സിനിമാപ്പാട്ടോ മാപ്പിളപ്പാട്ടോ ഭക്തിഗാനമോ പാരഡികളോ... പാട്ടേതായാലും സമദ് മലപ്പുറത്തിന് വീട്ടുകാര്യം പോലെയാണ്. മലപ്പുറം പടിഞ്ഞാറ്റുംമുറിയിലെ പി.എൻ. സമദാണ് 1300-ലധികം ചെറുതും വലുതുമായ പാട്ടെഴുതി സംഗീതത്തിൽ മുഴുകി ജീവിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പാരഡി പാട്ടുകളിലൂടെയാണ് തുടക്കം.
ഇന്ന് കല്യാണവീടുകളിലും മറ്റും കേൾക്കുന്ന, കണ്ണൂർ ഷരീഫും ഫാസില ബാനുവും ചേർന്നാലപിച്ച ‘മഴവില്ലിൻ ചേലാണ്’, കണ്ണൂർ ഷരീഫും ഫാസില ബാനുവും സുറുമിയും ചേർന്നുപാടിയ ‘മാണിക്യമരതകം’ എന്നീ പാട്ടുകൾ ഇദ്ദേഹത്തിന്റേതാണ്. ഇവയ്ക്ക് രണ്ടിനും യൂട്യൂബിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട്.
സൗബിൻ ഷാഹിർ നായകനായ ‘വികൃതി’ സിനിമയിൽ ‘മല്ലികമലർപ്പന്തൽ’ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടും എഴുതി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് കെഎംസിസി ഒരുക്കിയ ‘പോയ് മറഞ്ഞ പൊൻതാരകം’ സിഡിയിലെ ഏഴു പാട്ടുകൾ പിറന്നതും സമദിന്റെ വിരൽത്തുമ്പിലാണ്.

200-ന് മുകളിൽ കവിതകളുമെഴുതി. ഇതിൽ ‘ഇരുൾവീട്’ എന്ന കവിതയ്ക്ക് ഭാസ്കരൻ മാഷ് അവാർഡ്, ചിത്രാംബരി അവാർഡ്, മലബാർ സാഹിത്യസമാജം അവാർഡ് തുടങ്ങി നാല് പുരസ്കാരങ്ങളും കിട്ടി.
ഗായകൻ കണ്ണൂർ ഷരീഫിന്റെ പ്രേരണയിൽ സംഗീതരംഗത്തുള്ള ഇദ്ദേഹം നൂറിലധികം മാപ്പിളപ്പാട്ടുകൾക്ക് സംഗീതവുമൊരുക്കി. 500-ലധികം വേദികളിൽ പാടിയിട്ടുണ്ട്. കാസറ്റിന്റെയും സിഡിയുടെയും കാലത്ത് ഹിറ്റായ പാട്ടുകൾ വേറെയും. ജിവിതപ്രയാസത്താൽ സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയ സമദ് തുല്യതാ പരീക്ഷയിലൂടെയാണ് പത്താംക്ലാസ് ജയിച്ചത്.
എസ് ബാൻഡ് എന്ന പേരിൽ ഇദ്ദേഹത്തിന് സംഗീതക്കൂട്ടായ്മയുണ്ട്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ലക്ഷദ്വീപിലും ഗാനമേളകൾക്കായി പോയിട്ടുണ്ട്. ഇതോടൊപ്പം പ്രദേശിക ഫുട്‌ബോൾ ടീമിലും സജീവസാന്നിധ്യമാണ് ഈ 38-കാരൻ. കെ.പി. നുവൈറയാണ് ഭാര്യ. ജാസിൽ, ഇശാൽ എന്നിവർ മക്കളാണ്.
Content Highlights: World Music Day: Samad Malappuram writes much than 1300 songs
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·