ഇന്റർ ദ് ഫൈനൽ ! ബാർസയുടെ സ്വപ്നങ്ങൾ റാഞ്ചി ആ രണ്ടു പേർ, 120 മിനിറ്റിനിടെ വീണത് 7 ഗോളുകൾ

8 months ago 10

മിലാൻ ∙ പ്രഫഷനൽ ഫുട്ബോളറായതിനു പിന്നാലെ കാൻസർ ബാധിതനാണെന്ന് അറിഞ്ഞിട്ടും തളരാതെ അതിനെ ചികിൽസിച്ചു ഭേദമാക്കി കളിക്കളത്തിലേക്കു തിരിച്ചെത്തിയ ഫ്രാഞ്ചെസ്കോ അചേർബി, 25 വയസ്സിനിടെ ഇറ്റലിയിലെ വിവിധ ക്ലബ്ബുകളിലൂടെ ‘വായ്പ’ത്താരമായി ഓടിത്തളർന്ന ദാവീദ് ഫ്രറ്റേസി.... യൂറോപ്യൻ ഫുട്ബോൾ ഇതുവരെ അധികമൊന്നും കേട്ടിട്ടില്ലാത്ത 2 പേർ. ഇരുവരും ചേർന്ന് ഇക്കഴിഞ്ഞ രാത്രി റാഞ്ചിയതു സ്പെയിനിലെ ബാർസിലോനയിൽനിന്നു വന്ന ചോരത്തിളപ്പുള്ള ഒരുപറ്റം ചെറുപ്പക്കാരുടെ സ്വപ്നങ്ങളാണ്! എക്സ്ട്രാ ടൈം വരെ നീണ്ട, യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ സെമിയിൽ എഫ്സി ബാർസിലോനയെ 4–3നു തോൽപിച്ച ഇന്റർ മിലാൻ ഫൈനലിൽ. ആദ്യപാദത്തിലെ 3–3 സമനില കൂടി കൂട്ടുമ്പോൾ ഇരുപാദ സ്കോർ 7–6.

ഇറ്റലിയിലെ ഏറ്റവും വലിപ്പമുള്ള ഫുട്ബോൾ സ്റ്റേഡിയമായ സാൻസിറോയിൽ 120 മിനിറ്റിനിടെ വീണ 7 ഗോളുകൾ ചാംപ്യൻസ് ലീഗിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായി ഈ കളിയെ മാറ്റി. വിശ്വപ്രസിദ്ധമായ ആക്രമണനിരയുള്ളപ്പോഴും ബാർസിലോനയുടെ പ്രതിരോധനിരയ്ക്കു സംഭവിച്ച പാളിച്ചകളാണു കളിയിൽ നിർണായകമായത്. പേരെടുത്ത അധികം താരങ്ങളില്ലെങ്കിലും പരിചയസമ്പത്തും സ്വന്തം കാണികളുടെ മുന്നിൽ ചോരാതെ കാത്ത പോരാട്ടവീര്യവും ഇന്ററിനെ തുണയ്ക്കുകയും ചെയ്തു.

21–ാം മിനിറ്റിൽ ക്യാപ്റ്റൻ ലൗറ്റാരോ മാർട്ടിനെസിന്റെ ഗോളിൽ ഇന്റർ മിലാൻ മുന്നിലെത്തി (1–0). ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ലൗറ്റാരോയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ബാർസ വഴങ്ങിയ പെനൽറ്റി കിക്ക്, തുർക്കി താരം ഹകാൻ ചൾഹനോളു ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ വർധിതവീര്യത്തോടെ ആക്രമിച്ച ബാർസിലോനയ്ക്കായി എറിക് ഗാർഷ്യ 54–ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. 6 മിനിറ്റിനകം ഡാനി ഒൽമോയുടെ ഗോളിൽ ബാർസ 2–2ന് ഒപ്പമെത്തി. 87–ാം മിനിറ്റിൽ റഫീഞ്ഞയുടെ ഗോളിൽ ബാർസ 3–2നു മുന്നിലെത്തുകയും ചെയ്തു. ഇവിടം വരെ സാധാരണ നിലയിലായിരുന്ന കളി അസാധാരണ തലത്തിലേക്കുയർന്നതു പിന്നീടാണ്.

സാൻസിറോ നിറഞ്ഞ മുക്കാൽ ലക്ഷത്തിലധികം കാണികൾ ഇന്റർ തോൽവിക്കു കീഴടങ്ങുന്നതു കാണാൻ ഒരുക്കമായിരുന്നില്ലെന്ന് അവരുടെ ആരവത്തിൽനിന്നു പ്രകടമായി. ഇന്റർ കോച്ച് ഇൻസാഗി സിമിയോണി എപ്പോഴും സംസാരിക്കുന്ന കണ്ണുകൾകൊണ്ടു കളിക്കാരെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. 5 മിനിറ്റ് നീട്ടിക്കിട്ടിയ ഇൻജറി ടൈമിന്റെ 3–ാം മിനിറ്റിലാണ് അതു സംഭവിച്ചത്. ഓപ്പൺ പ്ലേയ്ക്കിടെ ബോക്സിനേറെ അകലെനിന്നു ഡെൻസൽ ഡുംഫ്രീസ് നൽകിയ പാസ് ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന ഫ്രാഞ്ചെസ്കോ അചേർബി ബൂട്ട്സ് ചെരിച്ചുവച്ച് ഗോളിലേക്ക് ഉയർത്തി അടിച്ചുകയറ്റി. അതുവരെ വീണ ഗോളുകളിൽ ബാർസ പ്രതിരോധത്തെക്കൂടി കുറ്റം പറയാമെങ്കിൽ ഇതിൽ അങ്ങനൊന്നിനു സാധ്യതയുണ്ടായിരുന്നില്ല. ബാർസയുടെ വെറ്ററൻ ഗോളി വോയിചെക് സ്റ്റെൻസ്നേയ്ക്ക് റിയാക്‌ഷനു പോലും സമയം കിട്ടും മുൻപു പന്തു വലയിൽ (3–3).

