ഇന്ന് ‘നയതന്ത്ര’ പോരാട്ടം; റൺ ഇന്ത്യ റൺ, കണക്കുകളിൽ ബഹുദൂരം മുന്നിൽ; താളം കണ്ടെത്താൻ പാക്കിസ്ഥാൻ

4 months ago 5

മനോരമ ലേഖകൻ

Published: September 21, 2025 11:11 AM IST

1 minute Read

  • ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ– പാക്കിസ്ഥാൻ

  • മത്സരം ദുബായിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ

ഇന്ത്യൻ താരങ്ങളായ (ഇടത്തുനിന്ന്) അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, അഭിഷേക് ശർമ എന്നിവർ പരിശീലനത്തിനിടെ.
ഇന്ത്യൻ താരങ്ങളായ (ഇടത്തുനിന്ന്) അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, അഭിഷേക് ശർമ എന്നിവർ പരിശീലനത്തിനിടെ.

ദുബായ്∙ കളത്തിനു പുറത്തെ കുരുത്തക്കേടുകൾ അകത്തേക്കും കളത്തിന് അകത്തെ കുസൃതികൾ പുറത്തേക്കും കടക്കാതെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരുന്ന കാലമുണ്ടായിരുന്നു ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾക്ക്. എന്നാൽ രാജ്യാതിർത്തിയിലെ പ്രശ്നങ്ങൾ ക്രിക്കറ്റിനെ കയ്യാളുന്ന കാഴ്ചയ്ക്കാണ് ഏഷ്യാകപ്പ് ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം സാക്ഷിയായത്.

ഹസ്തദാന വിവാദം മുതൽ ടൂർണമെന്റ് ബഹിഷ്കരണ ഭീഷണി വരെ നീണ്ട ഗ്രൂപ്പ് മത്സരത്തിനു ശേഷം, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിനായി ഇന്ന് ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ കളി മികവിനെക്കാൾ കാണികൾ കാത്തിരിക്കുന്നത് നയതന്ത്ര പോരാട്ടങ്ങൾക്കു തന്നെയാണ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.

ഇന്ത്യ തന്നെ... കളിക്കരുത്തിലും സമീപകാല ഫോമിലും പാക്കിസ്ഥാനെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ഇന്ത്യ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക്കിസ്ഥാനെതിരെ നേടിയത്. ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സൂപ്പർ ഫോറിൽ എത്തിയതെങ്കിൽ രണ്ടു ജയവും ഒരു തോൽവിയുമാണ് പാക്കിസ്ഥാന്റെ അക്കൗണ്ടിലുള്ളത്.

അഭിഷേക് ശർമ മുതൽ ശിവം ദുബെ വരെ നീളുന്ന പവർ ഹിറ്റർമാരാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. ഗ്രൂപ്പ് മത്സരത്തിലൊന്നും ഇന്ത്യൻ ബാറ്റിങ്ങിന് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. ഒമാനെതിരായ അവസാന മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ മധ്യനിരയ്ക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുമ്രയും സ്പിന്നർ വരുൺ ചക്രവർത്തിയും ഇന്ന് ടീമിൽ തിരിച്ചെത്തും. വരുൺ – കുൽദീപ് യാദവ് സ്പിൻ ജോടിക്കൊപ്പം അക്ഷർ പട്ടേൽ കൂടി ചേരുന്നതോടെ ബോളിങ് നിര ഭദ്രം.

പ്രതീക്ഷയോടെ പാക്കിസ്ഥാൻശരാശരിയിൽ മാത്രം ഒതുങ്ങിയ ഗ്രൂപ്പ് ഘട്ട പ്രകടനങ്ങളിൽ നിന്നു പുറത്തുവരാനാകും ഇന്നത്തെ മത്സരത്തിൽ പാക്കിസ്ഥാന്റെ ശ്രമം. ആദ്യ 3 മത്സരത്തിലും പൂജ്യത്തിനു പുറത്തായ ഓപ്പണർ സയിം അയൂബിന്റെ ഫോം അവരെ അലട്ടുന്നുണ്ട്. മധ്യനിരയിൽ സ്ഥിരതയുള്ള ഒരു ബാറ്ററുടെ അഭാവവും ടീമിന് തലവേദനയാണ്. ബോളിങ്ങിൽ പേസർമാരായ ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും മികവു തെളിയിച്ചേ മതിയാകൂ. അബ്രാർ അഹമ്മദ് നയിക്കുന്ന സ്പിൻ നിരയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല.

English Summary:

Asia Cup Super Four: India vs Pakistan: Match Preview

Read Entire Article