ്ടും പരമ്പര നഷ്ടം
വിശാഖപട്ടണം ∙ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ടെസ്റ്റ് പരമ്പര, മികച്ച സ്കോർ നേടിയിട്ടും ജയം കൈവിട്ട രണ്ടാം ഏകദിന മത്സരം... ഡ്രസിങ് റൂമിലും ആരാധക മനസ്സിലും വിഷാദത്തിന്റെ കാർമേഘം പടർന്നുനിൽക്കുമ്പോൾ വിശാഖപട്ടണത്ത് ഇന്ത്യ ഇന്നു ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന ഇന്ത്യ– ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരത്തിൽ ആശങ്കയും ആധിയുമെല്ലാം ഇന്ത്യൻ ക്യാംപിലാണ്. ടെസ്റ്റിനു പുറമേ ഏകദിന പരമ്പര കൂടി നഷ്ടപ്പെടുത്തിയാൽ അത് ഇന്ത്യൻ ടീമിൽ വലിയ ചലനങ്ങൾക്കു വഴിയൊരുക്കും.
പരിശീലക സംഘത്തിൽ അഴിച്ചുപണി വേണമെന്ന മുറവിളിക്കു ശക്തികൂടും. 38 വർഷത്തിനുശേഷം നാട്ടിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ ഒന്നിച്ചു തോൽക്കുകയെന്ന വലിയ നാണക്കേടാണ് ഇന്ത്യയെ പേടിപ്പിക്കുന്നതെങ്കിൽ ഇന്ത്യൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര വിജയമെന്ന ചരിത്രമാണ് ദക്ഷിണാഫ്രിക്കയെ പ്രചോദിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം.
സൂപ്പർ സീനിയേഴ്സ്കരിയറിന്റെ അവസാനഘട്ടത്തിലും ക്രീസിൽ പ്രതാപത്തോടെ തിളങ്ങുന്ന വിരാട് കോലിയും രോഹിത് ശർമയും തന്നെയാണ് ഇന്നും ഇന്ത്യയുടെ തുറുപ്പുചീട്ട്. കോലി തുടർച്ചയായ മൂന്നാം സെഞ്ചറിക്കായി കാത്തിരിക്കുമ്പോൾ കഴിഞ്ഞ 4 മത്സരങ്ങളിലായി ഒരു സെഞ്ചറിയും 2 അർധ സെഞ്ചറിയും രോഹിത്തിന്റെ പേരിലുണ്ട്.
കന്നി സെഞ്ചറിയുമായി രാജ്യാന്തര ഏകദിനത്തിൽ വരവറിയിച്ച ഋതുരാജ് ഗെയ്ക്‌വാദിന്റെ ഫോമും ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്ത് തെളിയിക്കുന്നു. എന്നാൽ, ഏകദിന ടീമിൽ ഓപ്പണറായി ലഭിച്ച അവസരം മുതലാക്കാൻ യശസ്വി ജയ്സ്വാളിനു ഇതുവരെ കഴിഞ്ഞിട്ടില്ല. പേസ് ബോളിങ്ങിൽ അർഷ്ദീപ് സിങ് അച്ചടക്കത്തോടെ പന്തെറിയുമ്പോൾ പ്രസിദ്ധ് കൃഷ്ണയും ഹർഷിത് റാണയും റൺസ് വഴങ്ങുന്നത് ഇന്ത്യയ്ക്കു തലവേദനയാണ്.
ടോസ് നിർണായകംരാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമിന് അനുകൂലമാകുമെന്നതിനാൽ മത്സരത്തിൽ ടോസ് നിർണായകമാകും. ഏകദിനത്തിൽ തുടർച്ചയായി 20 മത്സരങ്ങളിൽ ടോസ് നഷ്ടമായ ഇന്ത്യ അവസാനമായി ടോസ് വിജയിച്ചത് 2023 ലോകകപ്പിന്റെ സെമിഫൈനലിലാണ്. വിശാഖപട്ടണത്ത് ഇതുവരെ നടന്ന 10 ഏകദിനങ്ങളിൽ ഏഴിലും ഇന്ത്യ വിജയിച്ചിരുന്നു.
English Summary:








English (US) ·