ആ ഗോളിനു പിന്നാലെ കുപ്പായമൂരിയ മുപ്പത്തിയേഴുകാരൻ അചേർബി സൂചികുത്താൻ ഇടമില്ലാത്ത വിധം പച്ചകുത്തിയ തന്റെ ശരീരം പ്രദർശിപ്പിച്ചാണു ഗോൾ ആഘോഷിച്ചത്. യൂറോപ്യൻ വേദിയിൽ സെന്റർ ബാക്ക് അചേർബിയുടെ ആദ്യ ഗോൾ. 12 വർഷം മുൻപ് ഇറ്റാലിയൻ സീരി എ ലീഗിൽ അരങ്ങേറ്റ സീസണിലാണ് സാസുളോ ടീമംഗം അചേർബിക്കു കാൻസർ സ്ഥിരീകരിച്ചത്. തുടർ ചികിൽസകൾക്കൊടുവിൽ രോഗം ഭേദമാക്കി കളിക്കളത്തിലേക്കു തിരിച്ചെത്തിയ ഡിഫൻഡർ 2023ലാണ് ഇന്റർ മിലാന്റെ ഭാഗമായത്.മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടതോടെ ഇന്റർ താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചു. എക്സ്ട്രാ ടൈമിന്റെ 9–ാം മിനിറ്റിലാണ് അതുവരെ ഇന്റർ ആരാധകർ ആഗ്രഹിച്ചതു സംഭവിച്ചത്. മാർക്കസ് തുറാമും ടരേമിയും ചേർന്നു നടത്തിയ നീക്കത്തിനൊടുവിലാണു പകരക്കാരൻ ദാവീദ് ഫ്രറ്റേസിയുടെ കാലുകളിൽ പന്തു കിട്ടുന്നത്. മുന്നിലേക്കു വന്ന പന്ത് ഒരു നിമിഷം ഹോൾഡ് ചെയ്ത ശേഷം ഉന്നം പിഴയ്ക്കാതൊരു ഷോട്ട്. ബാർസ പ്രതിരോധവും ഗോളിയും നിസ്സഹായരായി നിൽക്കെ പന്തു ക്ലീനായി വലയിൽ (4–3).

ഗാലറികൾ ആവേശത്തിന്റെ പൂരപ്പറമ്പായി. ഗോളടിച്ച ശേഷം സഹതാരങ്ങൾക്കു പിടികൊടുക്കാതെ മൈതാനത്തിനു പുറത്തേക്കോടിയ ഫ്രറ്റേസി ഗ്രൗണ്ടിനു പുറത്തെ ഇരുമ്പുവലയിൽ വലിഞ്ഞു കയറി ഗാലറികളുടെ നേർക്കു മുഷ്ടി ചുരുട്ടി ആക്രോശിച്ചു; പോരാ, ഈ ശബ്ദം പോരാ, ഈ ഗോളിന്, ഈ നിമിഷത്തിന് ഇതു മതിയാവില്ല! ഇന്റർ മിലാന്റെ പതിവു സബ്സ്റ്റിറ്റ്യൂട്ടുകളിലൊരാളായ ഫ്രറ്റേസി 79–ാം മിനിറ്റിലാണു കളിക്കളത്തിലേക്കു വന്നത്. ഇന്റർ മിലാനിലേക്കു വായ്പക്കരാറിലെത്തുകയും പിന്നീടു കരാർ ഒപ്പിടുകയും ചെയ്ത ഇരുപത്തിയഞ്ചുകാരൻ താരത്തെ യൂറോപ്യൻ ലോകം എന്നുമോർമിക്കാൻ ഈ ഗോൾ മതി! പിന്നാലെ ബാർസ താരം ലമീൻ യമാലിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് വിരൽത്തുമ്പു കൊണ്ടു തട്ടികയറ്റി ഇന്റർ ഗോൾകീപ്പർ യാൻ സോമർ ഈ വിജയം ഇറ്റലിക്കാർക്ക് ആവകാശപ്പെട്ടതാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

English Summary:

Inter Milan stuns FC Barcelona with a thrilling 4-3 extra-time triumph successful the Champions League semi-final. Acerbi and Frattesi's precocious goals secured a historical triumph for Inter, making it to the final.

Read Entire Article